ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്ന ഹൃദയത്തെ മദിക്കുന്ന അനുഭവങ്ങള്‍ സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ നിന്നും ലഭിക്കാറില്ല .അതിന് അതിന്റേതായ കാരണങ്ങളുണ്ട്. എന്നാല്‍ മാള - തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റില്‍ (08.40 TVM) അടൂരില്‍ നിന്നും തമ്പാനൂരിലേക്ക് കയറിയ എഴുപത് വയസിനു മുകളില്‍ പ്രായം വരുന്ന ഒരു മുത്തശ്ശിയും അവരുടെ കൊച്ചുമകളും, എത്ര ഉച്ചത്തില്‍ സിംഗിള്‍ ബെല്ലടിച്ചിട്ടും മനസില്‍ നിന്നും ഇറങ്ങിപ്പോകുന്നില്ല.

To advertise here,

ഉച്ചഭക്ഷണത്തിനു ശേഷം അടൂരില്‍ നിന്നും ബസ് എടുക്കുമ്പോള്‍ മുത്തശ്ശിയും പേരക്കുട്ടിയും ബസിലുണ്ട്. കുട്ടിക്ക് എങ്ങനെയായാലും പ്രായം അഞ്ചു വയസിന് മുകളിലുണ്ടാകും. ഒരാളുടെ ടിക്കറ്റാണ് ആ മുത്തശ്ശി പറഞ്ഞത്. കുട്ടിക്ക് ടിക്കറ്റ് വേണ്ടിവരുമെന്ന് ഞാന്‍ പറഞ്ഞു. ഇതുവരെ ടിക്കറ്റ് എടുത്തിട്ടില്ലെന്ന് അവരും. അഞ്ചു വയസിനു മുകളില്‍ പ്രായമുണ്ടെങ്കില്‍ ടിക്കറ്റെടുക്കണമെന്ന കണ്ടക്ടര്‍ ഭാഷ്യവുമായി ഞാനും.. കയ്യില്‍ അതിനു മാത്രം പൈസയില്ലെന്നും പേരൂര്‍ക്കട ഭ്രാന്താശുപത്രിയിലേക്ക് പോകുന്ന വഴിയാണെന്നും അവര്‍ പറഞ്ഞു. പിന്നെ ഞാനൊന്നും ചോദിക്കാന്‍ നിന്നില്ല.

ടിക്കറ്റെല്ലാം കൊടുത്ത് സീറ്റിലിരുന്നപ്പോള്‍ എനിക്കെന്തോ കരച്ചില്‍ വന്നു. പിന്നീട് പലവട്ടം അവരെയും കുട്ടിയേയും ഞാന്‍ ശ്രദ്ധിച്ചു.ആ ബാലികയുടെ മുഖത്തുള്ളത്ര ആത്മവിശ്വാസവും പ്രസന്നതയും ഞാനിതുവരെ ആരുടെ മുഖത്തും കണ്ടിട്ടില്ല. ബസ് കിളിമാനൂരില്‍ എത്താറായപ്പോള്‍ അവരുടെ അടുത്ത സീറ്റിലിരുന്ന യാത്രക്കാരന്‍ എന്നെ വിളിച്ചു. ബസ് തമ്പാനൂരിലെത്താന്‍ എത്ര സമയമാകുമെന്ന്   ചോദിച്ചു. ആറുമണിയാകുമെന്ന് ഞാന്‍ പറഞ്ഞതും ആ മുത്തശ്ശി കരയാന്‍ തുടങ്ങി. പേരൂര്‍ക്കടയിലേക്ക് ഇനി തമ്പാനൂരില്‍ നിന്നും ബസു കിട്ടുമോ എന്നതായിരുന്നു അവരുടെ വിഷമം. ബസുകിട്ടുമെന്ന് പറഞ്ഞ് ഞാനും ആ യാത്രക്കാരനും അവരെ സമാധാനിപ്പിച്ചു. ഇതെല്ലാം ആ കുട്ടി നോക്കിനിന്നു.

വെഞ്ഞാറമൂട് എത്തിയപ്പോള്‍ നേരത്തെ പറഞ്ഞ യാത്രക്കാരന്‍ താന്‍ ഇവിടെ ഇറങ്ങുകയാണെന്നും ഒരു കുപ്പിവെള്ളം വാങ്ങിവരുന്നതുവരെ ബസ് നിര്‍ത്തിയിടാമോ എന്നും ചോദിച്ചു. വെള്ളം മുത്തശ്ശിക്കും കുട്ടിക്കും കുടിക്കാനായിരുന്നു. അയാള്‍ ഓടിപ്പോയി വെള്ളം കൊണ്ടുവന്നു. ഞാനത് വാങ്ങി അവര്‍ക്കു നല്‍കി. അവര്‍ തിരിച്ചറിയാനാവാത്ത മുഖഭാവത്തോടു കൂടി വെള്ളം വാങ്ങി യാത്ര തുടര്‍ന്നു. എനിക്ക് സീറ്റില്‍ ഇരിപ്പുറച്ചില്ല. ഒരു 78 രൂപ ടിക്കറ്റിന്റെ കടം എന്നെ വീര്‍പ്പുമുട്ടിച്ചു. ആരെ കാണാനാണ് പോകുന്നതെന്ന് ഞാന്‍ ചോദിച്ചു. കുട്ടിയുടെ അമ്മ ഭ്രാന്താശുപത്രിയില്‍ ചികിത്സയിലാണെന്ന് അവര്‍ പറഞ്ഞു. അത് കേള്‍ക്കുമ്പോഴും കുട്ടിയുടെ മുഖത്തെ പ്രസന്നതയ്ക്ക് ഒരു മാറ്റവും ഉണ്ടായില്ല. അവര്‍ക്കായി അധികമൊന്നും ചെയ്തു കൊടുക്കാനില്ലാത്തതു കൊണ്ട്, എന്റെ പക്കല്‍ അധിക ചോദ്യങ്ങളും ഉണ്ടായിരുന്നില്ല.

ബസ് തമ്പാനൂരിലെത്തി. ഒരു ചെറുപ്പക്കാരനായ യാത്രക്കാരനോട് ഇവരെ രണ്ടു പേരേയും പേരൂര്‍ക്കടയിലേക്കുള്ള ബസില്‍ കയറ്റിവിടാമോ എന്ന് ഞാന്‍ ചോദിച്ചു. താന്‍ ആദ്യമായിട്ടാണ് തിരുവനന്തപുരത്ത് വരുന്നതെന്ന് പറഞ്ഞുവെങ്കിലും അയാള്‍ അവരുടെ പക്കലുള്ള സഞ്ചിയെല്ലാമെടുത്ത്, ഒരു മകന്റെ സ്‌നേഹത്തോടെ മുത്തശ്ശിയേയും കുട്ടിയേയുമായി പേരൂര്‍ക്കട ബസ് തേടി, ആള്‍ക്കൂട്ടത്തിന്റെ ഭാഗമായി. എഴുപത് വയസിനു മുകളില്‍ പ്രായം വരുന്ന, അവശയായ ആ വൃദ്ധയുടെ മഹത്വത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. പറയാന്‍ നമ്മളായിട്ടില്ല. പറയാനുള്ളത് അവര്‍ക്ക് വെള്ളം വാങ്ങാന്‍ ഓടിപ്പോയ വ്യക്തിയേയും, അവരെ മകന്റെ ഉത്തരവാദിത്തത്തോടെ കൂട്ടിക്കൊണ്ടുപോയ ആ യുവാവിനെക്കുറിച്ചുമാണ്. അവരെ ഹൃദയത്തോട് ചേര്‍ക്കുന്നു. പിന്നെ, ആദ്യം എനിക്ക് വെറും ഹാഫ് ടിക്കറ്റായിരുന്ന ആ പെണ്‍കുട്ടിയുടെ മുഖവും. ആ പ്രസന്നത ഒരിക്കലും മായാതിരിക്കട്ടെ..

രണ്ട് നടികര്‍ മട്ടും  

കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനെന്ന നിലയില്‍ ഒരു പാട് പേരെ പരിചയപ്പെടാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അവരില്‍ ചിലര്‍ മനസിലെ നമ്പര്‍ പതിക്കാത്ത സീറ്റിലങ്ങ് കയറി ഓരോ യാത്രയിലും കൂടെ കൂടും. എറണാകുളം-തൃശൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ വണ്ടിയില്‍ പോകുമ്പോഴാണ് ചാലക്കുടിയില്‍ നിന്നും ഒരു തമിഴന്‍ ഇങ്ങനെ കൂടെക്കൂടിയത്. വെള്ളമടിച്ച് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ചവിട്ടുപടിയില്‍ തല താഴ്ത്തി അയാളിരുന്നു. വെള്ളമടിച്ച മലയാളിയോടില്ലാത്ത പുച്ഛം തമിഴനോടു തോന്നുന്ന സ്വാഭാവികചിന്ത മനസിലുണര്‍ന്നു. അപ്പോഴാണ്, 'മണിയെ തെരിയുമാ? ' എന്ന ചോദ്യം അയാളെറിയുന്നത്. 'തെരിയുമല്ലേ?' എന്ന ഉത്തരം സ്വയം കണ്ടെത്തിയ ശേഷം ഒരു പൊട്ടിക്കരച്ചിലായിരുന്നു അകമ്പടിയായി വന്നത്. പിന്നീടയാള്‍ വിങ്ങിപ്പൊട്ടിക്കൊണ്ട് തുടര്‍ന്നു. മണിയെ അവസാനമായി കാണാന്‍ തഞ്ചാവൂരില്‍ നിന്നും വരികയാണെന്നും, കാണാന്‍ പറ്റിയില്ലായെന്നും അയാള്‍ പറഞ്ഞു. മണി മരിക്കക്കൂടാത് എന്നയാള്‍ പിറുപിറുത്തു. തഞ്ചാവൂരില്‍ പണ്ട് ഒരു ഷൂട്ടിങ്ങിന് മണി വന്ന കാര്യവും അവിടുത്തെ പാവപ്പെട്ട ഒരു കുട്ടിക്ക് സഹായം നല്‍കിയ കാര്യവും അയാള്‍ പൊട്ടിക്കരച്ചിലിനിടയില്‍ ഓര്‍ത്തെടുത്തു. മണിയെ കൊന്നത് മലയാളികളാണെന്നും തമിഴ്‌നാട്ടിലാണെങ്കില്‍ ഇത് സംഭവിക്കുകയില്ലായിരുന്നുവെന്നും അയാള്‍ രോഷത്തോടെ പറഞ്ഞു. തൃശൂര്‍ ശക്തന്‍ സ്റ്റാന്റ്റില്‍ അയാളിറങ്ങുമ്പോള്‍ ഇഷ്ടമനുഷ്യനെ കാണാന്‍ തഞ്ചാവൂരില്‍ നിന്നും ചാലക്കുടിയിലേക്ക് വണ്ടി കയറിയ അയാളുടെ സ്‌നേഹത്തിനു മുമ്പില്‍ നമസ്‌കരിക്കാനാണ് തോന്നിയത്. ആദ്യം തോന്നിയ പുച്ഛത്തിന് മനസില്‍ ഒരായിരം ക്ഷമ ചോദിക്കാനും. 'ഇന്ത ഉലകത്തില്‍ രണ്ട് നടികര്‍ മട്ടും താനിര്ക്ക് ഒന്ന് കമലഹാസന്‍ രണ്ട് മണി ' അയാളുടെ വാക്കുകള്‍ ഇന്നും മനസില്‍ തങ്ങിനില്‍ക്കുന്നു. 

ഇതു പോലൊരു യാത്രയില്‍ കൂടെ കൂടിയവരാണ് വര്‍ഗ്ഗീസച്ചായനും ധനേഷും. കണക്കന്‍ കടവ് ബിവറേജില്‍ നിന്നും അടിച്ച് കിണ്ടിയായി വണ്ടിയില്‍ കയറിയത് വര്‍ഗ്ഗീസച്ചായന്‍. ആദ്യം മറ്റൊരു സീറ്റിലിരുന്ന അച്ചായന്‍ പിന്നീട് എന്റെ സീറ്റില്‍ കൂടെയിരുന്നു. ഭാര്യ മരിച്ചിട്ട് ഏഴു വര്‍ഷമായെന്നും വീണ്ടും കെട്ടിക്കൂടെയെന്ന് ആളുകള്‍ കളിയാക്കാറുണ്ടെന്നും വല്ലാത്തൊരു ഭാവത്തോടെ അയാള്‍ പറഞ്ഞു. പ്രായം തോല്‍പ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന വാക്കുകള്‍ അയാളുടെ ആ കോലത്തില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. മക്കളുടെ വീടുകളില്‍ കയറിയിറങ്ങുകയാണെന്നും മാളയിലുള്ള മകള്‍ക്ക് കൊടുക്കാനുള്ള വാഴക്കുലയാണിതെന്നും ഒരു ചാക്ക് ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു. മകള്‍ ഇരുനില വീട് കെട്ടുന്നുണ്ടെന്നും രണ്ടാം നിലയിലിരുന്ന് ഇതുവരെ വെള്ളമടിച്ചിട്ടില്ലായെന്നും ആ ആഗ്രഹം കൂടി ഈ ജീവിതത്തില്‍ സാധിക്കണമെന്നും അച്ചായന്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ വെറുതെ എന്തിനെക്കുറിച്ചോ ഞാന്‍ ആലോചിച്ചിരുന്നു പോയി. 

പിന്നെ വന്നത് എന്റെ ചൗക്കക്കടവ് വണ്ടിയിലെ സ്ഥിരം യാത്രക്കാരന്‍. സുഹൃത്ത് നല്‍കിയ പാര്‍ട്ടി കഴിഞ്ഞ് നാടായ അഷ്ടമിച്ചിറയിലേക്ക് വരികയാണ്. പ്രണയിച്ച് കല്യാണം കഴിച്ചപ്പോള്‍, ജാതി മാറിയത് ധനേഷിന് പ്രശ്‌നമായില്ലെങ്കിലും, ജാതി ഒരു ഗംഭീര സാധനമാണെന്ന് ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞവന്‍. പല തവണ ഭാര്യയുടെ ഗര്‍ഭമലസിയ ശേഷം ഉണ്ടായ കുട്ടിയെ ആരുടേയും സഹായമില്ലാതെ വളര്‍ത്താന്‍ പെടുന്നപാട് അയാള്‍ പറഞ്ഞു. ഭാര്യയും കുട്ടിയും കൂടെയുണ്ടെങ്കിലും ഒറ്റപ്പെടുന്നതിന്റെ വല്ലാത്തൊരു വേദന അവന്‍ പങ്കുവെച്ചു. എല്ലാവരുമുണ്ടായാലും നമ്മളൊക്കെ തനിച്ചു തന്നെയാണെന്ന് അവനെ ആശ്വസിപ്പിക്കുവാനോ സ്വയം ആശ്വസിക്കുവാനോ ഞാനും പറഞ്ഞു. ആളുകളുടെ നിഷ്‌കളങ്കതയും സത്യസന്ധതയും കാണണമെങ്കില്‍ അവര്‍ മദ്യപിക്കണമെന്നു തോന്നുന്നു. വണ്ടിയില്‍ കയറുന്ന കുടിയന്‍മാര്‍ക്ക് എന്തോ എന്നെ ഇഷ്ടമാണ്. സത്യം പറയുമ്പോള്‍ ചിലയ്ക്കുന്ന ഒരു കള്ളുകുടിയന്‍ പല്ലി എന്റെ ഹൃദയത്തില്‍ ഉണ്ടായത് കൊണ്ടാകാം.... കൂടെ ചിലയ്ക്കാന്‍ അവന്‍ എന്നെ നിര്‍ബന്ധിക്കാറുണ്ട്... തഞ്ചാവൂരുകാരന്‍ അണ്ണാച്ചിയുടെ ത്യാഗസന്നദ്ധതയും ആത്മാര്‍ത്ഥതയും ഇല്ലാത്തതിനാലാവാം ഞാന്‍ ആ ഓഫര്‍ നിരസിക്കാറാണ് പതിവ്.

ഡേവിഡ് അച്ചായന്റെ ഉത്തരവാദിത്തബോധം

ജോലിയ്ക്കിടയില്‍ മനസിലേക്ക് ഡബിള്‍ ബല്ലടിച്ച് കയറിയവര്‍ ഇനിയും ധാരാളമുണ്ട്. ചിലര്‍ ഉള്ളിലേയ്‌ക്കൊന്ന് തിരിഞ്ഞു നോക്കാന്‍ നമ്മെ പ്രേരിപ്പിക്കാറുണ്ട്. അതാണ് പരിചയപ്പെടലിന്റെ മുനമ്പ് എന്നെനിക്ക് തോന്നുന്നു.

തൃശൂര്‍ വടക്കേസ്റ്റാന്‍ഡില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകാന്‍ RAM 540 ഒരുങ്ങി നില്‍ക്കുമ്പോള്‍ അതില്‍ കാവി മുണ്ട് മടക്കിക്കുത്തി ഒരു ടീ ഷര്‍ട്ടും ധരിച്ച് അലസമായ ഭാവത്തോടെ കണ്ടക്ടര്‍ സീറ്റില്‍ ഡേവിഡ് അച്ചായന്‍. എന്നെ കണ്ടതും, ഞാന്‍ പെന്‍ഷന്‍കാരനാണെന്നും പാസ് കാണണമോയെന്നും അദ്ദേഹം അല്പം ഗര്‍വ്വോടെ ചോദിച്ചു. പുതു തലമുറ ജീവനക്കാര്‍ക്ക് നേരെ ചില പെന്‍ഷന്‍കാരില്‍ കാണാറുള്ള ഈ ഭാവം പലതവണ കണ്ടിട്ടുള്ളതുകൊണ്ട് ഞാന്‍ ചിരിച്ചു കൊണ്ട് വേണ്ട എന്നു പറഞ്ഞു. പിന്നെ തന്റെ അനുഭവങ്ങളുടെ ആഴം അദ്ദേഹം പരാമര്‍ശിച്ചു. വെറുതെ ടിക്കറ്റ് നല്‍കിയാല്‍ പോരെന്നും, മറ്റ് ഉത്തരവാദിത്തങ്ങളും കണ്ടക്ടര്‍ക്കുണ്ടെന്നും പറഞ്ഞു തുടങ്ങി. അവസാനം എത്തിയത് അതില്‍ പ്രധാന കടമ ആണുങ്ങളുടെ സീറ്റില്‍ നിന്നും പെണ്ണുങ്ങളെ എഴുന്നേല്‍പ്പിക്കലാണ് എന്നതിലായിരുന്നു. 20 വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്ത ഡ്രൈവര്‍ക്ക് സീറ്റുകളെക്കുറിച്ചുള്ള ഈ ബോധമില്ലായ്മയെ കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍ രസകരമായിരുന്നു, പെണ്ണുങ്ങളോടുള്ള അച്ചായന്റെ മനോഭാവത്തെ വിശകലനം ചെയ്യുന്നത്. ഭാര്യ, മകള്‍, മരുമകള്‍ ഇവരിലാരെങ്കിലും ഒരു ഗംഭീര പണി കൊടുത്ത വ്യക്തിയാണിതെന്ന് അപ്പൊഴേ തോന്നി. ആളുകള്‍ കയറുമ്പോള്‍ സംസാരം മുറിയുന്നതിന്റെ അതൃപ്തി അദ്ദേഹം ഇടയ്ക്ക് പ്രകടിപ്പിച്ചു. ആ അതൃപ്തി പോലും എനിക്ക് ആസ്വാദ്യകരമായിരുന്നു. എവിടെയാണ് ഇറങ്ങേണ്ടത് എന്ന ചോദ്യത്തിലാണ് അച്ചായന്‍ പച്ച മനുഷ്യനായത്. അങ്ങനെ ഒരു ലക്ഷ്യമില്ലെന്നും, രാവിലെ ഏതെങ്കിലും വണ്ടിയില്‍ കയറി യാത്ര ചെയ്യുകയാണ് പതിവെന്നും ഇന്നലെ നാലു തവണയാണ് എറണാകുളത്ത് പോയി വന്നതെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ എന്തൊക്കെയോ വെറുതെ ചോദിക്കണമെന്നു തോന്നി. പക്ഷേ ചോദ്യങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്ന ആ മനോഭാവം ഞാന്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. ചോദ്യം ചോദിക്കാതെ തന്നെ ഉത്തരത്തെ വിളിച്ചിറക്കിക്കൊണ്ടു പോരുന്ന ആ ഭാവം ഞാന്‍ മുഖത്തണിഞ്ഞു. വീട്ടിലേക്ക് പോകാന്‍ വയ്യെന്നും ഇപ്പോഴിതാണ് പതിവെന്നും ആ വൃദ്ധന്‍ പറഞ്ഞു. മകന്‍ മര്‍ദ്ദിച്ചതിന്റെ വേദനയെക്കുറിച്ച് പറഞ്ഞപ്പോള്‍ പുച്ഛവും വിദ്വേഷവും,സ്വയം തോന്നുന്ന പരിഹാസവും ആ മുഖത്ത് നിറഞ്ഞു. ഭാര്യയെ താന്‍ ഉപേക്ഷിച്ചു എന്നു പറഞ്ഞപ്പോള്‍ ആ കണ്ണുകളില്‍ തീഷ്ണതയോടൊപ്പം വാക്കുകളുടെ ഇടര്‍ച്ചയും കൂട്ടുണ്ടായിരുന്നു.പിന്നീട് ബസില്‍ തിരക്കായപ്പോള്‍ ഡേവിഡ് അച്ചായനെ ശ്രദ്ധിക്കാനായില്ല. മാളയില്‍ എത്തുന്നതിനു മുമ്പ് എവിടെയോ, മറ്റൊരു ബസില്‍ കയറാനായി അച്ചായന്‍ ഇറങ്ങിയിരുന്നു.

സത്യത്തില്‍ എന്റെ പ്രശ്‌നം ഡേവിഡ് അച്ചായനല്ല, ഞാന്‍ തന്നെയാണ്,എന്റെ മനസാണ് .... ഡേവിഡ് അച്ചായന്‍ മനസുരുകി പറയുമ്പോഴും, വര്‍ഷങ്ങളുടെ അനുഭവങ്ങളെ ചുളുവില്‍ എന്റെ ജീവിതത്തിന് മുതല്‍ക്കൂട്ടാക്കാമോയെന്ന് പരതുന്ന സ്വാര്‍ത്ഥതയോടെയായിരുന്നു ഞാന്‍ അദ്ദേഹത്തെ കേട്ടത്. ഞാന്‍ വക്താവാകുന്ന സന്ദര്‍ഭത്തില്‍ ശ്രോതാക്കളുടെ ഭാവത്തെ ഞാന്‍ മനസില്‍ കണ്ട് അപഹാസ്യത അനുഭവിക്കുന്നു. ഒന്നോര്‍ത്താല്‍ പ്രശ്‌നമില്ല. സങ്കടങ്ങള്‍ ചിലപ്പോഴൊക്കെ പറയുന്നവനും കേള്‍ക്കുന്നവനും സന്തോഷം നല്‍കുന്നു. ഡേവിഡ് അച്ചായനും എന്നോട് മനസു തുറന്നതു കൊണ്ട് സന്തോഷമേ ഉണ്ടായിട്ടുണ്ടാവൂ .നീറുന്ന പല ദുഃഖങ്ങളും മനസിലേക്ക് നാം കൊണ്ടു വരുന്നതിന്റെ ലക്ഷ്യം സന്തോഷം മാത്രമാണല്ലോ. അപ്പോള്‍ എല്ലാം ശുഭം.... അല്ലെങ്കില്‍ അതിനിന്ദ്യമീ നരത്വം ...