വ്യക്തിജീവിതത്തിലെ സുതാര്യതയും, പ്രൊഫഷണല് കരിയറിലെ പരസ്പര പിന്തുണയും കൊണ്ട് രണ്ടു പതിറ്റാണ്ടുകളായി ഇരുവരും തങ്ങളുടെ ബ്രാന്ഡ് മൂല്യം നിലനിര്ത്തുന്നു.

ആരാധകരുടെ മനംകവർന്ന താരദമ്പതിമാരാണ് തമിഴ് സിനിമാതാരങ്ങളായ സൂര്യയും ജ്യോതികയും. വെള്ളിത്തിരയിലെ കെമിസ്ട്രികൊണ്ട് കാണികളെ വിസ്മയിപ്പിച്ച ഇരുവരും ജീവിതത്തിലും ഒന്നിച്ചിട്ട് രണ്ടു പതിറ്റാണ്ടുകൾ തികയുകയാണ്. ദാമ്പത്യജീവിതത്തിന്റെ ഇരുപതാം വാർഷിക വേളയിൽ, പരസ്പരം നൽകിയ വിവാഹവാഗ്ദാനങ്ങൾ വീണ്ടും പുതുക്കി വിവാഹവാർഷികം ആഘോഷമാക്കിയിരിക്കുകയാണ് താരദമ്പതിമാർ. മക്കളായ ദിയയുടെയും ദേവിന്റെയും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ലളിതവും മനോഹരവുമായ ഈ ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. 'ദ സീക്വൽ' എന്ന തലക്കെട്ടോടെ ജ്യോതിക പങ്കുവെച്ച വൈകാരിക നിമിഷങ്ങൾ സോഷ്യൽ മീഡിയയും ലോകമെമ്പാടുമുള്ള ആരാധകരും ആഘോഷിക്കുകയാണ്.
വിദേശത്തെ ഒരു പള്ളിയിൽവെച്ചാണ് ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങ് നടന്നത്. വെളുത്ത സുന്ദരമായ ഗൗണിൽ ജ്യോതികയും, വെളുത്ത കോട്ടും കറുത്ത ട്രൗസറുമണിഞ്ഞ് സൂര്യയും തിളങ്ങി. മക്കളാണ് ഇരുവരെയും പള്ളിയിലേക്ക് ആനയിച്ചത്.
20 വർഷത്തെ പ്രണയവും പോരാട്ടവും; ജ്യോതികയുടെ വൈകാരിക കുറിപ്പ്
തുടർച്ച.. ഞങ്ങളുടെ 20 വർഷത്തെ സ്‌നേഹത്തിന്റെയും പോരാട്ടത്തിന്റെയും ഓർമ്മ പുതുക്കൽ, വിവാഹ വാഗ്ദാനം പുതുക്കൽ. അല്ല, ഇതൊരു പെർഫെക്ടായ ജീവിതത്തിന്റെ ആഘോഷമല്ല. മറിച്ച് അപൂർണ്ണതകളുടെ, വിട്ടുവീഴ്ചകളുടെ, പരസ്പര ധാരണയുടെ, ത്യാഗങ്ങളുടെ, സ്വാർത്ഥതയില്ലാതെ സ്‌നേഹിക്കുന്നതിന്റെ ഒരു ആഘോഷമാണിത്. ഇത് 'ഞങ്ങളുടെ' ആഘോഷമാണ്. ഞങ്ങൾ പരസ്പരം നിലകൊള്ളുന്നതിന്റെ ആഘോഷം. എന്ത് വിരോധാഭാസമാണ്..യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകലെയാണെന്ന് തോന്നിയ ഒരു സ്വപ്‌നം, ഇപ്പോഴത് എന്റെ ജീവിതകാലം മുഴുവൻ കണ്ടിരിക്കാൻ കഴിയുന്ന യാഥാർഥ്യമായി മാറിയിരിക്കുന്നു.
ഇതാണ് എന്റെ പ്രതിജ്ഞ
സന്തോഷമുള്ളവളായിരിക്കാൻ പ്രതിജ്ഞ ചെയ്യുന്നു. ഞാൻ ജീവിതത്തിന്റെ നല്ല വശം മാത്രം കാണാൻ തിരഞ്ഞെടുക്കുന്നു. ജീവിതത്തെ ആഘോഷിക്കാൻ പ്രതിജ്ഞ ചെയ്യുന്നു - കാരണം നിങ്ങൾ സ്‌നേഹിക്കുന്ന മനുഷ്യൻ നിങ്ങളെ സ്വന്തം ജീവനേക്കാൾ കൂടുതൽ ബഹുമാനിക്കുമ്പോൾ ജീവിതം തന്നെ ഒരു വലിയ വരദാനമാണ്.
ഞാൻ ഒരിക്കലും പരാതിപ്പെടില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഞാൻ എന്തിനാണ് പരാതിപ്പെടുന്നത്? ആകാശത്തിന് പോലും ഭൂമിയെ തൊടാൻ കഴിയുന്നില്ലല്ലോ! ചുറ്റും നോക്കൂ, നിലനിൽക്കുന്നതെല്ലാം അപൂർണ്ണമാണ്. നമ്മൾ വിടവുകൾ എങ്ങനെ നികത്തുന്നു എന്നതിലാണ് കാര്യം. ഞാൻ നന്ദിയുള്ളവളായിരിക്കാൻ പ്രതിജ്ഞ ചെയ്യുന്നു. കാരണം എല്ലാ ദിവസവും രാവിലെ ഞാൻ ഉണരുന്നത് എന്നെ സംരക്ഷിക്കുന്ന ഒരു മനുഷ്യന്റെ കൈകളിലാണ്, എന്റെ ജീവിതത്തിന് അർത്ഥം തന്ന എന്റെ പ്രിയപ്പെട്ട മക്കളോടും എന്നോടുതന്നെയും ഞാൻ നന്ദിയുള്ളവളാണ്.
ഞാൻ ആരോഗ്യവതിയായിരിക്കാൻ പ്രതിജ്ഞ ചെയ്യുന്നു. കാരണം നമ്മൾ നിർമ്മിക്കുന്ന ഒരേയൊരു യഥാർത്ഥ സമ്പത്ത് അതാണ്. എത്ര ആഡംബരമുള്ള വീടുകളായാലും ചോർച്ചയും ചിതലുകളും അറ്റകുറ്റപ്പണികളും ഉണ്ടാകും.
ഞാൻ മികച്ച ഒരു അമ്മയായിരിക്കാൻ പ്രതിജ്ഞ ചെയ്യുന്നു. ഞാൻ ഭക്ഷണം പാകം ചെയ്യുന്നത് കൊണ്ടോ, വീട് വൃത്തിയാക്കുന്നത് കൊണ്ടോ, സഹായിക്കുന്നത് കൊണ്ടോ അല്ല, മറിച്ച് ഞാൻ പുഞ്ചിരിക്കുന്നത് കൊണ്ടാണ്. ആ പുഞ്ചിരിയാണ് എന്റെ മക്കൾക്ക് അവരുടെ അപ്പയും അമ്മയും ജീവിച്ച കഥ വീണ്ടും ജീവിക്കാൻ തോന്നിപ്പിക്കുന്നത്.
എന്റെ പ്രിയപ്പെട്ട സൂര്യ, വഴക്കുണ്ടാക്കുകയും പിന്നീട് അനുനയിപ്പിക്കുകയും ചെയ്ത്, ഓരോ തവണയും നിങ്ങളിലേക്ക് കൂടുതൽ അടുത്തു കൊണ്ടിരിക്കുന്ന ആ അപൂർണ്ണയായ ഭാര്യയായി ഞാൻ എന്നും തുടരുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ആരേയും ഞെട്ടിക്കുന്ന കാര്യങ്ങളിൽ പങ്കാളിയാകാനും, നിങ്ങളുടെ കൂട്ടുകാരിയും, നിങ്ങളുടെ രഹസ്യങ്ങൾ സൂക്ഷിക്കുന്നവളും, നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുമായ ഒരാളെ കണ്ടെത്തുക എന്നത് അപൂർവ്വമാണ്. ആ പ്രത്യേക മനുഷ്യൻ നിങ്ങളുടെ ഭർത്താവും നിങ്ങളുടെ മക്കളുടെ അച്ഛനും കൂടിയാകുമ്പോൾ... നമ്മുടെ സൗഹൃദത്തെ ഞാൻ മറ്റേതന്തിനേക്കാളും വിലമതിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
അങ്ങനെ ഞങ്ങളുടെ അടുത്ത ഇരുപത് വർഷങ്ങളിലേക്ക് ഞങ്ങൾ കടക്കുകയാണ്.. മികച്ച പരസ്പര ധാരണയുള്ള, അപൂർണ്ണരായ ഞങ്ങൾ.
പൂവെല്ലാം കേട്ടുപ്പാർ മുതൽ സില്ലിനു ഒരു കാതൽ വരെ
1999-ൽ വസന്ത് സംവിധാനം ചെയ്ത പൂവെല്ലാം കേട്ടുപ്പാർ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് സൂര്യയും ജ്യോതികയും ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് ഉയിരിലെ കലന്തത്, കാക്ക കാക്ക, പേരഴഗൻ, മായാവി, സില്ലുനു ഒരു കാതൽ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചു. ഓൺസ്‌ക്രീനിൽ ഇരുവരും തമ്മിലുണ്ടായിരുന്ന ആകർഷണം പിന്നീട് ജീവിതത്തിലും പ്രണയമായി വളരുകയായിരുന്നു. ഒടുവിൽ 2006 സെപ്റ്റംബർ 11-നാണ് ചെന്നൈയിൽ വെച്ച് ഇരുവരും വിവാഹിതരായത്. ദക്ഷിണേന്ത്യൻ സിനിമയിലെ മാതൃകാദമ്പതികളാണ് സൂര്യയും ജ്യോതികയും. വ്യക്തിജീവിതത്തിലെ സുതാര്യതയും, പ്രൊഫഷണൽ കരിയറിലെ പരസ്പര പിന്തുണയും കൊണ്ട് രണ്ടു പതിറ്റാണ്ടുകളായി ഇരുവരും തങ്ങളുടെ ബ്രാൻഡ് മൂല്യം നിലനിർത്തുന്നു.
Content Highlights: Jyotika and Suriya celebrate 20 years of marriage with a vow renewal., The vows emphasize embracing imperfections, mutual respect, and friendship in a long-term relationship., Heartfelt messages dedicated to their children and their journey together.
Published: 16 Sept 2026, 10:47 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented