ഫാഷന്‍ എന്ന ആശയത്തെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഒരു സാമ്രാജ്യമാക്കി മാറ്റിയ വ്യക്തിയാണ് ഇറ്റാലിയന്‍ ഡിസൈനര്‍ ജോര്‍ജിയോ അര്‍മാനി. 91-ാം വയസില്‍ അദ്ദേഹം വിട പറയുമ്പോള്‍ 1970-കളില്‍ ഇറ്റാലിയന്‍ റെഡി-ടു-വെയര്‍ ശൈലിയെ അന്താരാഷ്ട്ര ഫാഷന്‍ ഭൂപടത്തിലെത്തിച്ച വ്യക്തി കൂടിയാണ് ഇല്ലാതാകുന്നത്. അര നൂറ്റാണ്ടോളം കാലം അര്‍മാനി ഫാഷന്‍ ഹൗസിനെ മുന്നോട്ടുനയിച്ച അദ്ദേഹം ഫാഷനില്‍ ഒരു അയഞ്ഞ, കംഫര്‍ട്ടബ്‌ളായ ശൈലിയിലൂടെ 'റിലാക്‌സ്ഡ്' ഔട്ട്ഫിറ്റുകളാണ് ഡിസൈന്‍ ചെയ്‌തെടുത്തത്. 

To advertise here,

ഹോളിവുഡിലേയും ബോളിവുഡിലേയും താരങ്ങളെ മുതല്‍ സൂപ്പര്‍ മോഡലുകളെ വരെ തന്റെ ക്ലാസിക് ശൈലിയുള്ള ഔട്ട്ഫിറ്റുകള്‍ അദ്ദേഹം അണിയിച്ചു. വളരെ മൃദുവായ തുണിയില്‍ ഡിസൈന്‍ ചെയ്‌തെടുത്ത, കടുംനിറങ്ങള്‍ ഒഴിവാക്കിയുള്ള വസ്ത്രങ്ങളായിരുന്നു അധികവും. അവാര്‍ഡ് നിശകളില്‍ തിളങ്ങുന്ന ഗൗണുകളും എക്‌സിക്യൂട്ടിവ് ലുക്ക് നല്‍കുന്ന ഔട്ട്ഫിറ്റുകളും ഒരുപോലെ അദ്ദേഹം ഡിസൈന്‍ ചെയ്‌തെടുത്തു. 

10 ബില്ല്യണ്‍ ഡോളര്‍ (ഏകദേശം 88000 കോടി) വിലമതിക്കുന്ന സാമ്രാജ്യം ഇക്കാലയളവില്‍ അദ്ദേഹം കെട്ടിപ്പടുത്തിരുന്നു. ഫോര്‍ബ്‌സ് മാസികയുടെ കണക്ക് അനുസരിച്ച് വസ്ത്രങ്ങള്‍ക്കൊപ്പം ആക്‌സസറികള്‍, ഗൃഹോപകരണങ്ങള്‍, പെര്‍ഫ്യൂമുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, പുസ്തകങ്ങള്‍, പൂക്കള്‍, ചോക്ലേറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഈ സാമ്രാജ്യം അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും വലിയ 200 കോടീശ്വരന്മാരില്‍ ഒരാളാക്കി മാറ്റി. ഇതിന് പുറമെ ബാറുകള്‍, റസ്റ്ററന്റുകള്‍, ഒളിമ്പിയ മിലാനോ എന്നറിയപ്പെടുന്ന ബാസ്‌ക്കറ്റ്‌ബോള്‍ ടീം എന്നിവയും അദ്ദേഹത്തിന് സ്വന്തമായിരുന്നു. 1998-ല്‍ മിലാന്‍ മുതല്‍ ടോക്കിയോ വരെ 20-ല്‍ അധികം റെസ്റ്റോറന്റുകളും, 2009-ല്‍ ദുബായിലും 2010-ല്‍ മിലാനിലുമായി രണ്ട് ഹോട്ടലുകളും അര്‍മാനി തുറന്നു.

1934 ജൂലൈ 11-ന് പിയാസെന്‍സ എന്ന സ്ഥലത്ത് ജനിച്ച അര്‍മാനിയുടെ സ്വപ്‌നം ഡോക്ടറാകുക എന്നതായിരുന്നു. എന്നാല്‍ മിലാനിലെ ഒരു ഡിപാര്‍ട്‌മെന്റ് സ്റ്റോറില്‍ വിന്‍ഡോ ഡെക്കറേറ്ററായി ലഭിച്ച പാര്‍ട്ട്‌ടൈം ജോലി സ്വപ്നത്തെ വഴിതിരിച്ചുവിട്ടു. 1970-കളുടെ അവസാനത്തില്‍ പുറത്തിറങ്ങിയ ലൈനിങ്് ഇല്ലാത്ത സ്‌പോര്‍ട്‌സ് ജാക്കറ്റെന്ന പരീക്ഷണം വിജയിച്ചു. ഹോളിവുഡ് മുതല്‍ വാള്‍സ്ട്രീറ്റ് വരെ ഇത് ചര്‍ച്ചയായി. 'ഫാഷന്‍ അക്ഷരമാലയിലെ ആദ്യാക്ഷരവും അന്ത്യക്ഷരവും' എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഒരു സാധാരണ ടി-ഷര്‍ട്ടിനൊപ്പമാണ് ഈ ജാക്കറ്റ് അദ്ദേഹം അവതരിപ്പിച്ചത്.

1975-ല്‍, അര്‍മാനിയും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളി സെര്‍ജിയോ ഗലിയോട്ടിയും തങ്ങളുടെ ഫോക്‌സ്വാഗണ്‍ കാര്‍ 10,000 ഡോളറിന് വിറ്റ് സ്വന്തമായി പുരുഷന്മാരുടെ റെഡി-ടു-വെയര്‍ ലേബല്‍ ആരംഭിച്ചു. ഒരു വര്‍ഷത്തിനുശേഷം സ്ത്രീകളുടെ വസ്ത്രങ്ങളും പുറത്തിറക്കി. അര്‍മാനി സ്യൂട്ട് താമസിയാതെ സമ്പന്നനായ പുരുഷന്റെ അലമാരയിലെ ഒരു അത്യാവശ്യ ഘടകമായി മാറി. സ്ത്രീകള്‍ക്കായി, എക്‌സിക്യൂട്ടീവ് വര്‍ക്ക്റൂമില്‍ പാന്റ്‌സ്യൂട്ടിന്റെ അവതരണം ഏറെക്കുറെ വിപ്ലവകരമായിരുന്നു. ഷോള്‍ഡര്‍ പാഡുകളുള്ള ജാക്കറ്റും പുരുഷന്മാരുടേതിന് സമാനമായി തുന്നിയ ട്രൗസറുകളുമുള്ള ഈ വസ്ത്രം 'പവര്‍ സ്യൂട്ട്' എന്ന് അറിയപ്പെട്ടു. 

വര്‍ഷങ്ങള്‍ക്കുശേഷം, അര്‍മാനി തന്റെ പ്രിയപ്പെട്ട നിറങ്ങളായ ബീജ്, ഗ്രേ എന്നിവയോടൊപ്പം സൂക്ഷ്മമായ അലങ്കാരപ്പണികള്‍, ആഡംബര തുണിത്തരങ്ങള്‍, കൂടുതല്‍ തിളക്കമുള്ള ഷേഡുകള്‍ എന്നിവ ഉപയോഗിച്ച് പുതിയ പരീക്ഷണങ്ങള്‍ നടത്തി. 1980-ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ 'അമേരിക്കന്‍ ഗിഗോളോ' അര്‍മാനിയുടെയും നടന്‍ റിച്ചാര്‍ഡ് ഗിയറിന്റെയും ഹോളിവുഡ് ജീവിതത്തിന് തുടക്കം കുറിച്ചു. അര്‍മാനി വസ്ത്രങ്ങള്‍ ധരിച്ച ഗിയര്‍ അമേരിക്കയുടെ പുതിയ ആരാധനാപാത്രമായി മാറി.

2009-ലെ മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഷോണ്‍ പെന്‍, ബ്ലാക്ക്-ഓണ്‍-ബ്ലാക്ക് അര്‍മാനി വസ്ത്രത്തിലാണ് വേദിയിലെത്തിയത്. മികച്ച നടിക്കുള്ള നോമിനേഷന്‍ ലഭിച്ച ആന്‍ ഹാത്ത്വേ, അര്‍മാനിയുടെ ഏറ്റവും പുതിയ പ്രിവേ ശേഖരത്തില്‍ നിന്നുള്ള വെളുത്ത സ്ട്രാപ്പ്ലെസ്സ് ഈവനിംഗ് ഗൗണ്‍ അണിഞ്ഞാണ് റെഡ് കാര്‍പെറ്റില്‍ എത്തിയത്.

ജോഡി ഫോസ്റ്റര്‍, ജോര്‍ജ്ജ് ക്ലൂണി, സോഫിയ ലോറന്‍, ബ്രാഡ് പിറ്റ് എന്നിവരും അദ്ദേഹത്തിന്റെ ദീര്‍ഘകാല ആരാധകരില്‍ ഉള്‍പ്പെടുന്നു. ഡേവിഡ് ബെക്കാമും വിക്ടോറിയ ബെക്കാമും അദ്ദേഹത്തിന്റെ 2009-ലെ ഉള്‍വസ്ത്ര പരസ്യ പ്രചാരണത്തിന്റെ മുഖങ്ങളായിരുന്നു.

2023-ല്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം, അര്‍മാനിക്ക് കീഴില്‍ 9,000-ത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ എക്‌സിക്യൂട്ടീവ് തലത്തില്‍ പകുതിയോളം സ്ത്രീകളാണ്. കൂടാതെ, ഏഴ് വ്യാവസായിക കേന്ദ്രങ്ങളും ലോകമെമ്പാടുമായി 600-ലധികം സ്റ്റോറുകളുമുണ്ട്. വസ്ത്രങ്ങള്‍ക്കും ആക്‌സസറികള്‍ക്കും പുറമെ, കമ്പനി പെര്‍ഫ്യൂമുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ നിര്‍മിക്കുന്നു. കൂടാതെ സ്വന്തമായി മിഠായികള്‍, പൂക്കള്‍, പുസ്തകങ്ങള്‍ എന്നിവയും വില്‍ക്കുന്നു. 

മിലാന് സമീപമുള്ള ബ്രോണിയിലെ ഗ്രാമപ്രദേശങ്ങളിലും സിസിലിക്കടുത്തുള്ള ദ്വീപിലും ഫ്രഞ്ച് റിവിയേരയിലെ സെന്റ് ട്രോപ്പെസിലുമുള്ള വസതികളിലായിരുന്നു അദ്ദേഹം ഒഴിവുസമയങ്ങള്‍ ചെലവഴിച്ചിരുന്നത്. ഓരോ വീടിനും അര്‍മാനി ഡിസൈനിന്റെ കയ്യൊപ്പുമുണ്ടായിരുന്നു. 

അര്‍മാനിയുടെ ബിസിനസ് പങ്കാളി സെര്‍ജിയോ ഗലിയോട്ടി 1985-ലാണ് അന്തരിച്ചത്.  പിന്നീട്‌ സഹോദരന്റെ മകളായ റോബര്‍ട്ടുമായി അര്‍മാനി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. പൊതുപരിപാടികളില്‍ അധികം പങ്കെടുക്കാതിരുന്ന അര്‍മാനിയെ പലപ്പോഴും പ്രതിനിധീകരിച്ചിരുന്നത് റോബര്‍ട്ടയായിരുന്നു.  'ജോര്‍ജിയോ കിങ്' എന്ന ഫാഷന്‍ ലോകം വിളിക്കുന്ന അര്‍മാനി വിട പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഈ സാമ്രാജ്യം ആരായിരിക്കും ഇനി മുന്നോട്ടുനയിക്കുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.  16-ാം വയസ് മുതല്‍ അര്‍മാനി ഗ്രൂപ്പിനൊപ്പമുള്ള റോബര്‍ട്ടയാകുമോ ഇനി അധികാരസ്ഥാനത്തേക്ക് എത്തുക?