ഥകളി പഠിക്കാനായി കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ചെറുതുരുത്തി കലാമണ്ഡലത്തില്‍ ഒരു കൂട്ടം പെണ്‍കുട്ടികള്‍ എത്തിയപ്പോള്‍ അതില്‍ തട്ടമിട്ട ഒരു കുട്ടിയുമുണ്ടായിരുന്നു. കലയില്‍ ജാതി-മത വേര്‍തിരിവില്ലെന്ന സന്ദേശം നല്‍കി മുസ്ലിം സമുദായത്തില്‍ നിന്ന് വന്ന ആ പെണ്‍കുട്ടിയുടെ പേര് സാബ്രി എന്നാണ്. കൊല്ലം അഞ്ചല്‍ ഇടമുളയ്ക്കല്‍ തേജസ്സില്‍ നിസ്സാം അമ്മാസിന്റേയും അനീഷയുടേയും ഇളയ മകള്‍.

To advertise here,

ഫോട്ടോഗ്രാഫറായ പിതാവ് നിസ്സാമില്‍ നിന്നാണ് കഥകളിയോടുള്ള ഇഷ്ടം സാബ്രിയിലുമെത്തിയത്. വീടിന് അടുത്തുള്ള അഗസ്ത്യക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഉണ്ടാകുന്ന കഥകളിയുടെ ചിത്രങ്ങളെടുക്കാന്‍ നിസാം പതിവായി പോകാറുണ്ടായിരുന്നു. അന്ന് നിസാമിന്റെ കൈപിടിച്ച് കുഞ്ഞു സാബ്രിയും കൂടെയുണ്ടാകും. പുലരുവോളം നീളുന്ന കഥകളി ഉപ്പയോടൊപ്പം അവളും ഉറക്കമൊഴിച്ചിരുന്ന് കാണും. ആറു വയസ്സുകാരിയായ അവളുടെ മനസ്സില്‍ അന്ന് പതിഞ്ഞതാണ്‌
കഥകളിയുടെ കടുംനിറത്തിലുള്ള വേഷങ്ങളും ചമയങ്ങളും.

വലുതാകുംതോറും കഥകളി പഠിക്കുക എന്ന ആഗ്രഹവും അവളുടെ കൂടെ വളര്‍ന്നു. ഒടുവില്‍ ഏഴാം ക്ലാസ് പൂര്‍ത്തിയായതിന് പിന്നാലെ സാബ്രി കുടുംബത്തോടൊപ്പം കലാമണ്ഡലത്തിലെത്തി. കഥകളി തെക്കന്‍ വിഭാഗത്തില്‍ പ്രവേശനവും നേടി. മുസ്ലിം സമുദായത്തില്‍ നിന്ന് കലാമണ്ഡലത്തില്‍ കഥകളി പഠിക്കാനെത്തുന്ന ആദ്യത്തെ പെണ്‍കുട്ടി എന്ന ചരിത്രം കൂടിയാണ് സാബ്രി സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ത്തത്. 

placeholder
.
സാബ്രി പിതാവ് നിസാമിനൊപ്പം | Photo: Special Arrangement

മകളുടെ ഏറ്റവും വലിയ ആഗ്രഹമാണ് നിറവേറിയതെന്നും എല്ലാവരും പിന്തുണയോടെ കൂടെനിന്നുവെന്നും നിസാം മാതൃഭൂമി ഡോട്ട് കോമിനോട് പറയുന്നു. സാബ്രി എന്ന പേരിന് പിന്നിലുള്ള രസകരമായ കഥയും നിസാം പങ്കുവെച്ചു. 'അറബി ഭാഷയിലുള്ള പദമായ സാബ്രിയുടെ അര്‍ഥം ക്ഷമയുള്ളവള്‍ എന്നാണ്. എന്നാല്‍ പേര് തിരഞ്ഞെടുക്കുമ്പോള്‍ ഈ അര്‍ഥമൊന്നും അറിയില്ലായിരുന്നു. മകള്‍ ജനിക്കുന്നതിന് മുമ്പ് ഞാന്‍ ഒരു വെഡ്ഡിങ് ഫോട്ടോഷൂട്ടിന് പോയിരുന്നു. ആ വധുവിന്റെ പേര് സാബ്രി എന്നായിരുന്നു. അവര്‍ എയര്‍ ഹോസ്റ്റസായിരുന്നു. അന്ന് മനസില്‍ പതിഞ്ഞതാണ് സാബ്രി എന്ന പേര്. മകളുണ്ടായപ്പോള്‍ ആ പേര് തന്നെ അവള്‍ക്ക് നല്‍കി. പിന്നീടാണ് അര്‍ഥമെല്ലാം നോക്കിയത്.' നിസാം പറയുന്നു.

അഞ്ചല്‍ ഇടമുളയ്ക്കല്‍ ഗവണ്‍മെന്റ് ജവഹര്‍ ഹൈസ്‌ക്കൂളില്‍ നിന്ന് ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷമാണ് സാബ്രി കലാമണ്ഡലത്തിലെത്തിയത്. അതിന് മുമ്പ് മോഹിനിയാട്ടവും കഥകളിയും പഠിക്കാന്‍ തുടങ്ങിയിരുന്നു. ചടയമംഗലത്തുള്ള ആരോമല്‍ എന്ന അധ്യാപന് കീഴിലായിരുന്നു കഥകളി അഭ്യസിച്ചത്. കലാമണ്ഡലത്തിലെ അധ്യാപകനായ ആരോമലിനെ സുഹൃത്തുക്കള്‍ വഴിയാണ് നിസാം കണ്ടുപിടിച്ചത്. ഒട്ടും വൈകാതെ മകളെ അവിടെ ചേര്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ കോവിഡ് വന്നതോടെ പഠനം മുടങ്ങി. കാല്‍ ഭാഗം പൂര്‍ത്തിയാക്കിയ ശേഷമാണ് കലാമണ്ഡലത്തില്‍ ചേര്‍ന്നതെന്നും നിസാം പറയുന്നു. 

placeholder
.
സാബ്രി കലാമണ്ഡലത്തില്‍ | Photo: Subin Cheruthuruthi 

വീടിന് അടുത്തുള്ള അധ്യാപികയുടെ അടുത്ത് മോഹിനിയാട്ടവും പഠിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അത് അവസാനിപ്പിച്ചു.മോഹിനിയാട്ടത്തിന്റേയും കഥകളിയുടേയും വഴക്കം വ്യത്യസ്തമാണ്. മോഹിനിയാട്ടത്തേക്കാള്‍ വേഗത കുറവാണ് കഥകളിക്ക്. സാബ്രി കഥകളി പഠനത്തിന്റെ തുടക്കത്തില്‍ ആയതിനാല്‍ മോഹിനിയാട്ടത്തിന്റെ വേഗത അറിയാതെ കയറിവരും. ഇതോടെയാണ് മോഹിനായാട്ട പഠനം നിര്‍ത്തിയത്. 

കഠിനമായ പരിശീലനവും മറ്റും വേണ്ടതിനാല്‍ പെണ്‍കുട്ടികള്‍ക്ക് കഥകളി വേഷത്തില്‍ കലാമണ്ഡലത്തില്‍ പ്രവേശനം ഉണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം മുതലാണ് പ്രവേശനം നല്‍കിത്തുടങ്ങിയത്. എട്ടാം തരത്തില്‍ തെക്കന്‍ കഥകളിയ്ക്കും വടക്കന്‍ കഥകളിയ്ക്കും രണ്ടാം ബാച്ചില്‍ പ്രവേശനം നേടിയത് എട്ട് പെണ്‍കുട്ടികളാണ്. പുലര്‍ച്ചെ 4.30 മുതല്‍ 9.30 വരെ കഥകളി പഠനമുണ്ടാകും. അതിനുശേഷമാണ് സാധാരണ ക്ലാസ് തുടങ്ങുക. വൈകുന്നേരം കൂത്തമ്പലത്തില്‍ നടക്കുന്ന പരിപാടി കാണാന്‍ പോകും. ഇതെല്ലാം മകള്‍ ആസ്വദിക്കുന്നുണ്ടെന്നും ഉമ്മ അനീഷയേയും സഹോദരന്‍ യാസീനേയും വിട്ടുനില്‍ക്കുന്നതിന്റെ ചെറിയ സങ്കടം മാത്രമേ അവള്‍ക്കുള്ളൂവെന്നും നിസാം പറയുന്നു.