സാമൂഹികസംരംഭകര്‍ക്കിടയിലെ വേറിട്ടുനില്‍ക്കുന്ന പേരുകളിലൊന്നാണ് ജാക്ക് സിം. മിസ്റ്റര്‍ ടോയ്‌ലറ്റ് എന്നറിയപ്പെടുന്ന ഈ സിങ്കപ്പൂര്‍ സ്വദേശിയാണ് ഒരിക്കല്‍ പലരും പറയാന്‍ തന്നെ മടിച്ചിരുന്ന കാര്യത്തെ ഒരു ആഗോളപ്രസ്ഥാനമാക്കി മാറ്റിയത്. ശുചിത്വം, ശൗചാലയസൗകര്യം തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം സന്തോഷത്തോടെ കൈകാര്യം ചെയ്യുന്നു. വിവിധ സര്‍ക്കാരുകളോട് ശുചിത്വവും പൊതുജനാരോഗ്യവും സംബന്ധിച്ച നയങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ അഭ്യര്‍ഥിക്കുകയാണ് ലോക ശൗചാലയ സംഘടന (വേള്‍ഡ് ടോയ്ലറ്റ് ഓര്‍ഗനൈസേഷന്‍- WTO)യുടെ സ്ഥാപകനും തലവനുമായ സിം.
'ഒരു പ്രശ്‌നത്തെ കുറിച്ച് ആരും സംസാരിക്കുന്നില്ലെങ്കില്‍ അക്കാര്യം ശ്രദ്ധിക്കപ്പെടാതെ തുടരും. അതുകൊണ്ട് നാം അതേപ്പറ്റി പരസ്യമായി ചര്‍ച്ച ചെയ്യുക തന്നെ വേണം. ഇക്കാരണത്താലാണ് ഞാന്‍ ശുചിത്വത്തെയും പൊതുശൗചാലയങ്ങളെയും കുറിച്ച് തുറന്നുപറയുന്നത്.' ഇതാണ് സിമ്മിന്റെ നിലപാട്. 'ലോക ശൗചാലയ സംഘടന എന്നത് എല്ലാവര്‍ക്കും ഒരു തമാശയാണ്, പക്ഷേ ഈ വിഷയം വളരെ പ്രാധാന്യമര്‍ഹിക്കുന്നു', സംഭാഷണത്തിന്റെ തുടക്കത്തില്‍ തന്നെ സിം പറഞ്ഞു.
സ്‌കൂളിലെ തോല്‍വിയില്‍ നിന്നും ബിസിനസിലെ വിജയത്തിലേക്ക്...
ജാക്ക് സിമ്മിന്റെ സിംഗപ്പൂരിലെ ബാല്യകാലം വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. ഒരു ദരിദ്രകുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹം താന്‍
സ്‌കൂളിലെ പ്രശ്‌നക്കാരനായിരുന്നുവെന്ന് തുറന്നു സമ്മതിക്കുന്നു. പലപ്പോഴും അദ്ധ്യാപകര്‍ കുസൃതികള്‍ക്ക് ശിക്ഷയായി തന്നെ ക്ലാസ്സിനു പുറത്തു നിര്‍ത്തിയിരുന്നതിനാല്‍ താനൊരു 'ഔട്സ്റ്റാന്‍ഡിങ്' വിദ്യാര്‍ത്ഥിയായിരുന്നുവെന്നാണ് സിമ്മിന്റെ ഭാഷ്യം. വലിയ സംസാരപ്രിയനായിരുന്ന സിം പഠനത്തില്‍ പുറകിലായിരുന്നതിനാല്‍ ഒ-ലെവല്‍ സ്‌കൂള്‍ പരീക്ഷയില്‍ പരാജയപ്പെട്ടു. അതിനാല്‍ പ്രീ-യൂണിവേഴ്‌സിറ്റി പഠനം പോലും സാധ്യമായില്ല.
എങ്കിലും സ്‌കൂളില്‍ നിന്നും പഠിക്കാത്ത പലതും ജീവിതം അദ്ദേഹത്തെ പഠിപ്പിച്ചു. തന്റെ മികവ് തെളിയിക്കാനായി സിം വില്പനരംഗത്തേക്കിറങ്ങി. വളരെ പെട്ടെന്ന് തന്നെ തന്റെ സ്ഥാപനത്തിലെ ഏറ്റവും മികച്ച സെയില്‍സ്‌പേഴ്‌സണ്‍ ആയിമാറി. അദ്ദേഹത്തിന്റെ സംരംഭകത്വ മികവ് കണ്ട ഒരു നിക്ഷേപകന്‍ നിര്‍മാണസാമഗ്രികളുടെ ബിസിനസ് തുടങ്ങാന്‍ സിമ്മിനെ സഹായിച്ചു. ഇരുപത് ശതമാനം പങ്കാളിത്തവും ഉറപ്പു നല്‍കി. സിമ്മിനെ സംബന്ധിച്ചിടത്തോളം പഠനത്തേക്കാള്‍ എത്രയോ എളുപ്പമായിരുന്നു ബിസിനസ്. അതുകൊണ്ടു തന്നെ അടുത്ത 16 വര്‍ഷങ്ങള്‍ക്കുള്ളില്‍ റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണ മേഖലകളിലായി 16 ലാഭകരമായ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. അങ്ങനെ 40 വയസ്സിനകം സിം പതിനഞ്ചോളം സ്വത്തുവകകളുടെ ഉടമസ്ഥനായ ഒരു കോടീശ്വരനായി മാറി.
ദശലക്ഷങ്ങളുടെ നഷ്ടം...
സിം വിജയത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഏഷ്യയില്‍ സാമ്പത്തിക തകര്‍ച്ചയുണ്ടാകുന്നത്. അതേത്തുടര്‍ന്ന് കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ താന്‍ നേടിയ സമ്പാദ്യമെല്ലാം നഷ്ടമാകുന്നത് അദ്ദേഹത്തിന് കാണേണ്ടി വന്നു. സിമ്മിന്റെ പകുതിയോളം സ്വത്തുക്കള്‍ പണയത്തിലാകുകയും അദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തു. എന്നാല്‍ ഈ ദുരിതകാലം അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചു. ജീവിതത്തിന്റെ മൂല്യമളക്കാന്‍ പണം ഒരു മാനദണ്ഡമാകുന്നതെങ്ങനെയെന്ന് അദ്ദേഹം ചിന്തിച്ചു.
പതിയെ വ്യാപാര രംഗം പച്ചപിടിച്ചപ്പോള്‍ സിം വീണ്ടും സാമ്പത്തിക ഭദ്രത കൈവരിച്ചു. എങ്കിലും തന്റെ അനുഭവങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കി. സമ്പത്തിനു പിറകെ പായുന്നതിനു പകരം സന്തോഷം കണ്ടെത്താനും സാമൂഹ്യസേവനം ചെയ്യാനും സിം തീരുമാനിച്ചു. നാല്‍പതു വയസായപ്പോള്‍ ജീവിതത്തിന്റെ പകുതിയോളം ജീവിച്ചു തീര്‍ന്നുവെന്നു അദ്ദേഹം തിരിച്ചറിഞ്ഞു. ഇനിയുള്ള രണ്ടാം പകുതി എങ്ങനെ ചെലവഴിക്കണമെന്നായി അദ്ദേഹത്തിന്റെ മുന്നിലെ അടുത്ത ചോദ്യം.
ലോക ശൗചാലയ സംഘടനയുടെ പിറവി
അങ്ങനെയാണ് ലോകം മുഴുവന്‍ അവഗണിക്കപ്പെട്ട ഒരു പ്രധാന വിഷയം സിമ്മിന്റെ ശ്രദ്ധയില്‍ വരുന്നത് - ശുചിത്വം. ലോക ജനസംഖ്യയുടെ നാല്‍പതു ശതമാനത്തോളം പേര്‍ ശരിയായ ടോയ്ലറ്റ് സംവിധാനങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നുവെന്നാണ് കരുതുന്നത്. പൊതുജനാരോഗ്യവും അന്തസ്സും ഉറപ്പാക്കുന്നതിലും, സാമ്പത്തികവളര്‍ച്ചയും ഉല്പാദനക്ഷമതയും കൈവരിക്കുന്നതിലും ശൗചാലയങ്ങള്‍ക്കുള്ള പ്രസക്തി തിരിച്ചറിഞ്ഞ സിം അതിനെ ഒരു മാറ്റത്തിനുള്ള അവസരമായി കണ്ടു. അങ്ങനെ 1998-ല്‍ അദ്ദേഹം സിംഗപ്പൂരില്‍ റെസ്റ്റ് റൂം അസോസിയേഷന്‍ ആരംഭിച്ചു. പിന്നീട് 2001-ല്‍ വേള്‍ഡ് ടോയ്ലറ്റ് ഓര്‍ഗനൈസേഷന്‍- WTO സ്ഥാപിച്ചു.
ശുചിമുറിയുമായി ബന്ധപ്പെട്ട ഒരു ആഗോള പ്രസ്ഥാനം തുടങ്ങുക എന്ന ആശയം പലര്‍ക്കും ഒരു തമാശയായിരുന്നു. എന്നാല്‍ അത് തന്നെയായിരുന്നു സിമ്മിന്റെ ലക്ഷ്യവും. ആളുകള്‍ ചിരിക്കുന്നുണ്ടെങ്കില്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് അദ്ദേഹം കരുതുന്നത്. സിമ്മിന്റെ തമാശകളും ദൃഢനിശ്ചയവും പതിയെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയതോടെ സംഘടന വിജയകരമാകാന്‍ തുടങ്ങി.
അതേ വര്‍ഷം തന്നെ അദ്ദേഹം സിംഗപ്പൂരില്‍ ആദ്യത്തെ ലോക ശൗചാലയ ഉച്ചകോടി (വേള്‍ഡ് ടോയ്ലറ്റ് സമ്മിറ്റ്) സംഘടിപ്പിക്കുകയും നവംബര്‍ 19 ലോക ശൗചാലയ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. അതായിരുന്നു ശൗചാലയത്തിന്റെ പ്രാധാന്യമുയര്‍ത്തി കാണിക്കാനായുള്ള ആദ്യത്തെ അന്താരാഷ്ട്ര ദിനാചരണം. സമൂഹത്തിന്റെ താഴെത്തട്ടില്‍ നിന്നുയര്‍ന്നു വന്ന ഈ ഉദ്യമം 2013-ല്‍ 193 രാജ്യങ്ങളുടെ പിന്തുണയോടെ ഐക്യരാഷ്ട്ര സഭ അംഗീകരിച്ചു.
ലോക ശുചിത്വത്തിനായുള്ള പോരാട്ടം
വേള്‍ഡ് ടോയ്ലറ്റ് ഓര്‍ഗനൈസേഷന്‍ മുഖേന ശുചിത്വ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ലോകത്തെമ്പാടുമുള്ള വിവിധ സര്‍ക്കാരുകളുമായും സംഘടനകളുമായും സ്ഥാപനങ്ങളുമായും ചേര്‍ന്ന് ജാക്ക് സിം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ടോയ്ലറ്റ് സംവിധാനങ്ങളുടെ അഭാവം കാരണം ചില പെണ്‍കുട്ടികളുടെ സ്‌കൂള്‍ പഠനം തന്നെ നിലയ്ക്കുന്നുവെന്നാണ് സിം പറയുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി അദ്ദേഹം ചന്ദ്രബാബു നായിഡുവിനെയും വെങ്കയ്യ നായിഡുവിനെയും കണ്ടിരുന്നു. പിന്നീട് നരേന്ദ്ര മോദി പ്രധാന മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ സിംഗപ്പൂര്‍ സന്ദര്‍ശന വേളയില്‍ സിമ്മിനെ കാണാനെത്തുകയും നന്ദി അറിയിക്കുകയും ചെയ്തു.
ശുചിത്വം എന്നാല്‍ വെറും അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമല്ല എന്ന തിരിച്ചറിവില്‍ സിം ഉന്നയിക്കുന്ന ആശയമാണ് 'എബിസി' - ആര്‍ക്കിടെക്ചര്‍, ബിഹേവിയര്‍, ആന്‍ഡ് ക്ലീനിങ്. സിമ്മിന്റെ ആശയം വെറും ശുചിമുറികളുടെ നിര്‍മാണത്തില്‍ ഒതുങ്ങുന്നതല്ല, മറിച്ച് അവ കൃത്യമായി പരിപാലിക്കുക, ജനങ്ങള്‍ക്ക് പ്രാപ്യമാക്കുക, സമൂഹത്തിലെ സ്വീകാര്യത ഉറപ്പു വരുത്തുക എന്നിവയില്‍ കൂടി അധിഷ്ഠിതമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വൃത്തിക്കും ശൗചാലയ സൗകര്യങ്ങള്‍ക്കും വേണ്ടി പണം ചെലവഴിക്കുന്ന രാജ്യങ്ങള്‍ വികസനത്തിന്റെ കാര്യത്തിലും മുന്നിട്ടു നില്‍ക്കുന്നു. ജപ്പാനും സിംഗപ്പൂരും ശുചിത്വ സൗകര്യങ്ങള്‍ക്കായി ധാരാളം പണം മുടക്കുന്നതിനാല്‍ അവിടത്തെ ജനങ്ങള്‍ക്ക് ലോകോത്തര നിലവാരമുള്ള പൊതുശൗചാലയങ്ങള്‍ ലഭ്യമാകുന്നു.
'മിസ്റ്റര്‍ ടോയ്ലറ്റ്' രചിച്ച പുസ്തകങ്ങള്‍
സ്‌കൂളില്‍ മികവു തെളിയിക്കാനായില്ലെങ്കിലും സിമ്മിന്റെ പഠിക്കാനുള്ള താല്പര്യത്തിന് ഒരിക്കലും മങ്ങലേറ്റില്ല. തന്റെ 52-മത്തെ വയസ്സില്‍ അദ്ദേഹം ഒരു പബ്ലിക് പോളിസി പ്രോഗ്രാമിന് ചേരുകയും 56-മത്തെ വയസ്സില്‍ ബിരുദം പൂര്‍ത്തീകരിക്കുകയും ചെയ്തു. പിന്നീട് രണ്ട് ഓണററി ഡോക്ടറേറ്റുകളും സ്വന്തമാക്കി. അദ്ദേഹം രചിച്ച 'ദി ഗംപ്ഷന്‍ ഓഫ് മിസ്റ്റര്‍ ടോയ്ലറ്റ്' (The Gumption of Mr Toilet ) എന്ന പുസ്തകം കുട്ടികളെ കാലങ്ങളായി നിലനില്‍ക്കുന്ന പല രീതികളെയും ചോദ്യം ചെയ്യാനും മാറ്റം കൊണ്ടുവരാനും പഠിപ്പിക്കുന്നു.
നിര്‍മിത ബുദ്ധി ലോകത്തെ നിയന്ത്രിക്കുന്ന ഇക്കാലത്ത് സഹാനുഭൂതി, സ്‌നേഹം, കൗതുകം തുടങ്ങിയ മാനുഷിക ഗുണങ്ങളാണ് ഏറ്റവും അമൂല്യം എന്നാണ് സിമ്മിന്റെ കാഴ്ചപ്പാട്. 2019-ല്‍ പുറത്തിറങ്ങിയ 'മിസ്റ്റര്‍ ടോയ്ലറ്റ്: ദി വേള്‍ഡ്'സ് #2 മാന്‍' എന്ന ഡോക്യുമെന്ററി, സാമൂഹിക വിലക്കുകള്‍ മറികടന്ന് സിം നടത്തിയ 'ശൗചാലയ വിപ്ലവം' ലോകത്തെ പലരുടേയും ജീവിതം തന്നെ മാറ്റിമറിച്ചതെങ്ങനെയെന്ന് അടയാളപ്പെടുത്തുന്നു.
നാളുകളെണ്ണി കഴിയുമ്പോള്‍....
ജാക്ക് സിം ജീവിതത്തെ വീക്ഷിക്കുന്ന രീതി വളരെ വ്യത്യസ്തമാണ്. സിംഗപ്പൂരിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 82 വയസ്സാണ്. ഇപ്പോള്‍ 68 വയസ്സുള്ള സിമ്മിന്റെ കണക്കുകൂട്ടലില്‍ അദ്ദേഹത്തിന് ഇനി ഏകദേശം 4400 ദിവസങ്ങളേ ശേഷിക്കുന്നുള്ളൂ. എന്നാല്‍ ഈ കണക്കിന്റെ കൃത്യതയെ കുറിച്ച് ചിന്തിച്ചിരിക്കാതെ, തനിക്കാകുന്നതിന്റെ പരമാവധി ചെയ്യാനുള്ള പ്രചോദനമായാണ് സിം അതിനെ കാണുന്നത്.
Content Highlights: Feature about Mr. Toilet Jack Sim, World Toilet Organization
Published: 07 Sept 2025, 12:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented