ക്ഷക്കണക്കിന് വിദ്യാർഥികൾക്കിടയിൽനിന്ന് പോരാടി നേടിയെടുക്കുന്ന സ്വപ്‌നമാണ് ഐ.ഐ.ടി. പ്രവേശനം. തിളക്കമാർന്ന ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങളുമായി ഐ.ഐ.ടിയുടെ പടികയറുന്ന ഈ വിദ്യാർഥികൾക്ക് എവിടെയാണ് കാലിടറുന്നത്? ഭാവി പടുത്തുയർത്തേണ്ട ഐ.ഐ.ടികൾ മാനസിക സമ്മർദത്തിന്റെയും ഒറ്റപ്പെടുത്തലിന്റെയും ജാതീയമായ മാറ്റിനിർത്തലുകളുടെയും ആയുസ്സൊടുക്കുന്ന ഇടങ്ങളായി മാറിക്കൊണ്ടിരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്തെ 23 ഐ.ഐ.ടി.കളിലായി പൊലിഞ്ഞുപോയത് 53 ജീവനുകളാണ്, അതായത് മാസംതോറും ഒരു ഐ.ഐ.ടി. വിദ്യാർഥിയെങ്കിലും ജീവിതം പാതിപോലും ഓടിത്തീരും മുൻപേ ജീവിതം അവസാനിപ്പിക്കുന്നു!

To advertise here,

ഐ.ഐ.ടികളിൽ വർധിച്ചുവരുന്ന ആത്മഹത്യകളെയും ജാതിവിവേചനങ്ങളെയും കുറിച്ച് കെ.സി. വേണുഗോപാൽ എം.പി. ഉന്നയിച്ച ചോദ്യത്തിന്, ഉന്നത വിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി നിലേഷ് ചന്ദ്ര ശ്രീവാസ്തവയുടെ നിർദേശപ്രകാരം ഐ.ഐ.ടികൾ സമർപ്പിച്ച ഡേറ്റയിൽനിന്നുള്ള വിവരങ്ങളാണ് ഇത്. 2020-21 മുതൽ 2024-25 വരെയുള്ള അഞ്ചു അധ്യയന വർഷങ്ങളിൽ വിവിധ ഐ.ഐ.ടികളിലായി മരണപ്പെട്ട 53 വിദ്യാർഥികളിൽ 45 പേരും (84.9%) ആത്മഹത്യ ചെയ്യുകയായിരുന്നു. എട്ട് മരണങ്ങൾ അസ്വാഭാവിക മരണങ്ങളായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അവരിൽ 54.7 ശതമാനവും (29 പേർ) പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഐ.ഐ.ടി. ബോംബെയിലെ രണ്ടാം വർഷ ബി.ടെക്. വിദ്യാർഥി സാഹിലിന്റെ മരണവും ഈ കണക്കുകളും കാമ്പസിലെ 'ദുരവസ്ഥ'കളിലേക്കാണ് വീണ്ടും വിരൽചൂണ്ടുന്നത്. കാമ്പസുകളിൽ സംവരണ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾ ഏറ്റവും കൂടുതൽ നേരിടുന്നത് 'മെരിറ്റ്' അഥവാ യോഗ്യതയെക്കുറിച്ചുള്ള പരിഹാസങ്ങളാണ്. സംവരണം മൂലമാണ് ഇവർക്ക് ഇവിടെ പ്രവേശനം ലഭിച്ചതെന്നും യഥാർത്ഥ കഴിവുള്ള ജനറൽ വിഭാഗക്കാർ പുറത്തായെന്നുമുള്ള മുനവച്ചുള്ള സംസാരങ്ങൾ ക്ലാസ് മുറികളിലും ഹോസ്റ്റൽ കോറിഡോറുകളിലും പതിവാണ്.

പഠനത്തിൽ അല്പം പിന്നിലായാൽ 'നിങ്ങൾക്ക് സംവരണമുണ്ടല്ലോ, പഠിച്ചില്ലെങ്കിലും കുഴപ്പമില്ലല്ലോ' എന്ന രീതിയിലുള്ള വിഷലിപ്തമായ പരാമർശങ്ങൾ വിദ്യാർഥികളുടെ ആത്മവിശ്വാസത്തെ തകർക്കുകയാണ്. ഐ.ഐ.ടികളിൽ പഠനത്തിന്റെ പ്രധാന ഭാഗമാണ് ഗ്രൂപ്പ് പ്രോജക്റ്റുകളും സ്റ്റഡി ഗ്രൂപ്പുകളും. എന്നാൽ, പ്രോജക്ട് ഗ്രൂപ്പുകൾ രൂപീകരിക്കുമ്പോൾ സംവരണ വിഭാഗങ്ങളിലെ വിദ്യാർഥികളെ ഉൾപ്പെടുത്താൻ പലപ്പോഴും ഉയർന്ന ജാതിയിൽപ്പെട്ട വിദ്യാർഥികൾ മടിക്കുന്ന പ്രവണതയുമുണ്ടെന്ന് ചില വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നു. ഇത് അക്കാദമിക് ഗ്രേഡിങ്ങിനെ പ്രതികൂലമായി ബാധിക്കുക മാത്രമല്ല, വിദ്യാർഥികളെ ഒറ്റപ്പെടലിലേക്ക് നയിക്കുന്ന 'സോഷ്യൽ ഐസൊലേഷന്' കാരണമാവുകയും ചെയ്യുന്നു.

പ്രാക്ടിക്കൽ പരീക്ഷകളിലും പ്രോജക്ട് വിലയിരുത്തലുകളിലും കുറഞ്ഞ മാർക്ക് നൽകുക, സംശയങ്ങൾ ചോദിക്കുമ്പോൾ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുക, പരീക്ഷാ ഹാളുകളിലോ ക്ലാസുകളിലോവെച്ച് പരസ്യമായി അപമാനിക്കുക. സാഹിലിന്റെ കേസിൽ പോലും, പ്രൊഫസർ ജാതീയമായി അധിക്ഷേപിച്ചെന്നും 'താഴ്ന്ന ജാതിക്കാരനാണെന്ന്' പറഞ്ഞ് മാനസികമായി പീഡിപ്പിച്ചെന്നുമാണ് കുടുംബം നൽകിയ പരാതി.

ഐ.ഐ.ടികളിൽ പ്രവേശനം നേടുമ്പോൾ വിദ്യാർഥികൾക്ക് ലഭിക്കുന്ന റോൾ നമ്പറോ എന്റോൾമെന്റ് നമ്പറോ പരിശോധിച്ചാൽ തന്നെ അവർ ഏത് കാറ്റഗറിയിലാണ് (General, SC, ST, OBC) പ്രവേശനം നേടിയതെന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. കാമ്പസുകളിൽ പ്രവേശിക്കുന്ന ആദ്യ നാളുകളിൽതന്നെ മറ്റ് വിദ്യാർഥികളും ചില അധ്യാപകരും ഈ വിവരങ്ങൾ ശേഖരിക്കുകയും വിദ്യാർഥികളെ ഗ്രൂപ്പുകളാക്കി തിരിക്കുകയും ചെയ്യുന്നു. ഹോസ്റ്റലുകളിലെ മെസ്സുകളിൽ ഭക്ഷണരീതികളുടെ അടിസ്ഥാനത്തിൽ വേർതിരിവുകളുണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇനി കണക്കുകളിലേക്ക് കടക്കാം

ഐ.ഐ.ടി. കാമ്പസുകളിൽനിന്നുള്ള മരണവാർത്ത ഏറിവരികയാണ്. 2020-21 അധ്യയന വർഷത്തിൽ 5 വിദ്യാർഥികളാണ് മരണപ്പെട്ടതെങ്കിൽ, 2021-22-ലും 2022-23-ലും അത് 6 വീതമായി. എന്നാൽ അടുത്ത അടുത്ത രണ്ട് വർഷങ്ങളിൽ, 2023-24-ൽ 17 ആയും 2024-25-ൽ അത് 19 ആയും ഉയർന്നു. പിന്നാക്ക വിഭാഗങ്ങളിലെ (SC, ST, OBC) മരണസംഖ്യ 2020-21-ൽ 5, 2021-22-ൽ 2, 2022-23-ൽ 3 ആയിരുന്നത് 2023-24-ൽ 9 ആയും, 2024-25-ൽ 10 ആയും വർധിച്ചു. രാജ്യത്തെ ഐ.ഐ.ടി.കളൊന്നും മരണനിഴലിൽനിന്ന് മുക്തമല്ല. എന്നാൽ, ഐ.ഐ.ടി. ഖരഗ്പൂർ, ഐ.ഐ.ടി. ഡൽഹി, ഐ.ഐ.ടി. ഹൈദരാബാദ് എന്നിവിടങ്ങളിൽ 7 വിദ്യാർഥികൾ വീതമാണ് മരിച്ചത്. 

ഐഐടി കാൺപൂർ, ഐഐടി വാരാണസി എന്നിവിടങ്ങളിൽ അത് ആറും ഐഐടി മദ്രാസിൽ അത് അഞ്ചും ആയിരുന്നു. ആത്മഹത്യകളുടെ മാത്രം കണക്കെടുത്താൽ ഐ.ഐ.ടി. ഹൈദരാബാദാണ് ഏറ്റവും മുന്നിൽ- 7 പേർ. ഖരഗ്പൂർ, ഡൽഹി, കാൺപൂർ ഐ.ഐ.ടികളിൽ 6 പേർ വീതവും ജീവനൊടുക്കി.

രാജ്യത്തെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളിൽ നടക്കുന്ന വിദ്യാർഥി ആത്മഹത്യകളുടെയും മരണങ്ങളുടെയും ഞെട്ടിക്കുന്ന ഔദ്യോഗിക വിവരങ്ങൾ പാർലമെന്റിൽ തടഞ്ഞുവെച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മൂടിവെക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് മുന്നോട്ടുവന്നിട്ടുണ്ട്. 

ഐ.ഐ.ടികളിൽ വർധിച്ചുവരുന്ന ആത്മഹത്യകളെയും ജാതിവിവേചനങ്ങളെയും കുറിച്ച് കെ.സി. വേണുഗോപാൽ ഉന്നയിച്ച ചോദ്യത്തിന്, 23 ഐ.ഐ.ടികൾ ഔദ്യോഗികമായി നൽകിയ മറുപടി മന്ത്രാലയത്തിന് ലഭിച്ചിട്ടും അത് പാർലമെന്റിൽ സമർപ്പിച്ചിരുന്നില്ല. വേണുഗോപാലിന്റെ ചോദ്യത്തിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി നിലേഷ് ചന്ദ്ര ശ്രീവാസ്തവയുടെ നിർദേശപ്രകാരം എല്ലാ ഐ.ഐ.ടികളും കൃത്യമായ കണക്കുകൾ നൽകിയിരുന്നു. നീലേഷ് ചന്ദ്ര ശ്രീവാസ്തവ 2025 ഡിസംബർ 1-നാണ് ഐ.ഐ.ടികളിൽനിന്ന് ഡാറ്റ ആവശ്യപ്പെട്ട് കത്തയച്ചത്. 2025 ഡിസംബർ 8-ലെ സഭാ നടപടികൾക്കായി വിവരങ്ങൾ മന്ത്രാലയത്തിന് ലഭിച്ചെങ്കിലും ഈ ഡാറ്റ പാർലമെന്റിൽ വച്ചിരുന്നില്ല.

ലോക്സഭാ വെബ്സൈറ്റിൽ എന്റോൾമെന്റ് ഇൻ പോസ്റ്റ്ഗ്രാജ്വേറ്റ് ആൻഡ് പിഎച്ച്ഡി പ്രോഗ്രാംസ് എന്ന തലക്കെട്ടിൽ കെ.സി. വേണുഗോപാൽ സമർപ്പിച്ച ചോദ്യത്തിന് 5 ഭാഗങ്ങളുണ്ടായിരുന്നു. ആദ്യ 2 ഭാഗങ്ങൾ പി.ജി., പിഎച്ച്.ഡി. കോഴ്‌സുകളിലെ പ്രവേശനത്തെക്കുറിച്ചും അതിലെ കൊഴിഞ്ഞുപോക്കിനെക്കുറിച്ചുമുള്ളതായിരുന്നു. എന്നാൽ, ശേഷിക്കുന്ന 3 ഭാഗങ്ങൾ ജാതി വിവേചനങ്ങൾ, ആത്മഹത്യകൾ, അസ്വാഭാവിക മരണങ്ങൾ, 2012-ലെ യു.ജി.സി. ഇക്വിറ്റി റെഗുലേഷൻസ് നടപ്പാക്കൽ എന്നിവയെക്കുറിച്ചുമായിരുന്നു. പാർലമെന്ററി ചോദ്യങ്ങളിൽനിന്ന് വസ്തുതകൾ മറച്ചുവെക്കുന്നത് ജനാധിപത്യപരമായ സുതാര്യതയ്ക്ക് നിരക്കാത്തതാണെന്നും വിദ്യാർഥികളുടെ ജീവന് ഭീഷണിയാകുന്ന കാമ്പസുകളിലെ ഗുരുതര സാഹചര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നുമാണ് കോൺഗ്രസ് വിമർശിക്കുന്നത്.

എന്നാൽ, ഐ.ഐ.ടി. കാൺപൂർ പൂർവവിദ്യാർഥിയായ ധീരജ് സിങ് വിവരാവകാശ നിയമപ്രകാരവും മാധ്യമ റിപ്പോർട്ടുകൾ വഴിയും ശേഖരിച്ച കണക്കുകൾ ഇതിലും ഉയർന്നതാണ്. അദ്ദേഹത്തിന്റെ ഡാറ്റ പ്രകാരം 2006 ജനുവരി മുതൽ 2026 സെപ്റ്റംബർ വരെയുള്ള കാലയളവിൽ 171 ഐ.ഐ.ടി. വിദ്യാർഥികൾ (ആത്മഹത്യയും അസ്വാഭാവിക മരണങ്ങളും ചേർത്ത്) മരണപ്പെട്ടിട്ടുണ്ട്. 2016 മുതൽ 2026 സെപ്റ്റംബർ വരെയുള്ള വർഷങ്ങളിൽ 120 മരണങ്ങൾ നടന്നു. ഇതിന് മുൻപുള്ള 10 വർഷത്തിൽ (2006 മുതൽ 2016 വരെ) 51 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

2026 ഓഗസ്റ്റിൽ വിദ്യാഭ്യാസ മന്ത്രാലയം നൽകിയ റിപ്പോർട്ട് അനുസരിച്ച് വിദ്യാർഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനും തടയൽ നടപടികൾക്കുമായി സമഗ്രമായ ഇടപെടലുകൾ നടത്തിവരികയാണ്. 2024-ൽ പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഉദാഹരണത്തിന് ഐ.ഐ.ടി. ഖരഗ്പൂരിൽ മാത്രം 10 കൗൺസിലർമാരും 2 സൈക്യാട്രിസ്റ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2025 ഡിസംബർ 1 വരെ രാജ്യത്തെ 23 ഐ.ഐ.ടി. ക്യാമ്പസുകളിലായി ആകെ 108 കൗൺസിലർമാരും സേവനമനുഷ്ഠിക്കുന്നുണ്ട്.

കൗൺസിലർമാരെ നിയമിക്കുന്നത് കൊണ്ടുമാത്രം പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നാണ് അക്കാദമിക് വിദഗ്ധരുടെ പക്ഷം. അക്കാദമിക് സമ്മർദം, ഒറ്റപ്പെടൽ, അധ്യാപകരുമായുള്ള ആശയവിനിമയക്കുറവ്, തൊഴിൽപരമായ ആശങ്കകൾ, റിലേറ്റീവ് ഗ്രേഡിങ് സമ്പ്രദായം എന്നിവ വിദ്യാർഥികളെ കടുത്ത മാനസിക സമ്മർദത്തിലേക്ക് തള്ളിയിടുന്നുണ്ട്. ഐ.ഐ.ടികൾ കേവലം പ്രതിസന്ധി പരിഹരിക്കുന്ന രീതിയിൽനിന്ന് മാറി, വിദ്യാർഥികളുടെ ആകെ ക്ഷേമം മുൻനിർത്തിയുള്ള പ്രതിരോധ സംസ്‌കാരം വളർത്തിയെടുക്കണമെന്നാണ് മുൻ ഐഐടി ഡൽഹി ഡയറക്ടറും ബിറ്റ്സ് പിലാനി വൈസ് ചാൻസലറുമായ പ്രൊഫ. വി. രാംഗോപാൽ റാവു അഭിപ്രായപ്പെട്ടത്.

തടഞ്ഞുവെച്ച വിവരങ്ങൾ സഭയ്ക്ക് മുൻപിൽ സമർപ്പിക്കുകയും വിഷയത്തിൽ വിശദമായ ചർച്ച നടത്തുകയും ചെയ്യണമെന്നാണ് പൊതുവായി ഉയരുന്ന ആവശ്യം. യുജിസി ചട്ടങ്ങൾ (UGC (Promotion of Equity) Regulations, 2012) നടപ്പാക്കുകയും ആത്മഹത്യയിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുകയും വേണം.