റ്റമുറിയിൽ തുടക്കം... 14 വർഷങ്ങൾക്കിപ്പുറം രണ്ടര ഏക്കറിലെ 55 കോടിയുടെ ബിസിനസ് സംരംഭമായി അത് വളർന്നപ്പോൾ അതിനായി കൊടുവഴന്നൂർ സ്വദേശിനി സന്ധ്യ നീക്കിവെച്ചത് തന്റെ ജീവിതമാണ്. പഠിച്ചും തോറ്റും ജയിച്ചും അങ്ങനെ കടമ്പകൾ ഒരുപാട് കടന്നാണ് 109 ഉത്പന്നങ്ങൾ വിപണിയിലേക്കെത്തിക്കുന്ന ജില്ലയിലെ മികച്ച വനിതാ സംരംഭകരിൽ ഒരാളായി സന്ധ്യ വളർന്നത്.

To advertise here,

ഒരുരൂപയ്ക്ക് ആറ് ഗ്രാമിന്റെ അച്ചാർ മുതൽ അഞ്ചു കിലോയുടെ അച്ചാർവരെ 'പവിത്ര' എന്ന പേരിൽ സന്ധ്യ വിപണിയിലെത്തിക്കുന്നു. 2013-ലാണ് കുടുംബശ്രീ അംഗമായ സന്ധ്യ അച്ചാറുകളുണ്ടാക്കി വിൽക്കാൻ തുടങ്ങുന്നത്.

'സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹമാണ് അച്ചാറ് കച്ചവടം ആരംഭിച്ചതിന് പിന്നിൽ. ചേന്നമംഗലം കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമായിരുന്നു. വീടിന്റെ പണി പൂർത്തീകരിക്കണം, മക്കളെ പഠിപ്പിക്കണം അങ്ങനെ ഏതൊരു വീട്ടമ്മയ്ക്കുമുള്ള സാധാരണ ആഗ്രഹം. കഠിനാദ്ധ്വാനം ചെയ്തപ്പോൾ പടിപടിയായി സംരംഭം ഉയർന്നു. ഇന്ന് കാണുന്നതെല്ലാം ഈ സംരംഭത്തിലൂടെ നേടിയെടുത്തതാണ്.'- താണ്ടിവന്ന ദൂരവും പിന്നിട്ട വഴികളെയും സന്ധ്യ അടയാളപ്പെടുത്തുന്നു.

കിളിമാനൂരിൽ 55 കോടിയുടെ പ്ലാന്റ്

''ഓരോ ദിവസവും തയ്യാറാക്കുന്ന അച്ചാറുമായി പകലന്തിയോളം കയറിയിറങ്ങിയാണ് ഓരോ ഓർഡറുകളും എടുത്തിരുന്നത്. ഒമ്നി വാനിലായിരുന്നു യാത്ര. ഡ്രൈവിങ്ങും പാചകവും അറിയാമെന്നതായിരുന്നു ആത്മവിശ്വാസം. ആദ്യകാലത്ത് വാണിജ്യപരമായ കാര്യങ്ങൾ അറിയില്ലായിരുന്നു. ഉപഭോക്താക്കൾക്ക് രുചി ഇഷ്ടപ്പെട്ടാൽ തേടിവരുമെന്ന് മനസ്സിലായതോടെയാണ് സംരംഭം വലുതാക്കാൻ തുടങ്ങിയത്. വിപണിയിൽ പുതിയ പുതിയ ഇനങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി. ആവശ്യക്കാർ കൂടിയതോടെ സഹായത്തിനായി ആളുകളെ ഒപ്പംകൂട്ടി.''- സന്ധ്യ പറയുന്നു.

കഴിഞ്ഞ വർഷമാണ് സംസ്ഥാന സർക്കാരിന്റെ മിഷൻ 1000-ൽ ഉൾപ്പെടുത്തി പ്ലാന്റ് ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായത്. രണ്ടര ഏക്കർ സ്ഥലം വാങ്ങി. യന്ത്രങ്ങൾക്കും മറ്റും ഓർഡർ നൽകി. 55 കോടി ചെലവിലാണ് സന്ധ്യയുടെ സ്വപ്ന പദ്ധതി ഉയർന്ന് വരുന്നത്. ''ആറ് മാസത്തിനകം നിർമാണം പൂർത്തീകരിച്ച് പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങണം. ഓർഡറുകൾ കാലതാമസം കൂടാതെ ആവശ്യക്കാരിലേക്ക് എത്തിക്കണം. കൂടുതൽ മെച്ചപ്പെട്ട ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.''- സന്ധ്യ സ്വപ്നങ്ങൾ പങ്കുവെയ്ക്കുന്നു.

പ്രതിദിനം 15000 കിലോ അച്ചാർ

സന്ധ്യയുടെ പാചകപുരയിൽ ഓരോ ദിവസവും 15,000 കിലോ അച്ചാറാണ് തയ്യാറാവുന്നത്. എന്നാലും കൃത്യസമയത്ത് ഉത്പന്നങ്ങൾ ആവശ്യക്കാരിലേക്ക് എത്തിക്കാനാവുന്നില്ല. വിപണിയിലെ പ്രധാന ബ്രാൻഡുകൾക്ക് ഉൾപ്പെടെ ഇവിടെ അച്ചാറുകൾ തയ്യാറാക്കുന്നു.

നാരങ്ങ, മാങ്ങ, ഇഞ്ചി, ചമ്മന്തിപ്പൊടി, മീൻ അച്ചാർ തുടങ്ങിയവയാണ് 'പവിത്ര' എന്ന ബ്രാൻഡിൽ പുറത്തിറക്കുന്ന പ്രധാന ഉത്പന്നങ്ങൾ. അതിനൊപ്പം വിനാഗിരി, സേമിയാ മിക്സ്, പാലട മിക്സ് എന്നിവയും തയ്യാറാക്കുന്നുണ്ട്. കൂടാതെ 55 ഉത്പന്നങ്ങൾ മൊത്തവിലയ്ക്കെടുത്ത് റീപായ്ക്ക് ചെയ്യുന്നുമുണ്ട്.

വീടും ചുറ്റുപാടും ഗോഡൗൺ

അച്ചാറിനുള്ള ഓരോന്നും സീസണുകളിൽ ശേഖരിച്ച് വെയ്ക്കുന്നതാണ് രീതി. മാങ്ങ തമിഴ്നാട്ടിൽ നിന്നും കൂടുതലായി എത്തുമ്പോൾ നാരങ്ങ ആന്ധ്രപ്രദേശിൽ നിന്നുമാണെത്തുന്നത്. കർഷകരിൽ നിന്നും നേരിട്ടും ഇടനിലക്കാർവഴിയും അസംസ്‌കൃത വസ്തുക്കൾ ശേഖരിക്കുന്നുണ്ട്.

പഴയവീടും അതിനോട് ചേർന്നുള്ള ചെറിയ ചെറിയ ഷെഡ്ഡുകളുമാണ് നിലവിൽ നിർമാണശാലയും ഗോഡൗണും. വലിയ ബാരലുകളിലാക്കി അസംസ്‌കൃത വസ്തുക്കൾ സൂക്ഷിക്കുന്നതാണ് രീതി. ഓർഡർ അനുസരിച്ച് ഓരോ ദിവസവും അച്ചാറാക്കി നൽകും.

85 പേർക്ക് തൊഴിൽ, 12 ചരക്ക് വാൻ

സ്വന്തം അടുക്കളയിൽ തുടങ്ങിയ ബിസിനസ് ഇന്ന് 85 പേർക്ക് ജോലിനൽകുന്ന സംരംഭമായി വളർന്നു. വിവിധ ജോലികൾക്കായി 85 സ്ത്രീകളാണ് ഇന്ന് സന്ധ്യയോടൊപ്പമുള്ളത്. ആദ്യകാലത്ത് അച്ചാറിന് ആവശ്യക്കാർ ഏറിയപ്പോൾ നാലുപേരെ സഹായത്തിന് വിളിച്ചു. പതിയെ പതിയെ അച്ചാറിന്റെ ജനപ്രീതി കൂടി. സഹായത്തിനായി വന്നവരെല്ലാം ജോലിക്കാരായി. പടിപടിയായി ജോലിക്കാരുടെ എണ്ണം ഉയർന്നു.

ഒമ്നി വാനിലെ യാത്ര ഇന്ന് എത്തിനിൽക്കുന്നത് 12 ചരക്ക് വാനുകളിലാണ്. ഓർഡറുകളെത്തിക്കാനായി സ്വന്തമായി 12 വാനുകൾ വാങ്ങി. കിളിമാനൂരിൽ മറ്റൊരു വീടും രണ്ട് കാറുകളും. കെ.എം.ഫുഡ് പ്രോഡക്ട്സ് എന്ന പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സ്ഥാപനത്തിന്റെ ചുക്കാൻ പിടിക്കാൻ ഭർത്താവ് വിനോദും മക്കളായ മീനാക്ഷിയും കാശിനാഥും ഒപ്പമുണ്ട്.