
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളുമൊക്കെ പഠിക്കാൻ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷൻ. സിനിമ രംഗത്തെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ട സമിതി. മുൻ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗസമിതി ഹേമാ കമ്മീഷൻ ഏറെ ശ്രദ്ധയാണ് തുടക്കം മുതലേ നേടിയത്. 2017ൽ നിയോഗിക്കപ്പെട്ട സമിതി ആറുമാസത്തിനകം പഠനറിപ്പോർട്ട് സമർപ്പിക്കണം എന്നതായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. രണ്ടുവർഷം പിന്നിട്ടിട്ടും റിപ്പോർട്ടിന്മേൽ ചർച്ചകൾ ഉണ്ടാവുകയോ നടപടികൾ എടുക്കുകയോ ചെയ്യുകയുണ്ടായിട്ടില്ല. തൊഴിലിടങ്ങളിലെ നീതിനിർവഹണത്തിനു വേണ്ടി നടപ്പിലാക്കപ്പെട്ട കമ്മീഷന്റെ കണ്ടെത്തലുകൾ എന്തുകൊണ്ടാണ് പുറത്തുവിടാൻ ഇത്രത്തോളം വൈകുന്നതെന്നാണ് ചോദ്യം. വിഷയത്തിൽ അഭിപ്രായം പങ്കുവെക്കാൻ ജസ്റ്റിസ് ഹേമയെ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ തയ്യാറല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഈ സാഹചര്യത്തിൽ മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിക്കുകയാണ് തിരക്കഥാകൃത്ത് ദീദി ദാമോദരൻ, സംവിധായിക വിധു വിൻസെന്റ്, സിനിമാ പ്രവർത്തകയും ഡബ്ല്യു.സി.സി അംഗവുമായ സംഗീത ജനചന്ദ്രൻ എന്നിവർ.
റിപ്പോർട്ടിൽ കണ്ടെത്തിയതെന്ത്, പുറത്തുവിടാത്തത് ആശങ്കാജനകം?-ദീദി ദാമോദരൻ

തൊഴിലിടത്തിൽ കൃത്യമായി പരാതി പരിഹാര സെൽ വേണം എന്നാവശ്യപ്പെട്ടാണ് ഡബ്ല്യു.സി.സി ആദ്യമായി മുഖ്യമന്ത്രിക്ക് കത്ത് നൽകുന്നത്. കൂട്ടത്തിലൊരാൾക്ക് ഒരു പരാതി വരുമ്പോൾ അതു റിപ്പോർട്ട് ചെയ്യാൻ ഒരു സെൽ സിനിമയ്ക്കകത്ത് ഇല്ലാത്തത് എന്തുകൊണ്ടാണ്? പ്രത്യേകിച്ച് സിനിമ പോലെ അവരുടെ മുഖം തിരിച്ചറിയപ്പെടുന്ന ഒരു ഇൻഡസ്ട്രിയിൽ തൊഴിലിടത്തിൽ പരാതി പരിഹാര സെൽ ഇല്ലാത്തത് എത്ര നിരാശാജനകമാണ്? അങ്ങനെയൊന്നു വേണമെന്നും ഇവിടെ സ്ത്രീകൾക്ക് സ്ത്രീസൗഹൃദ അന്തരീക്ഷം ഇല്ല എന്നും അറിയിച്ചപ്പോഴാണ് സർക്കാർ അതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കുകയും പഠന റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തത്.
കമ്മിറ്റിക്ക് മുന്നിൽ ലൈംഗിക അതിക്രമം മാത്രമല്ല പരാതിയായി വന്നത്. തിരക്കഥകളിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചും എന്തുകൊണ്ടാണ് സെൻസർ ബോർഡ് അതിന് അനുമതി നൽകുന്നത് എന്നതുമായിരുന്നു ഞാൻ പറഞ്ഞത്. അവർ കൃത്യമായി അതു രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഓർക്കാൻ പോലും ഇഷ്ടമില്ലാത്ത മാനസിക ശാരീരിക പീഡനങ്ങളും മറ്റും കമ്മിറ്റിക്ക് മുന്നിൽ പങ്കുവെച്ചവരുണ്ട്. സ്ത്രീയുടെ പ്രശ്നം പഠിക്കാനുള്ള ഹേമ കമ്മിറ്റിയുടെ പ്രവർത്തനവും ബോധ്യപ്പെടുത്തുന്നതായിരുന്നു. റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടുവർഷം കാലതാമസമെടുത്തതും അംഗീകരിക്കാവുന്നതാണ്, കാരണം അത്രത്തോളം പ്രയത്നം ആ റിപ്പോർട്ടിനു പിന്നിലുണ്ടായിട്ടുണ്ട്. പക്ഷേ റിപ്പോർട്ട് സമർപ്പിച്ചിട്ടും അതിന്മേൽ മറ്റു നടപടികൾ ഉണ്ടാകാത്തതാണ് ചോദ്യം ചെയ്യുന്നത്, അത്തരമൊരു അവസ്ഥ ആശങ്കാജനകമാണ്. റിപ്പോർട്ടിൽ എന്താണ് കണ്ടെത്തിയത് എന്നത് ചർച്ചയ്ക്കു വെച്ച് നടപടിയെടുക്കാനാണ് സർക്കാരിനോട് ആവശ്യപ്പെടുന്നത്. ഓൺലൈനായും ഓഫ്ലൈനായുമൊക്കെ ഇതിന്മേൽ നിരന്തരം മീറ്റിങ്ങുകൾ നടന്നിട്ടും മുന്നോട്ടു നീങ്ങുന്നില്ല എന്നത് വീണ്ടും ഇതൊരു പുരുഷാധിപത്യ ലോകമാണെന്ന് തെളിയിക്കുകയാണ്. ഈ തണുപ്പൻ മനോഭാവം സ്ത്രീകളെ പരിഹസിക്കുന്നതു പോലെയാണ്.
ഹേമ കമ്മീഷൻ റിപ്പോർട്ട് സ്വകാര്യ സ്വഭാവം കാരണം പുറത്തുവിടരുത് എന്ന് അതിൽ പറഞ്ഞിട്ടുണ്ടെന്നാണ് അറിഞ്ഞത്. ആരും റിപ്പോർട്ട് നേരിട്ട് കണ്ടിട്ടില്ല. പക്ഷേ ഇത്തരം രഹസ്യ സ്വഭാവമുള്ള മൊഴികൾ ഉള്ളതുകൊണ്ട് പരസ്യമാക്കരുത് ഉണ്ട് എന്നു കേട്ടു. പക്ഷേ അതേ കമ്മിറ്റിയിലെ മറ്റൊരംഗമായ നടി ശാരദ ഒരഭിമുഖത്തിൽ ഞങ്ങൾ ഈ റിപ്പോർട്ടിന് രഹസ്യ സ്വഭാവം ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നോ പുറത്തുവന്നാൽ പ്രശ്നമില്ലെന്നോ പറയുകയുണ്ടായി. അത് വളരെ വൈരുദ്ധ്യാത്മകമാണ്. അതെന്തുകൊണ്ട് ഒരു കമ്മിറ്റി അംഗം ഇത്തരമൊരു നിലപാട് പറയുന്നു എന്നത് പ്രധാനമാണ്.
വരുന്ന തലമുറയ്ക്ക് സുരക്ഷിതമായ ഇടമൊരുക്കാൻ ശബ്ദമുയർത്തിയേ തീരൂ- സംഗീത ജനചന്ദ്രൻ

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിന്മേൽ നടപടികൾ ഉണ്ടാകാത്തതിൽ നിരാശയുണ്ട്. സിനിമാ സംഘടനകളിൽ അംഗങ്ങളായവരും അംഗങ്ങളല്ലാത്തവരുമൊക്കെ അവർക്കുണ്ടായ നിരവധി നീതിനിഷേധങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്. അവരിൽ പലരും ആദ്യമായാണ് ജീവിതത്തിൽ തന്നെ ഒരാളോട് അത്തരം അനുഭവങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ടാവുക. 2017 മേയിലാണ് മുഖ്യമന്ത്രിയെ കണ്ട് ഇത്തരമൊരു അവസ്ഥ ചൂണ്ടിക്കാട്ടുകയും കമ്മിറ്റിയെ നിയോഗിക്കാൻ തീരുമാനമാവുകയും ചെയ്തത്. അതുകഴിഞ്ഞ് ഇപ്പോൾ രണ്ടുവർഷമായിട്ടും തുടർനടപടി ഉണ്ടായിട്ടില്ല എന്നത് നിരാശപ്പെടുത്തുന്നതാണ്. ലൈംഗിക അതിക്രമം മാത്രമല്ല വേതനം, തൊഴിലിടത്തിലെ ശുചിത്വം സുരക്ഷിതത്വം തുടങ്ങിയ ഒട്ടേറെ കാര്യങ്ങളുടെ പഠനറിപ്പോർട്ടാണ് ഹേമ കമ്മീഷൻ വച്ചത്. അവരനുഭവിച്ച നിരവധി കാര്യങ്ങൾ കേട്ട് റിപ്പോർട്ടാക്കി, അതിൻമേൽ ഇനിയെന്താണ് ചെയ്യാനുള്ളത് എന്നത് പ്രധാനമല്ലേ? ആഗോളതലത്തിൽ തന്നെ മലയാള സിനിമ ചർച്ച ചെയ്യുന്ന കാലത്ത് അത്തരമൊരു ഇൻഡസ്ട്രിയിലെ സ്ത്രീകളുടെ സുരക്ഷിതത്വം എത്ര പ്രധാനമാണ്.
ഡബ്ല്യു.സി.സി നിരവധി മറ്റ് സാമൂഹിക പ്രവർത്തനങ്ങളും നിശബ്ദമായി ചെയ്യുന്നുണ്ട്. അവയെല്ലാം ഓൺലൈനിൽ ഇടാത്തതുകൊണ്ടാവും ചില കാര്യങ്ങളിൽ മാത്രം സംഘടന പ്രവർത്തിക്കുന്നു എന്ന് പലരും വിമർശിക്കുന്നത്. എല്ലാവരും ഒരുപോലെ പ്രതികരിക്കണമെന്നില്ല. കളക്റ്റീവിൽ തന്നെ അവരുടെ തൊഴിലിനെ ബാധിക്കുമോ എന്നോർത്ത് ഔദ്യോഗിക അംഗത്വം എടുക്കാതെ സഹകരിക്കുന്ന നിരവധി പേരുണ്ട്. ഒരു സംഘനടയുടെ മാത്രം പ്രശ്നമല്ല, സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ്ജെൻഡേഴ്സിനും ഉൾപ്പെടെ എല്ലാ കമ്മ്യൂണിറ്റിക്കും തുല്യത നൽകുന്ന ഒരു ഇൻഡസ്ട്രിക്കു വേണ്ടിയാണിത്. എല്ലാവരും മുന്നോട്ടുവന്നു കാര്യങ്ങൾ തുറന്നുപറയാൻ ധൈര്യപ്പെടണമെന്നില്ല, എന്നാൽ ഉത്തരവാദിത്തപ്പെട്ടവർ അത് തുറന്നുപറയാൻ മുന്നോട്ടു വരണം. സ്ത്രീശാക്തീകരണത്തെക്കുറിച്ച് വാക്കുകളിൽ മാത്രം പറയുന്നതിലല്ല കാര്യം അത് നടപ്പിലാക്കുക കൂടി വേണ്ടേ. തുല്യാവകാശവും തുല്യാവസരവുമൊക്കെ ഉണ്ടാകണമെന്ന് കരുതുന്ന ധാരാളം സ്ത്രീകളുടെയും പുരുഷന്മാരുടെയും കൂട്ടായ്മയാണ് ഡബ്ല്യു.സി.സി. സർക്കാരിലും സിസ്റ്റത്തിലുമൊക്കെ ഉള്ള പ്രതീക്ഷകൾ ഇല്ലാതാകുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകരുത്. സെലിബ്രേറ്റ് ചെയ്യപ്പെടുന്ന ആളുകൾക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരിയായ എന്റെ അവസ്ഥ എന്താണ് എന്ന് ഒരു സ്ത്രീക്കും ചിന്തിക്കാനുള്ള സാഹചര്യം ഉണ്ടാവരുത്. അതിനെല്ലാം ഹേമ കമ്മീഷൻ വിഷയത്തിന്മേൽ നടപടികൾ ഉണ്ടായേ തീരൂ.
ആ കമ്മിറ്റിയിലെ ഒരംഗമായ ശാരദാമ്മ പറഞ്ഞ വാക്കുകൾ ഏറെ വേദനിപ്പിച്ചു. അന്നും ഇത്തരം അതിക്രമങ്ങൾ നടന്നിരുന്നു, ആരും തുറന്നു പറഞ്ഞിരുന്നില്ല എന്നെല്ലാം. പക്ഷേ നമ്മളെ വീണ്ടും പിന്നോട്ട് വലിക്കുകയല്ലല്ലോ വേണ്ടത്. മുന്നിൽ അനീതി നടക്കുമ്പോൾ നിശബ്ദം ഇരിക്കുകയല്ലല്ലോ ചെയ്യേണ്ടത്. വരുന്ന തലമുറയ്ക്ക് സുരക്ഷിതമായ, സ്ഥിരമായ ഒരു ഇടം സൃഷ്ടിക്കാൻ നമുക്ക് ശബ്ദമുയർത്താൻ കഴിയുമെങ്കിൽ അതു ചെയ്യുകയാണ് വേണ്ടത്.
സർക്കാർ മുഖം തിരിക്കുമെന്ന് കരുതുന്നില്ല, അടിയന്തര നടപടികളുണ്ടാവണം- വിധു വിൻസെന്റ്

റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടുവർഷത്തോളമാണ് എടുത്തത് കോവിഡ് കാലമായതിനാൽ സഭ കൂടുന്ന അവസരം തന്നെ വിരളമായിരുന്നു. അടിയന്തര പ്രശ്നങ്ങൾക്കു മാത്രമായി സഭ കൂടുന്നത് ചുരുങ്ങി. അതുകൊണ്ടുതന്നെ വളരെ അത്യന്താപേക്ഷിതമായ വിഷയങ്ങളിൽ ചർച്ച നടക്കുകയും മറ്റു വിഷയങ്ങൾ സഭയുടെ പരിഗണനയിലേക്ക് വരാതെ പോവുകയും ചെയ്യാതിരുന്നു. ഈ കാര്യങ്ങളെല്ലാം പരിഗണിച്ചുവേണം ഈ വിഷയത്തെ സമീപിക്കാൻ. റിപ്പോർട്ട് കൊടുക്കുന്ന സമയത്തു തന്നെ റിപ്പോർട്ടിൽ സ്വകാര്യസ്വഭാവത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട് എന്നാണറിയുന്നത്. റിപ്പോർട്ട് മുഴുവനും ആളുകൾക്കിടയിൽ ചർച്ച ചെയ്യേണ്ടതില്ല, അതുകൊണ്ടുതന്നെ മുഴുവനായും കിട്ടണം എന്നതിൽ അർഥമില്ല. ആശങ്കകൾ പങ്കുവെച്ച ഓരോരുത്തർക്കും അവരുടെ സ്വകാര്യത പ്രശ്നമാണ്. അത്തരമൊരു റിപ്പോർട്ട് ആയതിനാൽ അതിൽ പരാമർശിച്ചിരിക്കുന്ന വിഷയങ്ങൾ പരിഗണിച്ചുകൊണ്ട് റിപ്പോർട്ട് കൊടുക്കുക മാത്രമാണ് അവർ ചെയ്തത്. പക്ഷേ നടപടികളെന്ന നിലയ്ക്ക് സർക്കാരിന് എന്തൊക്കെയാണ് ഈ പ്രശ്നങ്ങളെ മറികടക്കാനും ഇൻഡസ്ട്രിയെ സഹായിക്കാനും ചെയ്യേണ്ടത് എന്ന് ആലോചിക്കാവുന്നതാണ്. ഈ സർക്കാർ തന്നെയാണ് തുടരുന്നത് എന്നതിനാൽ അതെളുപ്പവുമാണ്. സർക്കാരിന്റെ അലംഭാവമാണ് എന്നു കരുതുന്നില്ല. കാരണം മനുഷ്യന്റെ ജീവൻ പോലുള്ള പരമപ്രധാനമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന സമയത്ത് ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിൽ പരിമിതിയുണ്ടായിരിക്കാം. റിപ്പോർട്ടിൽ നടപടി ഉണ്ടാകണം എന്നത് ഡബ്ല്യ.സി.സിയുടെ മാത്രം ആവശ്യമല്ല, സിനിമയെ തൊഴിലായി കാണുന്ന, തൊഴിലിടത്തിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഗൗരവമാണെന്ന് കണക്കിലാക്കുന്ന എല്ലാ മനുഷ്യരുടെയും ആവശ്യമായാണ് ഇത് വരേണ്ടത്. ഈ സർക്കാർ അതിനോട് മുഖം തിരിക്കുമെന്ന് കരുതുന്നില്ല. ഇത്തരത്തിലൊരു റിപ്പോർട്ട് വേണമെന്ന് ആദ്യമായി ചിന്തിച്ച സർക്കാരാണിത്. എന്തൊക്കെ വിയോജിപ്പുകൾ പ്രകടിപ്പിക്കുമ്പോഴും ഈ സർക്കാർ അതിനു മുൻകൈയെടുത്തതിൽ തർക്കമില്ല. ഇനിയുണ്ടാകേണ്ടത്, ഇതിന്മേലുള്ള അടിയന്തര നടപടികളാണ്.
ഡബ്ല്യു.സി.സി യുടേത് മാത്രമല്ല ഇത് സിനിമയുമായി ബന്ധപ്പെട്ട ഓരോരുത്തരുടേയും ആവശ്യമാണ്. ജനങ്ങളെ അതു ബോധ്യപ്പെടുത്തണം. വലിയൊരു ക്യാംപെയിനാണ് ഉണ്ടാകേണ്ടത്. തൊഴിലിടങ്ങളിൽ കാലോചിതമായ പരിഷ്കൃത മാറ്റങ്ങൾ വരുത്തണം എന്നതുമാത്രമല്ല അടിത്തട്ടിലേക്കു കൂടി പ്രശ്നത്തിന്റെ ഗൗരവം എത്തേണ്ടതുണ്ട്. ഒരു സംഘടനയുടെ മാത്രം വിഷയമായല്ല ഇത് അഡ്രസ് ചെയ്യേണ്ടത്. ആളുകളിലേക്ക് ഇറങ്ങിച്ചെന്നുള്ള കർമപദ്ധതി ഉണ്ടാകണം. സിനിമ പോലൊരു ഇൻഡസ്ട്രിയിൽ നടക്കുന്ന അനീതികൾ ഇത്രകാലം ചർച്ചയാവാത്തത് അത്തരം സമരങ്ങളുടെ അഭാവം കൊണ്ടുകൂടിയാണ്. നാം നേടിയിട്ടുള്ള എല്ലാ തൊഴിലാവകാശങ്ങളും ഇത്തരം പ്രക്ഷോഭങ്ങളുടെ ഭാഗമായാണ്. കർഷകരുടെയും അധ്യാപകരുടെയും നഴ്സുമാരുടെയുമൊക്കെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നത് പൊരുതിത്തന്നെയാണ്. എളുപ്പവഴികൾക്കു പകരം ഞാനടക്കമുള്ള ആളുകൾ സ്വയം ആത്മവിമർശനത്തോടെ വിഷയത്തെ സമീപിച്ച് ക്യാംപെയിനാക്കി മാറ്റുകയാണ് വേണ്ടത്.
Content Highlights: justice hema commission report, women in cinema collective, deedi damodaran, vidhu vincent, sangeetha janachandran
Published: 06 Jan 2022, 04:09 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented