'Welcome to not knowing the right thing to do, It's a Dad speciality'- പോള്‍ വീറ്റ്‌സിന്റെ 'Fatherhood' എന്ന സിനിമയില്‍ ഫ്രാങ്കി ഫെയ്‌സണ്‍ പറയുന്നതാണിത്. എത്ര അര്‍ത്ഥവത്തായ വാക്കുകള്‍!
ഒരച്ഛന്‍, ഒരമ്മ, രണ്ട് ഓമനമക്കള്‍... ഇതാണല്ലോ ടിപ്പിക്കല്‍ ഇന്ത്യന്‍ കുടുംബസങ്കല്പം. ഏതെങ്കിലും സാഹചര്യത്തില്‍ അച്ഛനോ അമ്മയോ മാത്രമായി കുഞ്ഞിനെ വളര്‍ത്തേണ്ടിവന്നാല്‍, അവിടെ പ്രശ്‌നങ്ങളും കുറവുകളും മാത്രം കണ്ടുപിടിക്കാന്‍ തയ്യാറായിനില്‍ക്കുന്ന ഒരു വിഭാഗവുമുണ്ട്. നിരന്തരം ചോദ്യങ്ങളുടേയും സംശയങ്ങളുടേയും ആശയക്കുഴപ്പങ്ങളുടേയും ഭീതിയുടേയും നടുവിലായിരിക്കും ഒരു സിംഗിള്‍ പേരന്റിന്റെ ജീവിതം. അച്ഛനൊപ്പം മാത്രം ജീവിച്ച 14 വര്‍ഷങ്ങളുടെ കഥ എനിക്കുമുണ്ട്. എല്ലാക്കൊല്ലവും അച്ഛന്‍മാര്‍ക്കായി ഔദ്യോഗികമായി മാറ്റിവെയ്ക്കുന്ന ഈ ദിവസം ആ സുന്ദരദിനങ്ങളുടെ ഓര്‍മ എന്റെ മനസ്സിനെ തഴുകാറുണ്ട്.
അമ്മ വിദേശത്തേക്ക് പോകുന്ന സമയത്ത് ഞാന്‍ കൈക്കുഞ്ഞോ ടോഡ്‌ലറോ ഒന്നുമായിരുന്നില്ല എന്നത് മൂപ്പര്‍ക്ക് വലിയ ആശ്വാസമായിരുന്നിരിക്കണം. എങ്കിലും, എട്ടുവയസ്സുണ്ടായിരുന്ന എന്നെ വളര്‍ത്തിയെടുക്കാനും അച്ഛന് മാത്രമായി സാധിക്കില്ല എന്ന 'ഉറപ്പ്' മൂലമാവാം ഒരു ട്രയല്‍ റൗണ്ടെന്നോണം ആദ്യത്തെ ഒരുവര്‍ഷം വല്യപ്പച്ചനും വല്യമ്മച്ചിയും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നത്. അതിനുശേഷമാണ് സ്‌കൂളില്‍ പോകുന്ന എനിക്ക് ഭക്ഷണം തയ്യാറാക്കുന്നതും വീട് 'വൃത്തിയായി' സൂക്ഷിക്കുന്നതും വസ്ത്രങ്ങള്‍ കൃത്യമായി അലക്കുന്നതും നല്ല ശീലങ്ങള്‍ പഠിപ്പിക്കുന്നതുമെല്ലാം അച്ചാച്ചന്‍ ഒറ്റയ്ക്ക് ഏറ്റെടുത്തത്. 'നിങ്ങള്‍ രണ്ടാളും കൂടി എന്ത് കാട്ടിക്കൂട്ടാനാണ്? എന്ന ഭാവത്തോടെയുള്ള നോട്ടങ്ങള്‍ സ്വാഭാവികമായും ഞങ്ങള്‍ക്കുനേരെ ഉണ്ടായിരുന്നു. മൂന്നാല് പെങ്ങന്‍മാരുണ്ടായിരുന്ന അഹങ്കാരത്തിലും നമ്മുടെ സാമൂഹികവ്യവസ്ഥ കല്‍പിച്ചുനല്‍കിയ സ്ഥാനത്തിന്റെ പുറത്തും ഒരു കട്ടന്‍കാപ്പി പോലും ഉണ്ടാക്കിക്കുടിക്കാന്‍ അറിയാത്ത ആളായിരുന്നു മൂപ്പരെന്നോര്‍ത്തപ്പോള്‍ ഞാനും ഒന്ന് പതറി. പക്ഷേ, താന്‍ കൂളാണെന്ന് വരുത്താന്‍ അച്ചാച്ചന്‍ നന്നായി പരിശ്രമിക്കുന്നുണ്ടായിരുന്നു.
ഒടുവില്‍, ഞങ്ങള്‍ രണ്ടാള്‍ മാത്രമുള്ള അങ്കത്തിന്റെ ആദ്യദിവസം എത്തിച്ചേര്‍ന്നു. ഒന്നാംദിവസം സ്‌കൂളില്‍ പോകുന്നതിനുമുമ്പ് കപ്പയും കറിയും ഉണ്ടാക്കിയിട്ടേ ഉള്ളെന്ന് അപ്പന്‍. 8 മണിക്കാണ് സ്‌കൂള്‍ ബസ്. 4 മണിക്ക് മൂപ്പര് അടുക്കളേല്‍ ഹാജര്‍. ലൈറ്ററും പിടിച്ച് അടുപ്പിന്റെ അടുത്തുനിന്ന് ഡാന്‍സ് കളിക്കുന്ന സ്പിരിറ്റിലെ മോഹന്‍ലാലിനെയൊക്കെ എന്റെ അപ്പന്‍ നേരത്തേ കടത്തിവെട്ടിയിരുന്നു എന്നുപറഞ്ഞാല്‍ തള്ളാവില്ല. ഇപ്പോഴും മര്യാദക്ക് ഒരു തോരന്‍ പോലും വെയ്ക്കാന്‍ അറിയാത്ത ഞാനാണ് അന്ന് മൂപ്പര്‍ക്ക് ചായ ഇടുന്നത് കാട്ടിക്കൊടുത്തത് എന്നോര്‍ക്കുമ്പോള്‍ ഇടയ്‌ക്കൊക്കെ അഭിമാനപുളകിതയാകാറുണ്ട് ഞാന്‍. എന്തായാലും ഓരോ മണിക്കൂര്‍ ഇടവിട്ട് കപ്പയും മീന്‍ വറുത്തതും ചോറും കറികളുമൊക്കെ എത്തി. അവസാനത്തെ കൂട്ടാന്‍ എത്തിയപ്പോഴേക്കും സ്‌കൂള്‍ ബസ് എത്താറായിരുന്നു. ലഞ്ച് ബോക്‌സും എടുത്ത് ഞാന്‍ ഓടി. പിറ്റേന്നും നാല് മണിക്ക് എഴുന്നേറ്റ് മൂപ്പര് കാര്യങ്ങള്‍ എല്ലാം ചെയ്തു. പയ്യെപ്പയ്യെ, നാല് മണി നാലരയും അഞ്ചും അഞ്ചരയും ആറുമൊക്കെയായി. കുക്കിങ്ങില്‍
മൂപ്പര് പ്രോ ആയില്ലെങ്കിലും ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിക്ക് ചോറും കറികളും കൊടുത്തുവിടാന്‍ പഠിച്ചു.
വല്ലപ്പോഴും പിടിഎ മീറ്റിങ്ങിന് സ്‌കൂളില്‍ വരുന്നതും പ്രിന്‍സിപ്പള്‍ വിളിക്കുമ്പോള്‍ തല കാണിക്കുന്നതുമായിരുന്നു എന്റെ സ്‌കൂളധികൃതരുമായി അച്ചാച്ചന്‍ പുലര്‍ത്തിയിരുന്ന ഏകബന്ധം. അന്നൊക്കെ എനിക്ക് സ്‌കൂളില്‍ സൗഹൃദങ്ങള്‍ വളരെ കുറവായിരുന്നു. എന്നുവെച്ച്, തീരെ സംസാരിക്കാത്ത കുട്ടിയായിരുന്നില്ല ഞാന്‍. വീട്ടില്‍ വന്നാല്‍ ഇടതടവില്ലാതെ ക്ലാസ്സിലെ വിശേഷം പറച്ചിലാണ്. എനിക്കവിടെ കൂട്ടുകാരില്ല എന്ന് അച്ചാച്ചന് തോന്നാന്‍ പാടില്ലല്ലോ. അച്ഛന്‍മാരെ പറ്റിക്കാന്‍ എന്തെളുപ്പം! കുറച്ചൊക്കെ കൈയീന്ന് ഇട്ടും പറയും. സ്‌കൂളിലെ അവസ്ഥ സത്യത്തില്‍ ശോകമായിരുന്നു. ഷൂസും സോക്സും ഇരുസൈഡിലേക്കും പിന്നിയുള്ള മുടികെട്ടലും വടിപോലെ എണീറ്റുനില്‍ക്കുന്ന യൂണിഫോമും ഇട്ടുവരുന്ന കുട്ടികള്‍ക്കിടയില്‍ എത്രയലക്കിയാലും നിറം വെയ്ക്കാത്ത എന്റെ യൂണിഫോമും പാറിപ്പറന്ന മുടിയും ഒരു ചേര്‍ച്ചയില്ലായ്മയായിരുന്നു. 'ഇതൊക്കെയാണോ നിന്റെ കോണ്‍ഫിഡന്‍സ് നിശ്ചയിക്കേണ്ടത്, എന്റെ മോള് സ്മാര്‍ട്ടല്ലേ' എന്നൊക്കെ പറഞ്ഞ് അച്ചാച്ചന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അതിന്റെ പേരില്‍ പല ദിവസവും ഞാന്‍ കള്ളപ്പനി പിടിച്ച് ലീവെടുത്തു.
വൈകിട്ട് സ്‌കൂള്‍ വിട്ട് അഞ്ചരയാകുമ്പോള്‍ വീട്ടിലെത്തും. ആ സമയമാകുമ്പോള്‍ എവിടെയാണെങ്കിലും ഓടിപ്പിടിച്ച് വന്നില്ലെങ്കില്‍ ഒരു കാര്യവുമില്ലെങ്കിലും ഞാന്‍ ബഹളം വെയ്ക്കും. കവലയില്‍ എന്തെങ്കിലും രാഷ്ട്രീയം പറഞ്ഞുരസിക്കുന്ന മനുഷ്യനെ വീട്ടിലെത്തിക്കാന്‍ വഴിയില്‍ കാണുന്നവരോടൊക്കെ പരാതി പറഞ്ഞയയ്ക്കും. 'ദേ കൊച്ച് വന്നിട്ട് എത്ര നേരമായി, ഇവിടിരിക്കുവാണോ?'. പിന്നെ ഓരോട്ടമാണ്. വരുമ്പോള്‍ ചായയ്ക്ക് എന്തെങ്കിലും കടിയും കൈയില്‍ കരുതിയിട്ടുണ്ടാവും.പിന്നീട് സ്‌കൂട്ടറില്‍ത്തന്നെ സ്‌കൂളില്‍ കൊണ്ടുവിടാനും ചിലപ്പോഴൊക്കെ കൂട്ടിക്കൊണ്ടുവരാനും തുടങ്ങി അച്ചാച്ചന്‍.
പരീക്ഷാസമയമാകുമ്പോള്‍ മൂപ്പര്‍ടെ വക കണക്കിന് ട്യൂഷനെടുപ്പുണ്ട്. പിന്നെ ഹോംവര്‍ക്കുകളോര്‍ത്ത് പേടിച്ചുറങ്ങുന്ന രാത്രികളില്‍ ആരുമറിയാതെ മങ്കിപ്പെന്‍ സ്റ്റൈലില്‍ രക്ഷകനായും അച്ചാച്ചനെത്തും. എന്റെ ഹൈസ്‌കൂള്‍ പഠനകാലഘട്ടത്തില്‍ നല്ലൊരു പങ്കും അച്ചാച്ചന്‍ കാണിച്ചുതന്ന പഠനമാതൃകകള്‍ പിന്തുടര്‍ന്നുകൊണ്ടുള്ളതായിരുന്നു. പിന്നീട് പ്ലസ് വണ്‍ എത്തിയപ്പോഴേക്കും സൈനും കോസുമായുള്ള മല്‍പ്പിടുത്തത്തില്‍നിന്നും 'ടച്ച് വിട്ടുപോയി' എന്ന കാരണത്താല്‍ നിഷ്‌കരുണം ആ മനുഷ്യന്‍ പിന്മാറിയതും ഞാന്‍ മറന്നിട്ടില്ല.
കൊച്ചിന് ബന്ധുക്കളുമായുള്ള അടുപ്പം കുറയരുതല്ലോ എന്നുു കരുതിയിട്ടാണോ അതോ രണ്ട് പെഗ് അടിച്ച് ചില്ല് ചെയ്യാമെന്നുള്ള അതിമോഹം കൊണ്ടാണോ, എന്നെ ഇടയ്ക്കും പിടയ്ക്കുമൊക്കെ ചില ആന്റിമാരുടെ വീട്ടിലൊക്കെ എന്നെ കൊണ്ടുനിര്‍ത്തിനോക്കി. പക്ഷേ അധികം മുന്നോട്ട് പോവുന്നതിനുമുമ്പ്, 'എനിക്കച്ചാച്ചനെ കാണണേ..'എന്നൊരു കരച്ചിലാ. പിന്നെ ആ പൂതി ഉപേക്ഷിച്ച് മൂപ്പര് എന്നെ കൂട്ടാന്‍ വരും. തിരിച്ചുവന്ന്, അടുത്തുള്ള തിരുവമ്പാടി അമ്പലത്തിലെ ഉത്സവത്തിന് രാത്രിയില്‍ നാടകം കാണാന്‍ കൊണ്ടുപോകും. ഈസ്റ്ററിനും ക്രിസ്മസിനുമെല്ലാം ഏതെങ്കിലും കടയില്‍നിന്ന് ഇറച്ചി മേടിക്കും. ഇല്ലെങ്കില്‍ ഷാപ്പില്‍ പോയി കറി വാങ്ങിവരും. ഒന്നിച്ചിരുന്ന് കഴിക്കും. ഇങ്ങനെയായിരുന്നു ഞങ്ങളുടെ ആഘോഷദിവസങ്ങളെല്ലാം. ഇതിനിടെ, കൊച്ചിന് ആര്‍ത്തവമായോ, മാസമുറ വരുമ്പോള്‍ ആരാണ് കാര്യങ്ങളൊക്കെ ചെയ്യുക, നിനക്ക് വല്ലതും അറിയാമോ, മമ്മി എല്ലാം പറഞ്ഞുതന്നിട്ടുണ്ടോ എന്നൊക്കെ ആകുലത ഉള്‍ക്കൊണ്ട മറ്റൊരു വിഭാഗവുമുണ്ടായിരുന്നു ഞങ്ങള്‍ക്കു ചുറ്റും.
അത്യാവശം വിപ്ലവം പറഞ്ഞുനടന്നിരുന്ന ആ മനുഷ്യന്‍ എന്നെയും ഒരു വിപ്ലവപുത്രിയാക്കുമോ എന്ന ഭയം പല കുടുംബക്കാര്‍ക്കുമുണ്ടായിരുന്നു. പാര്‍ട്ടിപ്രവര്‍ത്തകരെക്കുറിച്ച് പുറമെക്കാര്‍ കരുതുന്ന ആ ചിന്ത എന്റെ വീട്ടുകാര്‍ക്കുമുണ്ടായിരുന്നു- ഞാനും എന്റപ്പനും ദൈവവിശ്വാസമില്ലാത്തവരാണോ എന്ന്. പക്ഷേ അവര്‍ ഭയപ്പെട്ടതുപോലെ എന്നില്‍ ദൈവവിശ്വാസമില്ലായ്മ അല്ല അച്ചാച്ചന്‍ നിറച്ചത്. 'ദൈവമില്ല എന്ന് ഞാനൊരിക്കലും കരുതിയിട്ടില്ല. ദൈവത്തില്‍ എനിക്ക് എപ്പോഴും വിശ്വാസമുണ്ട്. പക്ഷേ, മതനേതാക്കളില്‍ എനിക്ക് അത്രകണ്ട് വിശ്വാസമില്ല.' ഇത്രയും മാത്രമേ ഞാനും പിന്തുടരുന്നുള്ളൂ.
കോളേജ് കാലഘട്ടത്തില്‍ അച്ചാച്ചനുമായുള്ള ബന്ധം കൂടുതലും ഫോണ്‍വിളികളിലൂടെയായിരുന്നു. 'പുറത്തൊക്കെ പോയി പഠിച്ചൂടെ' എന്ന് മൂപ്പര് തന്നെയാണ് ചോദിച്ചത്. ഹോസ്റ്റലില്‍ നില്‍ക്കണമെന്ന് എനിക്കുമുണ്ടായിരുന്നു. 'വയസ്സായ അപ്പനെ ഒറ്റയ്ക്കിട്ടിട്ട് പോണു' എന്ന പരാതികള്‍ അപ്പോഴും നാല് വശങ്ങളില്‍നിന്നുണ്ടായിരുന്നു. അതൊന്നും വകവെയ്ക്കാതെ ഞാന്‍ ഹോസ്റ്റല്‍ ജീവിതം ആസ്വദിക്കാന്‍ പൊട്ടിപ്പുറപ്പെട്ടു. കുട്ടികളുമായൊക്കെ ഇടപഴകി വേണം കോളേജില്‍ ജീവിക്കാന്‍ എന്നായിരുന്നു അച്ചാച്ചന്റെ പക്ഷം. കോളേജും ഹോസ്റ്റലുമെല്ലാം എന്നെ അടിമുടി മാറ്റിയെടുത്തു. അച്ചാച്ചന്‍ പഠിപ്പിച്ച ആത്മധൈര്യവും തന്റേടവുമെല്ലാം ആപ്ലിക്കബിള്‍ ആയിത്തുടങ്ങിയത് സത്യത്തില്‍ കോളേജ് മുതലാണ്. ഹോസ്റ്റലില്‍ നില്‍ക്കുന്ന ക്രിസ്ത്യന്‍ കുട്ടികളെല്ലാം രാവിലെ എഴുന്നേറ്റ് കുര്‍ബാന കൂടണം എന്ന വാര്‍ഡന്റെ വാദത്തെ 'കന്യാസ്ത്രീ ആകാനല്ല കൊച്ചിനെ ഇവിടെ കൊണ്ടാക്കിയത്, പഠിക്കാനാ. അതുമാത്രം ശ്രദ്ധിച്ചാല്‍ മതി' എന്നുപറഞ്ഞ് പ്രേമത്തിലെ രഞ്ജി പണിക്കരായി മാറുകയും ചെയ്യും.
ഇന്ന് വ്യക്തിസ്വാതന്ത്യത്തെക്കുറിച്ചൊക്കെ ഘോരഘോരം പ്രസംഗിക്കുമ്പോള്‍, അപ്പന്റെയൊപ്പം എന്ത് 'സൂപ്പര്‍ചില്ലാ'യിരുന്നിരിക്കും നിന്റെ ബാല്യം എന്നൊക്കെ പല സുഹൃത്തുക്കളും ചോദിക്കാറുണ്ട്. ഒരുപാട് കാര്യങ്ങളാണ് അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നുപോകുന്നത്. സത്യത്തില്‍ ഞാനോ അന്റെ അപ്പനോ അത്ര 'ചില്‍' ആയിരുന്നില്ല. നിരന്തരം ചോദ്യങ്ങളും സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഭീതിയുമുണ്ടായിരുന്നിരിക്കാം അദ്ദേഹത്തിനുമുന്നില്‍. പോള്‍ വീറ്റ്‌സ് പറഞ്ഞത് ശരിയാണ്, എന്താണ് മകള്‍ക്ക് ശരി എന്ന് കണ്ടെത്താന്‍ എന്റെ അച്ചാച്ചന്‍ വല്ലാതെ ബുദ്ധിമുട്ടിയിരിക്കാം. ഒറ്റയ്ക്ക് കുഞ്ഞിനെ വളര്‍ത്തുകയെന്നത് അത്യന്തം ശ്രമകരമായ കര്‍ത്തവ്യമാണ്. കുഞ്ഞിനുവേണ്ടി എന്തും ചെയ്യണമെന്നിരിക്കെ എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥ. എന്തുചെയ്താലും ശരിയായില്ല, ഇതിങ്ങനെയല്ല, പെണ്‍കൊച്ചിന് ഈ പ്രായത്തില്‍ അമ്മയില്ലാത്തതിന്റെ അറിയാനുണ്ട് എന്നൊക്കെ വിമര്‍ശിക്കാന്‍ മാത്രം തയ്യാറായി നില്‍ക്കുന്ന ഒരു വിഭാഗം. എന്നാല്‍, തോറ്റുകൊടുക്കാന്‍ തയ്യാറല്ലാത്ത, തെറ്റുകളും കുറവുകളും വകവെയ്ക്കാതെ സ്വയം തിരുത്തിയും പുരോഗമിച്ചും മുന്നോട്ട് പോകാന്‍ തയ്യാറുള്ള സിംഗിളായ അച്ഛന്മാരാണ് ശരിക്കും പെര്‍ഫെക്ട് ഹീറോസ്! ലോകത്തിന്റെ ഏത് കോണില്‍ പോയി, എന്തൊക്കെ കോലംകെട്ടിയലഞ്ഞാലും തിരികെ ആ കൈകളിലേക്ക് ഓടിയെത്താന്‍ തോന്നിക്കുന്ന സുരക്ഷിതത്വത്തിന്റെ പേരാണ് എനിക്കച്ഛന്‍.
Content Highlights: story of a father who raised his daughter by himself
Published: 18 Jun 2023, 03:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented