
തെലുങ്കിലെ മുതിര്‍ന്ന നടനും പത്മ പുരസ്കാര ജേതാവുമാണ് മോഹന്‍ ബാബു. അഞ്ഞൂറിലധികം സിനിമകളില്‍ അഭിനയിച്ച നടന്റെ ആസ്തി 500 കോടിക്ക് മുകളിലാണ്. എന്നാല്‍ ജീവിതത്തില്‍ സമാധാനമില്ലാത്ത അവസ്ഥയിലാണ് മോഹന്‍ ബാബു. ഇളയ മകന് മഞ്ജു മനോജുമായുള്ള പ്രശ്നങ്ങളാണ് മോഹന്‍ ബാബുവിന്റെ ഉറക്കം കെടുത്തുന്നത്. ഡിസംബര്‍ ഒമ്പതിന് മനോജിനും ഭാര്യ മൗനികയ്ക്കുമെതിരെ മോഹന്‍ ബാബു പോലീസില്‍ പരാതി നല്‍കിയതോടെയാണ് കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ പുറംലോകമറിഞ്ഞത്. തന്റെ സുരക്ഷ അപകടത്തിലാണെന്നും മനോജും ഭാര്യയും ചേര്‍ന്ന് ഹൈദരാബാദിലെ തന്റെ വീട് ബലമായി പിടിച്ചടക്കിയെന്നുമായിരുന്നു മോഹന്റെ പരാതി.
ഇതിന് പിന്നാലെ മനോജും പരാതിയുമായെത്തി. കഴിഞ്ഞ ഞായറാഴ്ച രാത്രി അജ്ഞാതരായ പത്ത് പേര് തന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയെന്നും അവര്‍ നടത്തിയ കയ്യേറ്റത്തില്‍ പരിക്കേറ്റുവെന്നും മനോജ് പരാതിയില്‍ പറയുന്നു. ആശുപത്രിയില്‍ നിന്ന് കഴുത്തില്‍ പ്ലാസ്റ്ററിട്ട് വരുന്ന മനോജിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
രണ്ട് ഭാര്യമാരിലായി മൂന്ന് മക്കളാണ് മോഹന്‍ ബാബുവിനുള്ളത്. 72-കാരനായ മോഹന്‍ ബാബു ആദ്യം വിവാഹം കഴിക്കുന്നത് വിദ്യാ ദേവിയെയാണ്. ലക്ഷ്മി എന്നൊരു മകളും വിഷ്ണു എന്ന മകനുമാണ് ഈ ബന്ധത്തിലുള്ളത്. വിദ്യയുടെ മരണത്തിനുശേഷം സഹോദരി നിര്‍മലാ ദേവി മഞ്ജുവിനെ മോഹന്‍ ബാബു വിവാഹം ചെയ്തു. ആ ബന്ധത്തിലുള്ളതാണ് ഇളയ മകന് മനോജ് മഞ്ജു. അഭിനേത്രിയായ ലക്ഷ്മി ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം മുംബൈയിലാണ് അവര്‍ താമസിക്കുന്നത്. വിഷ്ണു ഭാര്യയ്ക്കും നാല് മക്കള്‍ക്കുമൊപ്പം ദുബായിലാണ് താമസം. ഇളയ മകന് മനോജും ഭാര്യയുമാണ് നിലവില്‍ മോഹന്‍ ബാബുവിനൊപ്പം ജല്‍പള്ളിയിലെ വീട്ടിലുള്ളത്.
വിഷ്ണുവും മനോജും തമ്മിലുള്ള തര്‍ക്കമാണ് കുടുംബപ്രശ്നത്തിന് തുടക്കമിട്ടത്. കുടുംബ ബിസിനസും സ്വത്തുക്കളും വിഭജിച്ചതുമായി ബന്ധപ്പെട്ടാണ് ഇവര്‍ തമ്മിലുള്ള വൈരാഗ്യം. വിഷ്ണുവിനെ മോഹന്‍ ബാബു യൂണിവേഴ്സിറ്റിയുടെ പ്രോ ചാന്‍സലറായും പ്രീ സ്ക്കൂളുകളും സ്ക്കൂളുകളും നടത്തുന്ന ന്യൂയോര്‍ക്ക് അക്കാദമി സ്പ്രിങ് ബോര്‍ഡ് എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ ചെയര്‍മാനുമായും മോഹന്‍ ബാബു നിയമിച്ചിരുന്നു. എന്നാല്‍ മനോജിന് ബിസിനസില്‍ ഒരു സ്ഥാനവും നല്‍കിയില്ലെന്നും ഇതാണ് പ്രശ്നത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. തുടര്‍ന്ന് 2019-ല്‍ മനോജ് എംഎം ആര്‍ട്സ് എന്ന പേരില്‍ സ്വന്തം പ്രൊഡക്ഷ്ന്‍ ഹൗസ് തുടങ്ങി. അമ്മ നിര്‍മലാ ദേവിയുടെ സഹകരണത്തോടെ അഹം ബ്രഹ്മാസ്മി എന്ന ചിത്രം നിര്‍മിക്കുകയും ചെയ്തു. മനോജ് തന്നെയായിരുന്നു നായകന്. എന്നാല്‍ ഈ പ്രൊജക്ട് മുടങ്ങിപ്പോയി. പ്രൊഡക്ഷന്‍ ഹൗസും വിജയിച്ചില്ല. ഇതെല്ലാം മോഹന്‍ ബാബുവിനെ ചൊടിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതു മാത്രമല്ല, മൗനികയുമായുള്ള മനോജിന്റെ വിവാഹത്തിന് മോഹന്‍ ബാബു എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്.
2023 മാര്‍ച്ചില്‍ മനോജ് വിഷ്ണുവിനെതിരെ ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. വിഷ്ണു തന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയെന്നും രണ്ട് അടുത്ത സഹായികളെ മര്‍ദിച്ചു എന്നുമായിരുന്നു മനോജിന്റെ ആരോപണം. വിഷ്ണു നേരത്തെയും ഇത്തരത്തില്‍ ആക്രമിച്ചിട്ടുണ്ടെന്നും മനോജ് ആരോപിച്ചു. പിന്നീട് ഈ വീഡിയോ നീക്കം ചെയ്തെങ്കിലും അത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഇതിന് പിന്നാലെ മോഹന്‍ ബാബു യൂണിവേഴ്സിറ്റിയില്‍ വിഷ്ണുവും അസോസിയേറ്റ് വിനയ് മഹേശ്വരിയും ചേര്‍ന്ന് തട്ടിപ്പ് നടത്തിയെന്നും മനോജ് ആരോപിച്ചു. സാമ്പത്തിക ക്രമക്കേടിന്റെ രേഖകള്‍ തന്റെ പക്കലുണ്ടെന്നും അത് അധികാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ തയ്യാറാണെന്നും മനോജ് വെല്ലുവിളിച്ചു. എന്നാല്‍ ഈ സമയത്ത് ദുബായിലുള്ള വിഷ്ണു ഇതെല്ലാം തള്ളിക്കളയുകയാണുണ്ടായത്.

45-കാരനായ വിഷ്ണുവും ഭാര്യ വിരാനിക റെഡ്ഡിയും നാല് മക്കളും ഹൈദരാബാദിലെ വീട്ടില്‍ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ദുബായിലേക്ക് മാറിയത്. ഇപ്പോള്‍ പ്രശ്നങ്ങള്‍ ഗുരുതരമായതോടെ വിഷ്ണു ദുബായില്‍നിന്ന് ഹൈദരാബാദിലെത്തിയിട്ടുണ്ട്. 42-കാരനായ മനോജ് 2023 മാര്‍ച്ചിലാണ് മൗനിക റെഡ്ഡിയെ വിവാഹം ചെയ്തത്. മകള്‍ ദേവസേന ജനിക്കുന്നതിന് മുമ്പുതന്നെ മനോജ് കുടുംബത്തോടൊപ്പം ഹൈദരാബാദിലെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. വിഷ്ണു ദുബായിലേക്ക് പോയശേഷം അച്ഛനും അമ്മയും തനിച്ചായതിനാലാണ് അങ്ങോട്ട് താമസം മാറിയതെന്നും ആ സമയത്ത് ഭാര്യ ഗര്‍ഭിണിയായിരുന്നുവെന്നും മനോജ് വ്യക്തമാക്കിയിരുന്നു.
47-കാരിയായ മകൾ ലക്ഷ്മി മോഹന്‍ലാലിനൊപ്പം മോണ്‍സ്റ്റര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആന്‍ഡി ശ്രീനിവാസനെ വിവാഹം കഴിച്ച അവര്‍ക്ക് ഒരു മകളുണ്ട്. സിനിമയില്‍ സജീവമാകുക എന്ന ലക്ഷ്യത്തോടെ അടുത്തിടെയാണ് അവര്‍ കുടുംബത്തോടൊപ്പം മുംബൈയിലേക്ക് താമസം മാറിയത്. അതുമായി ബന്ധപ്പെട്ട് അവര്‍ ഒരു അഭിമുഖത്തില്‍ മനസ് തുറന്നിരുന്നു. താന്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ അച്ഛന് തുടക്കത്തില്‍ താത്പര്യമില്ലായിരുന്നുവെന്നും ഹൈദരാബാദില്‍തന്നെ താമസിക്കാനാണ് അവര്‍ നിര്‍ബന്ധിച്ചതെന്നും ലക്ഷ്മി പറഞ്ഞിരുന്നു. എന്നാല്‍ അടുത്ത സുഹൃത്തുക്കളായ രാകുല്‍പ്രീത് സിങ്ങും റാണാ ദഗ്ഗുബാട്ടിയും മുംബൈയിലേക്ക് മാറാന്‍ ഉപദേശിച്ചെന്നും ലക്ഷ്മി തുറന്നുപറഞ്ഞിരുന്നു.
നിര്‍മാതാവ് എന്ന നിലയിലും ശ്രദ്ധേയനായ മോഹന്‍ ബാബു മോഹന്‍ലാല്‍ ചിത്രങ്ങളായ നരസിംഹം, ദേവാസുരം തുടങ്ങിയവ തെലുങ്കിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. കണ്ണപ്പ എന്ന ബിഗ് ബജറ്റ് ചിത്രവും മോഹന്‍ ബാബു നിര്‍മിക്കുന്നുണ്ട്. മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, പ്രഭാസ്, നയന്‍താര തുടങ്ങി വന്‍താരനിരയാണ് ഇതില്‍ അണിനിരക്കുന്നത്. മോഹന്‍ ബാബു സര്‍വകലാശാലയും ശ്രീ വിദ്യാനികേതന്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റും ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള മോഹന്‍ ബാബുവിന്റെ ആസ്തി 500 കോടിയാണ്. നിര്‍മാണ കമ്പനിയായ ശ്രീ ലക്ഷ്മി പ്രസന്ന പിക്ചേഴ്സിന്റെ ഉടമയും 24 ഫ്രെയിംസ് ഫാക്ടറി, മഞ്ജു എന്റര്‍ടെയ്മെന്റ് എന്നിവയുടെ സഹ ഉടമയുമാണ് മോഹന്‍ ബാബു.
Content Highlights: mohan babus manchu family controversy
Published: 11 Dec 2024, 02:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented