തന്റെ വണ്ടര്‍വുമണാണ് ഷഹീന്‍ ബാഗിലെ ബില്‍ക്കിസ് മുത്തശ്ശിയെന്ന് വണ്ടര്‍വുമണ്‍ നായിക ഗാല്‍ ഗാഡോട്ട്. പൗരത്വബില്ലിനെതിരേ (CAA) സമരം ചെയ്താണ് 82- കാരിയായ ബില്‍ക്കിസ് മുത്തശ്ശി വാര്‍ത്തകളില്‍ ഇടം നേടിയത്. ജനങ്ങളുടെ പ്രതിഷേധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പ്രതീകമായാണ് ഷഹീന്‍ബാഗിലെ മുത്തശ്ശിയെ ആളുകള്‍ ഏറ്റെടുത്തത്. 

To advertise here,

ഹോളിവുഡ് ചിത്രമായ വണ്ടര്‍ വുമണ്‍ 1984 ലെ നായികയായ ഗാല്‍ ഗാഡോട്ട് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പമാണ് ഈ വെളിപ്പെടുത്തല്‍. ലോകത്തിന്റെ  പലകോണുകളില്‍ പ്രസിദ്ധരായ പല സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമൊപ്പമാണ് ബില്‍ക്കിസ് ബാനുവിന്റെ ചിത്രവും താരം പങ്കുവച്ചിരിക്കുന്നത്. 

രണ്ടായിരത്തി ഇരുപതിനോട് വിടപറഞ്ഞുകൊണ്ടാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ' രണ്ടായിരത്തി ഇരുപതിനോട് വിടപറയുമ്പോള്‍ കുറച്ച് ആളുകളോട് എനിക്ക് നന്ദി പറയാനുണ്ട്. എന്റെ പ്രിയപ്പെട്ട അമാനുഷികരായ ഒരു കൂട്ടം സ്ത്രീകളോട്, അവരില്‍ ചിലര്‍ എനിക്ക് ഏറ്റവും അടുപ്പമുള്ള എന്റെ സുഹൃത്തുക്കളും കുടുംബവുമാണ്, ചിലര്‍ എന്നെ പ്രചോദിപ്പിക്കുന്നവരാണ്, അവരില്‍ ചിലര്‍ എനിക്കെന്നെങ്കിലും നേരിട്ട് പരിചയപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നവരാണ്.' പോസ്റ്റില്‍ ഗാല്‍ ഗാഡോട്ട് കുറിക്കുന്നു. 

ബില്‍ക്കിസ് ബാനുവിന്റെ ചിത്രം പങ്കുവച്ച് നല്‍കിയ കുറുപ്പില്‍ താരം ഒരു തെറ്റും വരുത്തിയിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പൊരുതുന്ന സ്ത്രീവിമോചനപ്രവര്‍ത്തക എന്നാണ് താരം കുറിച്ചിരുന്നത്. പിന്നീട് ഈ ക്യാപ്ഷന്‍ ഗാല്‍ ഗാഡോട്ട് തന്നെ നീക്കം ചെയ്തു.

Content Highlights: Shaheen Bagh's Bilkis Bano one of Gal Gadot's 'personal wonder women