
കണ്ണൂര്‍ കണ്ണവനത്തുനിന്ന് പൂമാലക്കാവിലേക്ക് ഒരു വഴിയുണ്ട്. കുറച്ചങ്ങുപോയി മരുതമുക്കെത്തുമ്പോള്‍ കാണാം, നിരത്തുവക്കത്ത് കളിച്ചും ചിരിച്ചുമിരിക്കുന്ന ഒരു വീട്. രണ്ടര വര്‍ഷമായി അവിടെ മേളമാണ്. എല്ലാ ഋതുക്കളും മടങ്ങിപ്പോവാനൊരുങ്ങുന്നുവെന്ന് തോന്നിയ രണ്ടു ജീവിതങ്ങള്‍ വസന്തംവന്ന് പൂവിരിയച്ചതിന്റെ സുന്ദരമായ കാഴ്ചകള്‍. രണ്ടു കുഞ്ഞുങ്ങള്‍. അവര്‍ അറുപത് കഴിഞ്ഞ പ്രായത്തില്‍ ഒരു സ്ത്രീയെയും പുരുഷനെയും അച്ഛനും അമ്മയുമാക്കി; പെട്ടെന്ന് എല്ലാം പുതിയതായി.
വി. എസ് അനില്‍കുമാറിനും രത്‌നമ്മയ്ക്കും കുഞ്ഞുങ്ങളില്ലായിരുന്നു. പ്രേമംകൊണ്ട് നട്ടുനനച്ചതുകൊണ്ടാവാം ജീവിതം എന്നിട്ടും തളിര്‍ത്തുതന്നെ നിന്നു. വലിയ ശൂന്യതയൊന്നും തോന്നിയില്ല. കുറേ കാലം അങ്ങനെ പോയി. ''അച്ഛനാണ് ( എഴുത്തുകാരനും പ്രാസംഗികനുമായിരുന്ന എം. എന്‍ വിജയന്‍) ഐ. വി. എഫ് ചികിത്സയെടുക്കാന്‍ പറഞ്ഞത്. സാധാരണ ഒന്നിനും നിര്‍ബന്ധിക്കാത്ത ആളാണ് അച്ഛന്‍. മറുത്തുപറയാതെ ഞങ്ങള്‍ ഐ. വി. എഫ് ചെയ്തു. '' അനില്‍കുമാര്‍ പത്തിരുപത്തഞ്ചു വര്‍ഷം പുറകിലേക്ക് പോയി. ഐ. വി. എഫ് പക്ഷേ ഫലം കണ്ടില്ല. രണ്ടാമതൊരു തവണകൂടി ചെയ്യേണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതോടെ കുഞ്ഞുങ്ങളില്ലാത്ത ജീവിതം അവര്‍ സ്വീകരിച്ചു; അതിന്റെ എല്ലാ ചോദ്യങ്ങളോടും ഉത്തരങ്ങളോടുംകൂടിത്തന്നെ.
''ഇതിനിടക്ക് ഞങ്ങള്‍ സിദ്ധയും ആയുര്‍വേദവും യുനാനിയുമൊക്കെ നോക്കി. സിദ്ധ ചികിത്സയില്‍ അവര്‍ക്ക് ചീരയും ഉള്ളിയുമൊക്കെ മരുന്നാണ്. ഉള്ളി കഴിക്കുന്നതല്ല, അരക്കിലോ ഉള്ളിയൊക്കെ തൊലി കളയണ്ടേ, അതാണ് പ്രയാസം'' കഴിഞ്ഞ കാലത്തിന്റെ വേദനകളെ അനില്‍കുമാര്‍ ചിരികൊണ്ടു ചെറുതാക്കി. ''ഉള്ളികൊണ്ടൊന്നും പക്ഷേ ഫലമൊന്നുമുണ്ടായില്ല. ഐ. വി. എഫോ സരോഗസിയോ (വാടക ഗര്‍ഭപാത്രത്തിലൂടെ പ്രസവം) ഒന്നും പിന്നെ മനസ്സില്‍വന്നതുമില്ല. സത്യം പറഞ്ഞാല്‍ പരസ്പരം വേദനിച്ചാലോ എന്ന് പേടിച്ച് ഞങ്ങള്‍ ആ വിഷയം മനപൂര്‍വ്വം ഒഴിവാക്കിയതാവണം. അതൊന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ചിലപ്പോ നേരത്തേതന്നെ സരോഗസിയെപ്പറ്റി ചിന്തിച്ചേനേ..''
സരോഗസിയെപ്പറ്റി കാര്യമായി ചിന്തിച്ചത് വിരമിക്കാറായപ്പോഴാണ്. ഡോക്ടര്‍മാരായ രണ്ടു സുഹൃത്തുക്കളുണ്ടായിരുന്നു അനില്‍കുമാറിന്. അവരായിരുന്നു പ്രേരണ. എറണകുളത്തെ ഒരു സെന്റര്‍ അവര്‍തന്നെ സജസ്റ്റ് ചെയ്തു. ''ഉത്തരേന്ത്യയില്‍നിന്നുള്ള ഒരു പെണ്‍കുട്ടിയാണ് ഞങ്ങളുടെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ തയ്യാറായത്. അവരെ എത്തിക്കാനുളള ഏജന്‍സികളുണ്ട്. എല്ലാം ആശുപത്രിതന്നെ ഏര്‍പ്പാടാക്കും. ഐ. വി. എഫ് ചികിത്സ തുടങ്ങിയ കാലത്തേ എംബ്രിയോ ഫ്രീസ് ചെയ്ത് വെച്ചിരുന്നു. അതുപയോഗിച്ചു.'' രത്‌നമ്മ കൂടി സംഭാഷണത്തിലേക്ക് വന്നു. ''എല്ലാ മാസവും ഒന്നും രണ്ടും തവണ എറണാകുളത്ത് പോവുമായിരുന്നു ഞങ്ങള്‍. ആ ഉത്തരേന്ത്യന്‍ കുട്ടിക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കൊണ്ടുപോവും. ഹല്‍വ, ബിസ്‌കറ്റ്.. അവള്‍ക്കാണെങ്കില്‍ പല പരാതികളാണ്. ചപ്പാത്തി കിട്ടുന്നില്ല. ചോറേ ഉള്ളൂ. പാല് വേണം. വേറെ വസ്ത്രങ്ങള്‍ വേണം. സ്വന്തം കുട്ടികളെ നാട്ടില്‍ വിട്ടിട്ടാണ് അവള്‍ വന്നത്. എല്ലാം കൂടി അവളുടെ മനസ്സ് വേദനിക്കുമോ എന്നായിരുന്നു എനിക്ക് ടെന്‍ഷന്‍. ചിലപ്പോഴൊക്കെ സെന്ററിലുള്ളവര്‍ അവളുടെ പരാതിതീര്‍ക്കാന്‍ ഞങ്ങളെ വിളിച്ചു. ഞങ്ങളുടെ ഈ പ്രായത്തില്‍ അവള്‍ ഞങ്ങള്‍ക്ക് സരോഗേറ്റ് 'മദര്‍' മാത്രമായിരുന്നില്ല, മകള്‍തന്നെയായിരുന്നു...''
സത്യത്തില്‍ അങ്ങനെ പാടില്ലെന്നാണ്. വാടക അമ്മയമായി നമുക്കൊരു ബന്ധവും പാടില്ല. നമ്മള്‍ അണ്ഡവും ബീജവും നല്‍കുന്നു. പത്തുമാസം കഴിഞ്ഞ് അവര്‍ കുട്ടിയെ തിരികെ നല്‍കുന്നു. കുട്ടിയെ കിട്ടുംവരെ ആകെ ചിലവായത് 14 ലക്ഷം രൂപയയാണ്. അതില്‍നിന്ന് നാല് ലക്ഷം രൂപയാണ് ഏജന്‍സി അവള്‍ക്ക് കൊടുക്കുന്നത്. ഇരട്ടക്കുട്ടികളാണെന്ന് പറഞ്ഞ് ഞങ്ങളുടെ അടുത്തുനിന്ന് ഒന്നര ലക്ഷം അധികം വാങ്ങി. പക്ഷേ അതില്‍നിന്ന് ഒരു പൈസപോലും അവള്‍ക്ക് കിട്ടിയിട്ടുണ്ടാവില്ല. ഇതിനൊക്കെ പുറമേ ആശുപത്രി ചിലവെന്നും പറഞ്ഞ് അമ്പതിനായിരം വേറെയും. തട്ടിപ്പുണ്ട് ഇതിലൊക്കെ. എന്നാലും ഒരു കുഞ്ഞിനെ കിട്ടാനുള്ള ആഗ്രഹത്തില്‍ നമ്മള്‍ എല്ലാം മറക്കും.
കുഞ്ഞുണ്ടാകാന്‍ പോവുന്നത് ഞങ്ങള്‍ ആരോടും പറഞ്ഞിരുന്നില്ല. അമ്മയോടുപോലും പറഞ്ഞത് സിസേറിയന് ഒരാഴ്ച മുമ്പാണ്. അമ്പരപ്പായിരുന്നു എല്ലാവര്‍ക്കും. പറഞ്ഞില്ലല്ലോ.. എന്ന് അവര്‍ പരിഭവം പറയാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴേക്കും ഇവരിങ്ങു വന്നു. പിന്നെ ജീവിതംതന്നെ മാറി...'' പറഞ്ഞുനിര്‍ത്തിയതും രണ്ടു കുസൃതികള്‍ ഓടിവന്ന് അമ്മയെ കെട്ടിപ്പിടിച്ചു. രണ്ടര വയസ്സുകാരി പ്രകൃതിയും അവളുടെ ഇരട്ട സഹോദരന്‍ സുകൃതിയും. പ്രകൃതി അച്ഛന്റെ മടിയില്‍ക്കയറി ഇരുന്നു. മറ്റേയാള്‍ ടി. വിയുടെ റിമോട്ട് കൈവശപ്പെടുത്തി. പിന്നെ ചറുപിറാ വര്‍ത്തമാനമാണ്. ആരും കേട്ടിരുന്നുപോവും. കുഞ്ഞുങ്ങള്‍ എന്തൊരു രസമുള്ള അത്ഭുതമാണ്!
''അസൂയയോടെയാണ് ആളുകള്‍ ഞങ്ങളെ നോക്കുന്നത്. ഈ പ്രായത്തില്‍ ഞങ്ങള്‍ അത്രയ്ക്ക് സന്തോഷിക്കുന്നുണ്ട്.'' അനില്‍കുമാര്‍ ചിരിനിറഞ്ഞ മുഖത്തോടെ പറഞ്ഞു. ''മറ്റൊന്നും ചിന്തിക്കാന്‍ സമയില്ല. എപ്പോഴും ഇവരുടെ കൂടെത്തന്നെയാണ്. ഇവരുടെ കളികള്‍, വര്‍ത്തമാനം, ഭക്ഷണം...എന്റെ വായനയും എഴുത്തുമൊക്കെ നിന്നു.'' വാക്കുകളില്‍ സന്തോഷം തുളുമ്പിവന്നു. അറുപതുകളില്‍ അവര്‍ വീണ്ടും ചെറുപ്പമായതുപോലെ. ബോറടിയില്ല, ശൂന്യതയില്ല, രോഗങ്ങളില്ല..'' സത്യം പറഞ്ഞാല്‍ ഈ പ്രായത്തില്‍ അമ്മയും അച്ഛനുമാവുന്നതില്‍ പ്രത്യേക രസമുണ്ട്. ധാരാളം സമയമുണ്ട് കൈയില്‍. ഒട്ടും സമയമില്ലാത്ത, ജോലിക്കാരായ സ്ത്രീകള്‍ എത്ര പ്രയാസപ്പെടുന്നുണ്ടാവും! കുട്ടികളെ ആെരയെങ്കിലും ഏല്‍പ്പിച്ചല്ലേ പോവാന്‍ പറ്റൂ. പോയാലും പോയിടത്ത് സമാധാനമുണ്ടാവില്ല...''
അനില്‍കുമാറും രത്‌നമ്മയും അത്രമേല്‍ സമാധാനം അനുഭവിക്കുണ്ടിപ്പോള്‍. പ്രേമം പോലും പണ്ടുള്ളതിലും പതിന്മടങ്ങായപോലെ. ചുറ്റും നല്ല വെളിച്ചും. ''പണ്ടൊക്കെ ഒരു മതിലില്‍ തടഞ്ഞു നില്‍ക്കുംപോലെയായിരുന്നു ജീവിതം. അപ്പുറത്തെന്താണെന്നറിയില്ല. ഞങ്ങളുടെ മാത്രമല്ല, കുട്ടികളില്ലാത്ത പലരുടെയും സ്ഥിതി അതാണ്. ഞങ്ങള്‍ക്ക് കുഞ്ഞുങ്ങളുണ്ടായ വാര്‍ത്ത കേട്ട് പലരും കാണാന്‍ വന്നു. ആദ്യം വന്നത് പാപ്പിനിശ്ശേരിയില്‍നിന്നുള്ള ഒരാളാണ്. വിവരങ്ങളൊക്കെ ചോദിച്ച് തിരിച്ചുപോയി. ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും വന്നു; അയാള്‍ക്ക് സരോഗസിയിലൂടെ ഇരട്ടക്കുട്ടികള്‍ പിറന്ന വിവരം പറയാന്‍!'' അനില്‍കുമാര്‍ തൃപ്തിയയോടെ ചിരിച്ചു.
ടി.വിയ്ക്കു മുന്നില്‍നിന്നും പ്രകൃതി എഴുേന്നറ്റ് സംസാരത്തിനിടയില്‍ തിരുകിക്കയറി. സുകൃതിയും െവറുതേയിരുന്നില്ല. ബിസ്‌കറ്റ് പാത്രവുമെടുത്ത് മുറ്റത്തേക്ക് ഓരോട്ടംവെച്ചുകൊടുത്തു. അച്ഛനും അമ്മയും പിന്നാലെ. മുറ്റത്ത് കളിപ്പാട്ടങ്ങള്‍ നിരന്നിരുന്നു. എല്ലാവരുംകൂടിയിരുന്ന് കളി തുടങ്ങി. ഇതില്‍ ആരാണ് കുട്ടി? ആരാണ് അച്ഛനും അമ്മയും? ആ രസച്ചരട് മുറിക്കാതെ അനില്‍കുമാര്‍ തുടര്‍ന്നു. ''സരോഗസിയിലൂടെ കുട്ടികളുണ്ടായാല്‍ പറയാന്‍ മടിയാണ് പലര്‍ക്കും. ആളുകള്‍ക്കിപ്പോഴും പത്തുമാസം ചുമന്നാലേ സ്വന്തം കുഞ്ഞാവൂ. ഗര്‍ഭപാത്രം കുഞ്ഞിന് കിടക്കാനുള്ള പാത്രം മാത്രമാണ്. ചായ നമുക്ക് ഏത് പാത്രത്തിലും ഉണ്ടാക്കാം. ഏത് പാത്രത്തിലായാലും ചായ നമ്മുടേതാണല്ലോ...'' രത്‌നമ്മ അത് ശരിവെച്ചു. ''എന്റെ ഗര്‍ഭപാത്രത്തില്‍ ഒരു കുഞ്ഞ് വളരില്ലെന്ന് മനസ്സിലാക്കി. മറ്റൊരു ഗര്‍ഭപാത്രം കണ്ടുപിടിച്ചു. അത് തുറന്നു പറയാന്‍ എന്തിന് മടിക്കണം? ഇവര്‍ ഞങ്ങളുടെ സ്വന്തം കുഞ്ഞുങ്ങളല്ലെന്ന് പറയുന്നവരുണ്ട്. നൊന്തുപെറ്റില്ലല്ലോ എന്നാണ് അവരുടെ പരാതി.'' രത്‌നമ്മ ചിരിച്ചു.

അനില്‍കുമാര്‍ ഗര്‍ഭപാത്രം കടംതന്ന ആ പെണ്‍കുട്ടിയെ ഓര്‍ത്തു. ''അവള്‍ ഇടയ്‌ക്കൊക്കെ വിളിക്കുമായിരുന്നു. പോയും കണ്ടും ഒരു ബന്ധം വന്നിരുന്നു അവളുമായിട്ട്. ജനിച്ചയുടന്‍ കുട്ടികള്‍ക്ക് മുലപ്പാലാണല്ലോ നല്ലത്. കൊടുക്കാന്‍ പറ്റുമോന്ന് ചോദിച്ചിരുന്നു ഞങ്ങള്‍. അതിനുകൂടി പണം കിട്ടിയാല്‍ തയ്യാറാണെന്ന് അവള്‍ പറഞ്ഞു. പക്ഷേ പറ്റിയില്ല. അവള്‍ക്ക് പാലില്ലായിരുന്നു. ഒരു ബന്ധവും വെയ്ക്കാൻ പാടില്ലെന്ന് ഞങ്ങള്‍ക്ക് അറിയാഞ്ഞിട്ടല്ല. എന്നാലും ചെറിയൊരു ബന്ധം തോന്നുമല്ലോ. പിന്നെപ്പിന്നെ കുട്ടികളുടെ ഫോട്ടോയൊക്കെ ചോദിക്കാന്‍ തുടങ്ങി. പതുക്കെ പതുക്കെ ഞങ്ങള്‍ ആ ബന്ധം മുറിച്ചു. കുട്ടികളെ ഭാവിയില്‍ അത് ബാധിക്കരുതല്ലോ...''
വര്‍ത്തമാനത്തിനിടക്കെപ്പോഴോ സുകൃതി പുറത്തേക്കോടി. മരുതമുക്കിലെ മരത്തിലിരിരുന്ന പാടുന്ന ഏതോ പക്ഷിയെയും നോക്കി ഇത്തിരി നേരം നിന്നു. അല്ലെങ്കില്‍ അതുവേണ്ട, അച്ഛനെയും അമ്മയെയും ഒന്നു വട്ടം ചുറ്റിക്കാം. ആള്‍ തിരികെ അകത്തേക്ക് കയറി. അവിടെ പ്രകൃതി ഒരു കരച്ചിലിനൊരുങ്ങുന്നു. അച്ഛന്റെ ഷര്‍ട്ട് അവള്‍ക്കിഷ്ടമായിട്ടില്ല. ഉടന്‍ മാറ്റിയേ പറ്റൂ. അനില്‍കുമാറിന്റെ കൈ പിടിച്ച് അവള്‍ അകത്തേക്ക് കൊണ്ടുപോയി. തിരിച്ചു വരുമ്പോള്‍ അദ്ദേഹം ഷര്‍ട്ട് മാറ്റിയിട്ടുണ്ട്! അച്ഛനോട് അലിവു തോന്നിയിട്ടോ എന്തോ സുകൃതി അമ്മയുടെ പിന്നാലെയായി. രത്‌നമ്മക്ക് ഒന്ന് ഇരിക്കാന്‍ ഇട കൊടുത്തില്ല അവന്‍. തലങ്ങും വിലങ്ങും ഓട്ടംതന്നെ! ഓട്ടത്തിനിടയിലെപ്പോഴോ ആ അച്ഛനും അമ്മയും പൊട്ടിച്ചിരിച്ചു. പുറം ലോകം അവര്‍ മറന്നുപോയിരുന്നു. വസന്തം അവര്‍ക്കുചുറ്റും രണ്ടു കുഞ്ഞുങ്ങളായി വിരിഞ്ഞുനിന്നു.
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Kerala couple's surrogacy battle to get a child
Published: 19 Mar 2020, 11:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented