
എന്തുകൊണ്ട് എനിക്കിങ്ങനെ വന്നു? എന്തുകൊണ്ട് ഞാന്‍ അനഭിമതയാകുന്നു? എന്തിന് ആള്‍ക്കൂട്ടം എന്നെ ഭയപ്പെടുന്നു? എന്തിന് ആ വ്യക്തി എന്നോടിങ്ങനെ ചെയ്യുന്നു? എന്നിങ്ങനെ ഒരുപാടൊരുപാട് ചോദ്യങ്ങള്‍ ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി ഓരോ സ്ത്രീയും സ്വയം ചോദിക്കാറുണ്ട്. പ്രണയത്തിലും ലൈംഗികതയിലും പൊതുവിടപെടലുകളിലും ഏല്ക്കേണ്ടിവരുന്ന അധിക പ്രഹരമാണ് സ്ത്രീയില്‍ ഈ ചോദ്യക്കൂട്ടങ്ങളെ ജനിപ്പിക്കുന്നത്. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. ആണ്-പെണ് ബന്ധങ്ങളും ലൈംഗികതയും മുന്‍നിര്‍ത്തി സ്ത്രീകള്‍ പങ്കുവെച്ച പത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് ഗൃഹലക്ഷ്മി. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍പെട്ട പത്ത്പേര് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ഒപ്പമെത്തുന്നു.
അരുത് എന്ന് പറയുമ്പോഴൊക്കെയും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് എന്തുകൊണ്ട്?
ആര്. രാജശ്രീ
എഴുത്തുകാരി
സ്വന്തം ജീവിതത്തെക്കുറിച്ച് ധാരണയുള്ള സ്ത്രീകളുടെ എതിര്‍പ്പ്, ഉപേക്ഷ എന്നിവയോട് അങ്ങേയറ്റം അസഹിഷ്ണുക്കളായി മാറുന്ന ആണ് സമൂഹം നമുക്ക് ചുറ്റിലുമുണ്ട്. തീരുമാനങ്ങളെടുക്കുന്നതില്‍ നിന്നും സാമൂഹിക ജീവിതം നയിക്കുന്നതില്‍ നിന്നും സൗമ്യാധികാരം ഉപയോഗിച്ച് സ്ത്രീയെ പിന്തിരിപ്പിക്കാന് ആണ് കോയ്മയ്ക്ക് സാധിക്കും. സ്വാഭിപ്രായങ്ങളുള്ള സ്ത്രീകള്‍ കൊള്ളരുതാത്തവരാണെന്നും ശിക്ഷാര്‍ഹരാണെന്നുമുള്ള തീര്‍പ്പുകള്‍ ഏകപക്ഷീയമായി എടുക്കപ്പെടാനുള്ള കാരണം ഇതാണ്. ദാമ്പത്യം, കുടുംബം എന്നിവയ്ക്കകത്ത് തുല്യതയുടെ തുറസ് ഉണ്ടാവണമെന്ന് പറയേണ്ടി വരുന്നത് അതുകൊണ്ടാണ്. ഇക്കാര്യങ്ങളില്‍ സ്ത്രീകള്‍ പഴയ കാലത്തെ അപേക്ഷിച്ച് കൂടുതലായി ബോധവതികളാണ്. അവര്‍ക്ക് സ്വന്തമായ തീരുമാനങ്ങളുണ്ട്.
സ്വാഭാവികമായും ഇത് കാലാതിവര്‍ത്തിയായ ആണധികാരത്തെ പ്രകോപിപ്പിക്കും. ഇക്കാര്യത്തില്‍ ഇനി പിന്തിരിഞ്ഞുള്ള വഴികളൊന്നുമില്ലെന്ന തോന്നല്‍ ശക്തമാകുമ്പോഴാണ് ആണ്‍കോയ്മ സംഭ്രാന്തിയിലാവുന്നതും എന്തുമാര്‍ഗ്ഗം ഉപയോഗിച്ചും സ്ത്രീയെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതും. ആരോഗ്യകരമായ ഒരു ബന്ധം സ്ത്രീയുമായി വളര്‍ത്തിയെടുക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവിലാണ് അടിച്ചമര്‍ത്തലിന്റെ ഭാഷ പുറത്തെടുക്കുന്നത്. ബലാല്ക്കാരവും കൊലയും അപവാദ പ്രചരണവുമൊക്കെ അതിന്റെ ഭാഗമാണ്.
ചുരുക്കത്തില്‍ അവള് നോ എന്നു പറയുന്നത് അവന്റെ അഭിമാനപ്രശ്നമാണ് എന്ന് അര്‍ഥം. വിവേചന ശേഷിയുള്ള ഒരു ജീവിവര്‍ഗത്തെയും എക്കാലവും കാല്ച്ചുവട്ടില് നിര്‍ത്താനാവില്ല എന്നും പുരുഷന് സ്ത്രീയുടെ രക്ഷകനോ ശിക്ഷകനോ ആയല്ല സഹജീവിയായാണ് ഈ ലോകത്ത് പുലരേണ്ടതെന്നും പുതിയ തലമുറയെയെങ്കിലും പഠിപ്പിച്ചാല്‍ സ്ത്രീയില്‍ നിന്നു കേള്‍ക്കുന്ന ചഛ ആരോഗ്യകരമായി ഉള്‍ക്കൊള്ളാന്‍ ഭാവിയില്‍ പുരുഷന്മാര്ക്ക് കഴിഞ്ഞേക്കും.
രാത്രി അല്പം വൈകി വീടിനു പുറത്തും സോഷ്യല്‍ മീഡിയയിലും സ്ത്രീകളെ കാണുമ്പോള്‍ പലവഴികളിലൂടെ അസ്വസ്ഥതകള്‍ ഉയരുന്നത് എന്തുകൊണ്ടാകാം?
ബോബി അലോഷ്യസ്
കായികതാരം
ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങളാണ് അവരവരുടെ ചിന്തയെ നിര്‍ണയിക്കുന്നത്. സ്ത്രീകള്‍ വീട്ടുജോലികളും മറ്റുത്തരവാദിത്തങ്ങളും ചെയ്ത് വീടകങ്ങളില്‍ ഒതുങ്ങിക്കഴിയൂ എന്ന് പരോക്ഷമായി ആഹ്വാനം ചെയ്യുന്നവരും നമുക്കിടയിലുണ്ട്. പൊതുവിടങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും രാത്രി വൈകി സ്ത്രീകളെ കണ്ടാല്‍ അസ്വസ്ഥരാകുന്നവര്‍ ഈ വിഭാഗത്തില്‍പ്പെടുന്നവരാണ്. ഇങ്ങനെയുള്ള സ്ത്രീകളോട് എന്തുമാകാം എന്ന തോന്നലിന്റെ ഉടമകളാണ് ഇവര്‍. രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീയോട് കൂടെ വരുന്നോ എന്ന് അശ്ലീല അര്‍ഥത്തില്‍ ചോദിക്കാന്‍ മടിക്കാത്തവര്‍.
ഏതു പൊതുവിടവും സ്ത്രീകളുടേതുകൂടിയാണ്. തുല്യതയിലേക്ക് സ്ത്രീകള്‍ നടന്നടുക്കുമ്പോള്‍ മനസ് മുറിപ്പെടുന്നവര്‍ വിലക്കുകളുടെ ചങ്ങലകളുമായി പിന്നാലേകൂടും. അത്തരക്കാരോട് എന്ത് പറയാന്‍. പൊതുസ്ഥലങ്ങളിലേക്കാള് മാരകമായ മാനസിക അക്രമണമാണ് പലപ്പോഴും ഓണ്‍ലൈനില്‍ കാണുന്നത്. മുഖംമൂടിയണിഞ്ഞ് ആക്രോശിക്കാനുള്ള സ്വാതന്ത്ര്യം ഈ മേച്ചില്പുറങ്ങള് അനുവദിച്ചു നല്കുന്നതാകാം ഇതിന് കാരണം.
ബന്ധത്തില്‍ നിന്നുള്ള പിന്മാറ്റം വഞ്ചന ആകുന്നതെങ്ങനെ...പിന്മാറിയ സ്ത്രീയെ 'തേപ്പുകാരി' എന്ന് പേരിട്ട് ആക്ഷേപിക്കുന്നതിലെ മുന്‍വിധി ഭയപ്പെടേണ്ടതല്ലേ?
എസ്. ശാരദക്കുട്ടി
എഴുത്തുകാരി
സ്വാതന്ത്ര്യബോധവും സ്വാശ്രയശീലവും സ്വാഭിമാനവും നേടിയ പെണ്‍കുട്ടികള്‍ പഴയകാല കാമുകിമാരുടെ വിധേയത്വശീലം പ്രകടിപ്പിച്ചില്ല എന്നിരിക്കും. അവര്‍ തങ്ങളുടെ ഭാവി കരുപ്പിടിപ്പിക്കുന്ന തിരക്കിലാണ്. ആണ്‍കുട്ടികളുമായി അവര്‍ക്ക് സംസാരിക്കാനുള്ളത് പ്രണയത്തെ കുറിച്ച് മാത്രമായിരിക്കില്ല. സ്വാഭാവികമായി പ്രണയവും രതിയും ഒക്കെ അവരുടെ വിഷയങ്ങളില്‍ പെടുന്നുമുണ്ടാകാം.ബന്ധങ്ങള്‍ തങ്ങളെ കെട്ടിവരിയുന്ന ഒന്നാക്കാന്‍ ബുദ്ധിയും വകതിരിവും ഉള്ള പെണ്‍കുട്ടികള്‍ ഇന്ന് അനുവദിക്കില്ല. അവര്‍ക്ക് കിട്ടിയ സ്വാതന്ത്ര്യപാഠങ്ങള്‍ അത്തരത്തിലുള്ളവയാണ്. അസ്വാതന്ത്ര്യം അനുഭവപ്പെട്ടാല്‍ ഇന്നത്തെ പെണ്‍കുട്ടി നോ എന്ന് പറഞ്ഞെന്നിരിക്കും. പ്രണയത്തിലെ ഈ വിട്ടുപോക്കിനെ ചതി എന്നോ തേപ്പ് എന്നോ വൃത്തികെട്ട വാക്കുകളുപയോഗിച്ചു വിശേഷിപ്പിക്കുന്നത് അശ്ലീലമാണ്. നമ്മുടെ കുട്ടികള്‍ പ്രണയം മടുക്കുമ്പോള്‍ ആരോഗ്യകരമായി കൈ കൊടുത്തു പിരിയട്ടെ. എന്നിട്ട് പ്രണയത്തില്‍ നിന്ന് പ്രണയത്തിലേക്ക് ചിറകു നീര്‍ത്തി ഉയരട്ടെ. ഓരോ പ്രണയത്തിനൊടുവിലും വാശിയും പകയുമായി അവര്‍ ചങ്ക് തകര്‍ന്നു നില്‍ക്കരുത്. വായുവും ജലവും പോലെ, സാന്ദ്രത കൂടിയ ഇടങ്ങളുപേക്ഷിച്ച് സാന്ദ്രത കുറഞ്ഞ ഇടങ്ങളിലേക്ക് സ്വയം പ്രവഹിക്കുന്ന പ്രണയത്തെ കുറിച്ച് വേണം മുതിര്‍ന്നവര്‍ അവരോടു സംസാരിക്കുവാന്‍.. വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്ന ബന്ധങ്ങളില്‍ നിന്ന് സ്വാഭാവികമായി അവര്‍ മോചിതരാകട്ടെ.
നിരവധി സ്ത്രീകളുമായി സെക്സിലേര്‍പ്പെട്ടു എന്നു പറയുന്ന പുരുഷന് ഹീറോയും ഒന്നിലധികം പുരുഷന്മാരുമായി ബന്ധമുണ്ടായിട്ടുള്ള സ്ത്രീ മോശക്കാരിയും ആകുന്നതെങ്ങനെ?
ജോയ് മാത്യു
അഭിനേതാവ്
ചാരിത്ര്യം എന്നൊരു വിചിത്ര സങ്കല്പത്തിന്റെ ചുവടുപിടിച്ചാണ് സ്ത്രീകളുടെ ലൈംഗികാവേശങ്ങള്ക്ക് ആണുങ്ങള് തടയിടുന്നത്. പുരുഷന് അവന്റെ ലൈംഗിക വീരത്വം വിളമ്പുന്നതില്‍ അശേഷം മടിക്കാനില്ലെന്നും അതില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്നുമുള്ള മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കുന്നതില്‍ നമ്മുടെ തലതിരിഞ്ഞ സാംസ്കാരിക രാഷ്ട്രീയ മൂല്യബോധം കുറച്ചൊന്നുമല്ല അവനെ സഹായിച്ചിട്ടുള്ളത്. ആണധികാര കേന്ദ്രീകൃതമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയുടെ ദാരുണതകളില്‍ ഒന്നു മാത്രമാണിത്. താത്രിക്കുട്ടിമാര്‍ ഉണ്ടാവുകയും അവര്‍ തങ്ങളൊടൊപ്പം ശയിച്ച പുരുഷന്മാരുടെ ശേഷിയില്ലായ്മകളെപ്പറ്റി പുറംലോകത്തോട് പറയുകയും ചെയ്താല്‍ മാത്രമേ ആണുങ്ങളുടെ ഹീറോയിസം തകര്‍ക്കാനാവൂ...
'തരുമോ' 'കൊടുക്കുമോ' എന്നിങ്ങനെ കച്ചവടപരമായ വാക്കുകള്‍ കൊണ്ടാണ് ലൈംഗികതയെപ്പറ്റി പലപ്പോഴും പുരുഷന്മാര് സംവദിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ?
സുഭാഷ് ചന്ദ്രന്
എഴുത്തുകാരന്
മലയാളഭാഷയിലെ ഏതാണ്ട് മുഴുവന്‍ ക്രിയാപദങ്ങളും ലൈംഗികവേഴ്ചയുടെ പര്യായങ്ങളായി കേരളത്തിലെ ആണുങ്ങള് ഉപയോഗിക്കുന്നുണ്ട് എന്നത് പഠിക്കപ്പെടേണ്ട വിഷയമാണ്. തരുക, കൊടുക്കുക എന്നിങ്ങനെ ഒട്ടേറെ ക്രിയാപദങ്ങള്‍ അശ്ലീലാര്‍ഥത്തില്‍ രൂപാന്തരപ്പെട്ടതിനു കാരണം എന്താകാം? മലയാളി പുരുഷന് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ക്രിയയായി സര്‍വദാ സെക്സിനെ മാത്രം പരിഗണിക്കുന്നതുകൊണ്ടാകുമോ? പെറുക എന്ന ക്രിയ കൂട്ടത്തിലൊരു അപവാദമാണ്. അത് സ്ത്രീയ്ക്ക് മാത്രം നിര്‍വഹിക്കാന്‍ കഴിയുന്ന ഒരു ക്രിയ ആകയാലാകാം, പുരുഷന് തന്റെ അശ്ലീലശബ്ദതാരാവലിയില്നിന്ന് അതൊഴിവാക്കിയിട്ടുണ്ട്. സങ്കടമതല്ല, സ്ത്രീകളോടോ അവനവനോടു തന്നെയോ ആദരവില്ലാത്ത ആണുങ്ങള് സൃഷ്ടിച്ചുപയോഗിച്ച് രസിച്ച ഈ പദാവലികള്‍ ഇപ്പോള്‍ സ്ത്രീകളും നിര്‍ബാധമായി ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ്. അതെന്താ, അല്ലിക്ക് ആഭരണമെടുക്കാന്‍ പോയാല്‍ എന്ന മട്ടില്‍ ഭൂതാവിഷ്ടയായി, 'അതെന്താ ആണുങ്ങള് ഉപയോഗിക്കുന്ന വാക്കുകള്‍ ഞങ്ങള്ക്കുമുപയോഗിച്ചാല്' എന്നു ചോദിക്കുന്ന കൂട്ടരുമുണ്ടായേക്കാം. അവരോട് ഒരു വാക്ക്: എല്ലാ സ്ത്രീകളും ഒരുപോലെ അല്ലാത്തതുപോലെ എല്ലാ പുരുഷന്മാരും ഒരുപോലെയല്ല. ആത്മാദരം അഥവാ സെല്‍ഫ് റെസ്പെക്ട് ഉള്ള, സ്ത്രീകളെ എന്നതു പോലെ വാക്കുകളേയും ആദരവോടെ ഉപയോഗിക്കാനറിയാവുന്ന ആണുങ്ങള് ഭാഗ്യവശാല്‍ ഇന്നും കേരളത്തിലുണ്ട്- വിരലിലെണ്ണാവുന്നവരേ ഉള്ളൂ എങ്കിലും അവര്‍ ഉണ്ട്, ഉറപ്പ്!
അതിക്രമങ്ങള്‍ തുറന്നു പറയുന്ന സ്ത്രീകളെ 'അവള് അങ്ങനെ പോയിട്ടല്ലേ' എന്ന് കുറ്റപ്പെടുത്തുന്ന അവസ്ഥ ഉണ്ടല്ലോ
ഷിബ്ല
അഭിനേത്രി
പ്രതികരിക്കാന്‍ തയ്യാറാവുന്ന സ്ത്രീയെ നിശ്ശബ്ദയാക്കുക എന്ന ഉദ്ദേശമേ സമൂഹം ഉന്നയിക്കുന്ന ഈ എതിര് ചോദ്യങ്ങളില്‍ കാണാന്‍ കഴിയുന്നുള്ളൂ. അസമയത്ത് പുറത്തിറങ്ങിയിട്ടല്ലേ, അങ്ങനെയുള്ള വസ്ത്രം ധരിച്ചിട്ടല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളിലൂടെ തെറ്റ് സ്ത്രീയുടെ കുത്തകയാണെന്ന തോന്നല്‍ ഉണ്ടാക്കുന്ന പൊതു സമൂഹം. പൊതുവിടങ്ങളില്‍ സജീവമായി ഇടപെടുന്ന സ്ത്രീകളാണ് പലപ്പോഴും ഈ മുന്‍വിധിക്ക് ഇരയാകാറുള്ളത്. കുടുംബങ്ങളിലും നിലനില്‍ക്കുന്നത് ഇതേ അവസ്ഥയാണെന്നതാണ് പരിതാപകരമായ കാര്യം. അടക്കവും ഒതുക്കവും പെണ്ണിന്റെ വ്യക്തിത്വത്തിന്റെ അവശ്യ ഘടകങ്ങളാണെന്ന തോന്നല്‍ തലമുറകളായി കൈമാറി വരുന്നു. എതിര്‍ത്തും ചെറുത്തും മാത്രമേ മാറ്റങ്ങള്‍ സാദ്ധ്യമാക്കാനാകൂ. അതുകൊണ്ട് മുന്‍വിധികളെ കണക്കിലെടുക്കാതെ മറുചോദ്യങ്ങള്‍ക്ക് ചെവി കൊടുക്കാതെ നമ്മുടെ ജീവിതം നമ്മള് ജീവിക്കുകതന്നെ വേണം.
പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളില്‍ പിന്നീട് സ്ത്രീക്ക് മനംമാറ്റം ഉണ്ടായിക്കൂടാ എന്ന സമൂഹത്തിന്റെ നിലപാട് അശ്ലീലമല്ലേ?
ഉമാ പ്രേമന്
സാമൂഹ്യ പ്രവര്‍ത്തക
ഏതു ബന്ധത്തിനും, അത് മാനസികമോ ശാരീരികമോ ആകട്ടെ, എപ്പോള്‍ ഫുള്സ്റ്റോപ് ഇടണം എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീയുടേതുകൂടിയാണ്. അതില്‍ സമൂഹത്തിന് റോളില്ല. അതിക്രമങ്ങളെ അതിക്രമങ്ങളായിത്തന്നെ കാണുക. പരസ്പര സമ്മതത്തോടെ ഒരിക്കല്‍ ബന്ധം തുടര്‍ന്നു എന്നത് എക്കാലത്തേക്കും അതില്‍ കടിച്ചുതൂങ്ങിക്കിടക്കാനുള്ള കാരണമായി കാണരുത്. 'ഒരിക്കല്‍ അങ്ങനെ ആയിരുന്നില്ലേ പിന്നെ ഇപ്പോഴെന്താ മനംമാറ്റം' എന്നുള്ള ചോദ്യം രൂപം മാറിയെത്തുന്ന അതിക്രമം തന്നെയാണ്. ബന്ധങ്ങള്‍ വ്യക്തിയുടെ സ്വകാര്യതയുടെ പരിധിയില്‍ നിലനില്ക്കട്ടെ. വേണ്ട എന്ന് ഒരു സ്ത്രീ ഉറപ്പിച്ചാല്‍ അത് അവളുടെ തീരുമാനമായി കണ്ട് ആ തീരുമാനത്തെ മാനിക്കാന്‍ സമൂഹം പരിശീലിക്കണം.
എന്തിന് സഹിച്ചു? എന്തുകൊണ്ട് തുറന്നു പറഞ്ഞില്ല? തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിക്കാറുണ്ട് സമൂഹം. ഈ ചോദ്യങ്ങളില്‍ കഴമ്പുണ്ടോ?
ഡോ. ജി. രാഗേഷ്
ഡിപ്പാര്‍ട്മെന്റ് ഓഫ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്, ഇംഹാന്‍സ്
ഒരു വ്യക്തിയില്‍ നിന്നും ഉണ്ടാകുന്ന മോശമായ അനുഭവം അത് വലിയ ആഘാതമായും ഭയമായും ഒക്കെയാകും അനുഭവിക്കുന്ന ആളില്‍ പതിയുക. പിന്നാലെ ഭീഷണികളും വന്നുചേര്‍ന്നേക്കാം. സംഭവിച്ച കാര്യങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ പ്രിയപ്പെട്ടവരെ അപകടത്തില്‍പ്പെടുത്തും, നാണംകെടുത്തും എന്നിങ്ങനെ ഭീഷണികള്‍ പലതരം. ആ വ്യക്തി അടിച്ചേല്പിച്ച ആഘാതത്തിനു പുറമേ ഭയവും പിടിമുറുക്കും. കാര്യങ്ങള്‍ തുറന്നു പറയാതെ തുടരുന്നതിന് പ്രധാന കാരണം ഇതുതന്നെയാകും പലപ്പോഴും. ഞാനിത് തുറന്നു പറഞ്ഞാല്‍ ആളുകളെന്നെ വിശ്വസിക്കുമോ തെറ്റിദ്ധരിക്കുമോ എന്നൊക്കെയുള്ള ആശങ്കകളും മനസ്സിനെ കീഴടക്കിയേക്കാം. തുറന്നു പറഞ്ഞാലുള്ള പ്രത്യാഘാതങ്ങളും മനസ് ഓര്‍മപ്പെടുത്തും. കുടുംബത്തിലും സമൂഹത്തിലും അതുണ്ടാക്കാന്‍ പോകുന്ന ചലനങ്ങള്‍ ഓര്‍ത്ത് തനിച്ച് സഹിക്കുക എന്ന വഴി സ്വീകരിക്കും. മനസ്സിനേറ്റ ആഘാതത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ദിവസങ്ങളോ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം. അപ്പോഴാകും സംഭവിച്ച കാര്യങ്ങളെ പറ്റി തുറന്നു പറയാനാവുന്ന മനോനില കൈവരുന്നതും. അപ്പോള്‍ എന്തിനിത്ര വൈകി? സഹിക്കേണ്ട കാര്യമുണ്ടായിരുന്നോ എന്നീ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതില്‍ അര്‍ഥമില്ല.
അതിക്രമങ്ങള്‍ ഓരോ വ്യക്തിയേയും ഓരോ രീതിയിലാണ് ബാധിക്കുന്നത്. ചിലര്‍ വളരെ വേഗം പ്രതികരിക്കാനും മറികടക്കാനും കഴിയുന്നവരാണ്. ചിലരങ്ങനെയല്ല. എന്തുകൊണ്ട് വൈകി എന്ന് ചോദിക്കാതെ വൈകിയാണെങ്കിലും തുറന്നു പറയാന്‍ കഴിഞ്ഞല്ലോ എന്നാശ്വസിപ്പിച്ച് അവരെ കൂടെ നിര്‍ത്തുക. ഇങ്ങനെയൊക്കെ സംഭവിച്ചെങ്കില്‍ നിങ്ങള്‍ക്കും അതില്‍ പങ്കുണ്ടാവും എന്ന മുന്‍വിധിയും ഒഴിവാക്കണം. ഭീഷണിപ്പെടുത്തി ട്രോമയിലേക്ക് തള്ളിവിടുക എന്ന രീതിയാണ് ഇരപിടിയന്മാര് പിന്തുടരുന്നത്. അതുകൊണ്ട് സഹിച്ചു, പരാതിപ്പെട്ടില്ല എന്നതൊന്നും ഒരു തെറ്റേയല്ല. അതിക്രമത്തെ നേരിടേണ്ടി വന്ന വ്യക്തി എപ്പോള്‍ അക്കാര്യങ്ങള്‍ വെളിപ്പെടുത്തിയാലും അവരനുഭവിച്ച വേദനയ്ക്ക് പ്രാധാന്യം നല്‍കുക. മുന്‍വിധികള്‍ ഒഴിവാക്കി അവര്‍ക്കൊപ്പം നില്ക്കുക. പിന്തുണയ്ക്കുക. ഇതൊക്കെ സത്യമായിരിക്കുമോ എന്നുള്ള ചോദ്യം ആണ്‍മേല്‍ക്കോയ്മാ ബോധമുള്ള സമൂഹത്തിന്റെ ഒഴിഞ്ഞുമാറല്‍ മാത്രമാണ്. ജീവിതകാലം മുഴുനും ട്രോമയില്‍ കഴിഞ്ഞ് ലോകത്തില്‍ നിന്ന് അകലാന്‍ ഒരു വ്യക്തിയേയും അനുവദിക്കാതിരിക്കുക.
പരാതിപ്പെട്ടാലും നീതി കിട്ടില്ല എന്നുള്ള തോന്നലില്‍ കാര്യങ്ങള്‍ മറച്ചുവെക്കുന്നവരും ഉണ്ട്. കടന്നുപോയ കാലം മാനസികമായി തളര്‍ത്തിയേക്കാം. വിഷാദവും ആശങ്കകളും മനസ് കീഴടക്കിയേക്കാം. ആ അവസ്ഥയില്‍ നിന്ന് നീന്തിക്കയറാന്‍ കഴിഞ്ഞാലേ എല്ലാം തുറന്നു പറയാനുള്ള മനോനില കൈവരൂ. അതിക്രമം നിസ്സാരമായൊരു ഇടപെടലല്ല. ദുര്‍ബലമായ ചോദ്യങ്ങള്‍ കൊണ്ട് ആ തീവ്രാനുഭവങ്ങളെ നിസ്സാരവല്ക്കരിക്കാതിരിക്കുക. നേരിടേണ്ടി വന്നത് അതിക്രമം ആണെന്ന് തിരിച്ചറിയാതെ പോകുന്നവര്‍ പോലുമുണ്ട്. ഏറെനാള്‍ കഴിഞ്ഞ് ആ തിരിച്ചറിവിലേക്ക് അവര്‍ എത്തിച്ചേരുമ്പോള്‍ മുന്‍വിധികളുടെ മതില് കെട്ടാതെ അവരെ ചേര്‍ത്തു നിര്ത്തുകതന്നെവേണം.
സെക്സ് ചോദിച്ചു വാങ്ങുന്നതിലെ മര്യാദ എന്താണ്?
ചിന്താ ജെറോം
സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ
അറിയുന്നതോ അറിയാത്തതോ ആയ ഒരു സ്ത്രീയോട് സെക്സ് ചോദിക്കുന്നതും, രണ്ട് വ്യക്തികളും സെക്ഷ്വല്‍ റിലേഷന്‍ഷിപ്പിന് തയ്യാറാകുന്ന സാഹചര്യത്തില്‍ കണ്‍സെന്റ് ഉറപ്പാക്കി സെക്സ് ചെയ്യുന്നതും രണ്ടാണ്. ആദ്യത്തേതില്‍ ചോദ്യം ചോദിക്കുന്ന ആള്‍ക്ക് അതൊരു ചോദ്യം മാത്രം ആയിരിക്കും. എന്നാല്‍ ആ ചോദ്യം നേരിടേണ്ടി വരുന്ന സ്ത്രീയ്ക്ക് വലിയ ട്രോമയിലൂടെ കടന്നു പോകേണ്ടി വരും. കുറ്റബോധത്തിലേക്കും, തന്റെ ശരീര ഭാഷ, സംസാരം, പെരുമാറ്റം തുടങ്ങിയവയെ പ്രതി ആത്മവിശ്വാസം ഇല്ലായ്മയിലേക്കും പലപ്പോഴും ഈ ചോദ്യം നേരിടേണ്ടി വരുന്ന സ്ത്രീ വീണു പോകുന്നു. അറിയാത്ത സ്ത്രീയോട് സെക്സ് ചോദിക്കുന്നത് ജനാധിപത്യ അവകാശമാണ് എന്ന മട്ടില്‍ നടക്കുന്ന സംവാദങ്ങള്‍ പോലും സ്ത്രീ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണ്. സ്ത്രീയെ ശരീരത്തിലേക്കും പിന്നെ സ്ത്രീയുടെ ശരീരത്തെ സെക്സിലേക്കും ചുരുക്കുന്ന മെയില്‍ ഷോവനിസ്റ്റ് അധികാര ബോധമാണ് ഈ ചോദ്യം നോര്‍മലൈസ് ചെയ്യാം എന്ന വാദത്തിന്റെ അടിസ്ഥാനം.
പുരുഷന്മാരെ കരി വാരി തേക്കാനുള്ള ആയുധമാണ് 'ങലഠീീ' എന്നുള്ള ആക്ഷേപം. ഇതിന് കൈയടിക്കുന്ന സമൂഹം. എന്തുകൊണ്ടാണ് ഇത്തരം മുന്‍വിധി?
ശീതള്‍ ശ്യാം
ആക്റ്റിവിസ്റ്റ്
അതിക്രമങ്ങളെപ്പറ്റി തുറന്നു പറയുമ്പോള്‍ കിട്ടുന്ന സപ്പോര്‍ട്ട് സിസ്റ്റം കുറവാണ്. ജൂഡീഷ്യറി, പോലീസ് എന്നീ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും വിശ്വസിച്ചു പറയാന്‍ പറ്റുന്ന ഇടങ്ങള്‍ പോലും അന്യമാണ്. തനിക്ക് നേരിടേണ്ടിവന്ന പ്രശ്നം തുറന്നു പറയാന്‍ ആരെയാണ് സമീപിക്കുക എന്നതും ഉത്തരമില്ലാത്ത ചോദ്യമായി തുടരും. തുറന്നു പറഞ്ഞാല്‍ തന്നെ ആരൊക്കെ കൂടെ നില്ക്കും എന്നുള്ള ആശങ്കയും പിടിമുറുക്കും. ങലഠീീ പോലെയുള്ള വെളിപ്പെടുത്തലുകളില്‍ സ്ത്രീയ്ക്കുമേല്‍ ഉയരുന്ന പഴിചാരലുകള്‍ക്ക് മേല്‍പ്പറഞ്ഞതൊക്കെയും ബലമേകും. തുറന്നു പറയുന്ന വ്യക്തി അതിഭീകരമായ കുറ്റപ്പെടുത്തലുകളെ നേരിടും. അതിക്രമങ്ങളെപ്പറ്റി അവബോധമില്ലാത്ത സമൂഹം പഴിചാരലുകള്‍ തുടരും. ങലഠീീ ആണിനെ കരിവാരിത്തേക്കാനുള്ള പെണ്ണിന്റെ ഉപായമാണന്ന കപടവാദം പോലും സമൂഹത്തിന്റെ ഇരട്ടത്താപ്പിന്റെ ഉത്പന്നമാണ്. ഇത്തരം കാര്യങ്ങളില്‍ അവബോധം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഭരണകൂടം സ്വീകരിക്കേണ്ടത്.
Content Highlights: There are a lot of questions that every woman asks herself at different stages of life
Published: 28 Apr 2022, 05:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented