ബന്ധങ്ങൾ സങ്കീർണമാണെന്ന് പറയാറുണ്ട്. മുമ്പത്തെ അപേക്ഷിച്ച് ഇന്ന് ബന്ധങ്ങളുടെ കാര്യത്തിൽ കാലം ഏറെ മുന്നോട്ടു പോയിരിക്കുന്നു. അസെക്ഷ്വൽ റിലേഷൻഷിപ്പ്, പ്ലേറ്റോണിക് റിലേഷൻഷിപ്പുകൾ റീബൗണ്ടിങ് എന്നിങ്ങനെ നിർവചനങ്ങളും ഏറെയുണ്ട്. അത്തരത്തിൽ പോളിഅമോറസ് എന്ന റിലേഷൻഷിപ്പിലൂടെ വാർത്തയിൽ ഇടം നേടുകയാണ് മൂന്നുപേർ. മുംബൈ സ്വദേശികളായ ആശിഷ് മെഹ്റോത്ര, ശ്വേത സം​ഗ്ടാനി, തനിഷ എന്നിവരാണ് ഒന്നിച്ച് പ്രണയം പങ്കിട്ട് ജീവിക്കുന്ന ആ മൂന്നുപേർ. 

To advertise here,

ഒരു വീട്ടിനുള്ളിൽ പരസ്പരം പങ്കാളികളായി ജീവിക്കുകയാണ് മൂവരും. കോവിഡ് മഹാമാരിക്ക് തൊട്ടുമുമ്പാണ് തനിഷ ആശിഷിനെയും ശ്വേതയെയും പരിചയപ്പെടുന്നത്. ആശിഷിനോട് പ്രണയം തോന്നിയ തനിഷ അതു തുറന്നുപറയുകയും ചെയ്തു. തന്റെ ഭാര്യയായ ശ്വേതയെക്കുറിച്ച് പറഞ്ഞ ആശിഷ് ശ്വേതയ്ക്ക് സമ്മതമെങ്കിൽ തനിക്കും സമ്മതമാണെന്ന് അറിയിച്ചു. ഒടുവിൽ ശ്വേതയുമായും തനിഷ് ആത്മബന്ധത്തിലായി. അങ്ങനെയാണ് മൂവരും ഒന്നിച്ചു ജീവിക്കാമെന്നു തീരുമാനിച്ചത്. 

മറ്റേതു ബന്ധങ്ങളെയും പോലെ സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും ഊന്നിയുള്ള ബന്ധമാണ് തങ്ങളുടേതെന്ന് മൂവരും ഒരേസ്വരത്തിൽ പറയുന്നു. വീട് എന്നത് ഭാര്യയും ഭർത്താവും മാത്രമായി ജീവിക്കുന്ന ഇടമല്ല എന്നാണ് ഇവർ പറയുന്നത്. ആത്മാർഥ സുഹൃത്തുക്കൾക്കും പങ്കാളികൾക്കുമൊപ്പം സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന ഇടമാണത്. 

വീടുകൾ വാടകയ്ക്ക് എടുക്കുന്ന സമയങ്ങളിലാണ് മൂവരും ഒന്നിച്ചു ജീവിക്കുന്നതിന്റെ പേരിൽ ഏറ്റവുമധികം വിമർശനങ്ങൾ നേരിട്ടിട്ടുള്ളതെന്നാണ് ഇവരുടെ അനുഭവം. ഭാര്യയും ഭർത്താവുമായി ജീവിക്കുന്നവർക്കേ വീട് കിട്ടാനുള്ളു. ബന്ധങ്ങളെക്കുറിച്ചും ക്വീർ വ്യക്തികളെക്കുറിച്ചും അവർ നേരിടുവന്ന പ്രതിസന്ധികളെക്കുറിച്ചുമൊക്കെ ചർച്ച ചെയ്യാൻ മൂവരും ചേർന്ന് സം​ഗ്യാ പ്രൊജക്റ്റ് എന്ന പേരിൽ ഒരു ഇൻസ്റ്റ​ഗ്രാം പേജും ആരംഭിച്ചിട്ടുണ്ട്.