മോഡൽ, ബോളിവുഡ് താരം എന്നതിനേക്കാളൊക്കെ മലയാളിക്ക് നമ്രതാ ശിരോദ്കറിനെ പരിചയം എഴുപുന്നതരകനിലെ നായികയായാണ്. ഒരൊറ്റ ചിത്രത്തിലൂടെ മലയാളിയുടെ മനംകവർന്ന നടി. സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിലും സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി സംവദിക്കാൻ നമ്രത ശ്രമിക്കാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതാകട്ടെ മിസ്ഇന്ത്യാ വേദിയിൽ നിന്നുള്ള ഒരു വീഡിയോയും. 

To advertise here,

1993ലെ മിസ് ഇന്ത്യാ മത്സരത്തിൽ വിജയം വരിച്ചത് നമ്രതയായിരുന്നു. പൂജാ ബത്ര ഉൾപ്പെടെയുള്ള ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ് നമ്രത മിസ് ഇന്ത്യാപട്ടം നേടിയെടുത്തത്. ഇപ്പോഴിതാ തനിക്ക് കിരീടം നേടിത്തരാൻ കാരണമായ ചോദ്യം പങ്കുവച്ചിരിക്കുകയാണ് നമ്രത. ഒരു കുസൃതിചോദ്യത്തിനു നമ്രത നൽകിയ രസകരമായ ഉത്തരമാണ് താരത്തെ മിസ് ഇന്ത്യയാക്കിയത്. 

കോഴിയാണോ അതോ മുട്ടയാണോ ആദ്യം വന്നത് എന്നതായിരുന്നു മത്സരാർഥികൾക്ക് ലഭിച്ച ചോദ്യം. ഇതിന് കോഴിയാണ് ആദ്യം വന്നതെന്നും, കോഴി ഇല്ലായിരുന്നെങ്കിൽ മുട്ട ഉണ്ടാവില്ലായിരുന്നു എന്ന മറുപടിയാണ് നമ്രത നൽകിയത്. തന്റെ ഉത്തരം ഇതായിരുന്നുവെന്നും നിങ്ങൾ ആയിരുന്നെങ്കിൽ എന്തു മറുപടിയാണ് നൽകുക എന്നും താരം ചോദിക്കുന്നുണ്ട്. 

അസാധ്യമായതൊന്നും ഇല്ലെന്നും വിശാലമായി ചിന്തിക്കൂ എന്നും പറഞ്ഞാണ് നമ്രത വീഡിയോ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ മാസം നമ്രതയുടെ സഹോദരി ശിൽപയും സമാനമായൊരു വീഡിയോ പങ്കുവച്ചിരുന്നു. മത്സരത്തിന്റെ മൂന്നാംഘട്ടത്തിൽ നിന്നുള്ള വീഡിയോ ആണ് ശിൽപ പങ്കുവച്ചിരുന്നത്. 

അഞ്ചു ഫൈനലിസ്റ്റുകൾക്കും വ്യത്യസ്ത ചോദ്യങ്ങളാണ് അന്ന് നൽകിയിരുന്നത്. ഒരുദിവസം ഉണരുമ്പോൾ ഡ്രാക്കുള നിങ്ങളുടെ ബെഡിൽ കിടന്നുറങ്ങുന്നതു കണ്ടാൽ എന്തു ചെയ്യും എന്നായിരുന്നു ഒരു ചോദ്യം. താൻ ശരിക്കും പേടിക്കുമെന്നും പക്ഷേ പതിയെ ഡ്രാക്കുളയുമായി സൗഹൃദത്തിലാവുമെന്നുമായിരുന്നു നമ്രത നൽകിയ മറുപടി.

ഹിന്ദി- കന്നട ചിത്രങ്ങളിലൂടെ പ്രശസ്തയായ നമ്രത തെലു​ങ്ക് നടൻ മഹേഷ് ബാബുവിന്റെ ഭാര്യ കൂടിയാണ്. ഇരുവർക്കും ​ഗൗതം, സിതാര എന്നീ മക്കളുമുണ്ട്. 

Content Highlights: Namrata Shirodkar recalls her miss india moment