കുടുംബജീവിതത്തിൽ ഭർത്താവ് ഭാര്യയോട് ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമെന്താണെന്ന് വ്യക്തമാക്കുകയാണ് പ്രശസ്ത റിലേഷൻഷിപ്പ് കോച്ചായ ചേത്‌ന ചക്രവർത്തി. ഭാര്യയും അമ്മായിയമ്മയുമടങ്ങുന്ന കുടുംബാംഗങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളോ തർക്കങ്ങളോ ഉണ്ടാകുമ്പോൾ ആരാണ് വിട്ടുവീഴ്ച ചെയ്യേണ്ടത്? ഇങ്ങനെയൊരു അനുയോജ്യമല്ലാത്ത സാഹചര്യം വരുമ്പോൾ, പക്വതയുള്ള ഒരു ഭർത്താവ് തന്റെ ഭാര്യയോട് യാതൊരു കാരണവശാലും പറയാൻ പാടില്ലാത്ത ആ പ്രധാന കാര്യത്തെക്കുറിച്ചാണ് ചേത്‌ന പറയുന്നത്. 15 വർഷത്തെ പ്രവൃത്തിപരിചയമുള്ള ചേത്‌ന ചക്രവർത്തി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നല്ല വ്യക്തിത്വവും മൂല്യങ്ങളുമുള്ള ഒരു പുരുഷന്റെ ലക്ഷണം പങ്കുവെച്ചത്.

To advertise here,

ഇന്ത്യൻ കുടുംബങ്ങളിൽ മാതാപിതാക്കളോടുള്ള കടമകളും വിവാഹജീവിതത്തിലെ ഉത്തരവാദിത്വങ്ങളും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നത് സാധാരണമാണ്. എന്നാൽ, ഇത്തരത്തിലുള്ള തർക്കങ്ങൾ വരുമ്പോൾ ഭർത്താവ് എടുക്കുന്ന നിലപാടാണ് ആ ബന്ധത്തിന്റെ ഭാവി നിർണയിക്കുന്നത്. എന്റെ മാതാപിതാക്കളാണ് എനിക്ക് ഏറ്റവും വലിയ മുൻഗണന അതുകൊണ്ട് നീ വിട്ടുവീഴ്ചകൾ ചെയ്യുകയല്ലാതെ വേറെ വഴിയില്ല. ഈ കാര്യം നല്ല വ്യക്തിത്വവും മൂല്യങ്ങളുമുള്ള ഭർത്താവ് തന്റെ ഭാര്യയോട് ഒരിക്കലും പറയാത്ത ഒരു വാചകമാണിത്. തന്റെ ജീവിതത്തിൽ ഭാര്യ രണ്ടാം സ്ഥാനക്കാരിയാണെന്നോ, എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ സ്വയം വിട്ടുവീഴ്ച ചെയ്യാൻ അവൾ നിർബന്ധിതയാണെന്നോ പക്വതയുള്ള ഒരു ഭർത്താവ് ഒരിക്കലും അവളെ തോന്നിപ്പിക്കില്ലെന്ന് ചേത്‌ന വ്യക്തമാക്കുന്നു.

കുടുംബത്തിലെ തർക്കങ്ങൾ ഒരു ഭർത്താവ് എങ്ങനെ കൈകാര്യം ചെയ്യണം?

കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ സ്വന്തം മാതാപിതാക്കളോട് സംസാരിക്കാൻ ഭയന്ന് ഭാര്യയോട് മാത്രം വിട്ടുവീഴ്ച ചെയ്യാൻ ആവശ്യപ്പെടുന്നത് ശരിയായ രീതിയല്ല. പകരം ഭാര്യയും മാതാപിതാക്കളും തമ്മിൽ ചേർച്ചയിലല്ലെങ്കിൽ, പക്വതയുള്ള ഒരു ഭർത്താവ് തന്റെ മാതാപിതാക്കളെ ഇരുത്തി കാര്യങ്ങൾ തുറന്നു സംസാരിക്കണം. ഭാര്യയോടും മാതാപിതാക്കളോടും ഒരുപോലെ നീതിയുക്തമായ ചർച്ചകൾ നടത്തണം. അല്ലാതെ കണ്ണടച്ച് ആരുടെയും പക്ഷം പിടിക്കരുത്. ഒരു സാഹചര്യത്തിലും ഭാര്യയെ മാറ്റിനിർത്താനോ, എല്ലാത്തിനും അവൾ മാത്രം വഴങ്ങണമെന്ന് നിർബന്ധിക്കാനോ പാടില്ല. മാതാപിതാക്കളോടുള്ള ബഹുമാനം എന്നാൽ ഭാര്യയെ അവഗണിക്കലല്ല

സ്വന്തം മാതാപിതാക്കളെ ബഹുമാനിക്കുന്നതും സ്‌നേഹിക്കുന്നതും നല്ല കാര്യം തന്നെയാണ്. എന്നാൽ അതിന്റെ അർത്ഥം മാതാപിതാക്കൾ പറയുന്നത് ചോദ്യം ചെയ്യാൻ പാടില്ലാത്ത അവസാനവാക്യമാണെന്ന് കരുതുകയോ, അവരുടെ ഇഷ്ടങ്ങൾക്കായി ഭാര്യയുടെ വികാരങ്ങളെയും ആത്മാഭിമാനത്തെയും നിരന്തരം ബലികൊടുക്കുകയോ ചെയ്യണമെന്നല്ല. സ്‌നേഹവും പരസ്പര ബഹുമാനവുമുള്ള ഒരു ദാമ്പത്യബന്ധത്തിൽ, ഭാര്യയ്ക്ക് അർഹമായ സ്ഥാനവും സുരക്ഷിതത്വവും നൽകാൻ ഭർത്താവിന് സാധിക്കണം. നല്ല മൂല്യങ്ങളുള്ള ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ സ്‌നേഹിക്കുന്നതിനൊപ്പം തന്നെ ഭാര്യയുടെ ആത്മാഭിമാനത്തെയും സംരക്ഷിക്കും. കുടുംബത്തിൽ തർക്കങ്ങൾ വരുമ്പോൾ മാതാപിതാക്കളെയും ഭാര്യയെയും ഒരുപോലെ കേൾക്കാനും, പരസ്പര ബഹുമാനത്തോടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും സാധിക്കുന്നവനാണ് യഥാർത്ഥത്തിൽ പക്വതയുള്ള ഒരു ഭർത്താവെന്നും അവർ പറയുന്നു.