
ഇന്ത്യയിലെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ച് 2017ല്‍ ഇന്ത്യയിലേക്ക് മിസ് വേള്‍ഡ് പട്ടം എത്തിച്ച താരമാണ് മാനുഷി ഛില്ലര്‍. ഇപ്പോഴിതാ മിസ് ഇന്ത്യാ മത്സരത്തിലെ റണ്ണറപ്പ് മന്യാ സിങ്ങിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് മാനുഷി.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഓട്ടോഡ്രൈവറുടെ മകളായ മന്യാ സിങ് ആണ് 2020ലെ മിസ് ഇന്ത്യാ റണ്ണറപ് ടൈറ്റില്‍ സ്വന്തമാക്കിയത്. കഷ്ടപ്പാടുകളെ അതിജീവിച്ച് മുന്നേറിയ മന്യക്ക് നാനാഭാഗത്തു നിന്നും പ്രശംസകളെത്തിയിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം മാനുഷി ഛില്ലറും മന്യയുടെ നേട്ടത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തു. മന്യയുടെ വിജയത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് മാനുഷിയുടെ അഭിനന്ദന കമന്റ്. പ്രതിബന്ധങ്ങള്‍ തകര്‍ത്തെറിഞ്ഞ് മുന്നോട്ട് എന്നാണ് മന്യയെക്കുറിച്ച് മാനുഷി പറഞ്ഞത്.
ഗ്ലാമര്‍ ലോകത്തേക്ക് ചുവടുവച്ച മന്യയുടെ വിജയത്തിളക്കത്തില്‍ ഓട്ടോഡ്രൈവര്‍ കൂടിയായ അച്ഛന്റെ കഠിനാധ്വാനം കൂടിയുണ്ട്. ഉത്തര്‍പ്രദേശില്‍ ഓട്ടോഡ്രൈവറായ അച്ഛന്റെ വിശ്രമമില്ലാത്ത ഓട്ടത്തിനുള്ള സമ്മാനമാണ് തന്റെ വിജയമെന്നാണ് മന്യ പറയുന്നത്. ഈ പദവി തന്നെപ്പോലുള്ള നിരവധി പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകുമെന്നാണ് മന്യയുടെ വിശ്വാസം. എന്റെ രക്തവും വിയര്‍പ്പും കണ്ണുനീരും സ്വപ്‌നങ്ങളെ പിന്തുടരാനുള്ള ധൈര്യം പകര്‍ന്നു എന്നാണ് മന്യ പറയുന്നത്.
ദുരിതം നിറഞ്ഞ നിരവധി അനുഭവങ്ങള്‍ തനിക്ക് പങ്കുവെക്കാനുണ്ടെന്നും മന്യ പറഞ്ഞിരുന്നു. മതിയായ ഭക്ഷണമോ ഉറക്കമോ ഇല്ലാത്ത നിരവധി രാത്രികളുണ്ടായിട്ടുണ്ട്, പണം മിച്ചം വെക്കാനായി കാതങ്ങളോളം നടന്നിട്ടുണ്ട്. മറ്റൊരാള്‍ കൈമാറാത്ത പുസ്തകങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമൊക്കെ വേണ്ടി ഒരുപാട് ആഗ്രഹിച്ച കാലമുണ്ട്,പക്ഷേ സാഹചര്യങ്ങള്‍ തനിക്ക് അനുകൂലമല്ലായിരുന്നു.-മന്യ പറയുന്നു.
അല്‍പമുണ്ടായിരുന്ന പൊന്നും പണയം വച്ചാണ് മന്യയുടെ പരീക്ഷാഫീസിനുള്ള പണം മാതാപിതാക്കള്‍ കണ്ടെത്തിയത്. എല്ലാസമയത്തും കൈവശമുണ്ടാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം എന്നാണ് മന്യ പറയുന്നത്. പുസ്തകത്തിന് പണം നല്‍കാനില്ലാതെയും സ്‌കൂള്‍ ഫീസ് അടക്കാനില്ലാതെയും ഓട്ടോ ഡ്രൈവറുടെ മകള്‍ ആയതിന്റെ പേരിലുമൊക്കെ സഹപാഠികള്‍ പോലും മന്യയെ അവഗണിച്ചിരുന്നു. പകല്‍ പഠനവും വൈകുന്നേരം പാത്രം കഴുകിയും കോള്‍ സെന്ററില്‍ ജോലി ചെയ്തും പണം സമ്പാദിച്ചിരുന്നു. ഇന്ന് തന്റെ അമ്മയെയും അച്ഛനെയും ഇളയ സഹോദരനെയും ഉന്നതിയിലേറ്റിയാണ് താന്‍ മിസ് ഇന്ത്യാ വേദിയില്‍ മത്സരിക്കാനെത്തിയത്. അവനവനോടും അവനവന്റെ സ്വപ്‌നങ്ങളോടും പ്രതിബദ്ധരായാല്‍ എന്തും സാധ്യമാണെന്നു ലോകത്തോട് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് താനെന്നും മന്യ പറഞ്ഞു.
ഫെബ്രുവരി പത്തിന് രാത്രി നടന്ന മത്സരത്തിനൊടുവിലാണ് ഇരുപത്തിമൂന്നുകാരിയായ മാനസ വാരണാസിയെ വിജയിയായി പ്രഖ്യാപിച്ചത്. ഹരിയാന സ്വദേശിയായ മണിക ഷിയോകണ്ട് മിസ് ഗ്രാന്‍ഡ് ഇന്ത്യയായും ഉത്തര്‍പ്രദേശ് സ്വദേശിയായ മന്യാ സിംഗ് മിസ് ഇന്ത്യാ 2020 റണ്ണര്‍ അപ് ആയും തിരഞ്ഞെടുക്കപ്പെട്ടു. മാനസ വരുന്ന എഴുപതാമത് മിസ് വേള്‍ഡ് പേജന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
Content Highlights: Manushi Chillar is proud after auto driver's daughter Manya Singh gets crowned Miss India runner-up
Published: 12 Feb 2021, 12:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented