ടക്കേ പറമ്പിലെ കരിയിലകള്‍ കാറ്റ് അടിച്ചുവാരി തുടങ്ങുമ്പോള്‍ , കാറ് കനക്കുന്നതിന് മുന്‍പേ എന്റെയുള്ളില്‍ പേടികള്‍ ഇരമ്പിത്തുടങ്ങും. അച്ഛനില്ലാതാകുന്ന നേരങ്ങളെക്കുറിച്ചുള്ള ആധിയാണ്. ടോര്‍ച്ചും തൂക്കിയൊരു പോക്കാണ്. പെയ്യുന്ന മഴയേക്കാള്‍ വേഗത്തിലാണ് പാടവും തോടുമെല്ലാം വെള്ളത്തിനടിയിലാകുന്നത്. നാട്ടില്‍ മീന്‍പിടുത്തവും വലയെറിയലും തകൃതിയായി നടക്കും. എസ്.എസ്.കനാലില്‍ നിന്നും വല്യ വരാലുകളെയെല്ലാം ആളുകള്‍ മത്സരിച്ച് പിടിക്കും. തോട്ടിലെ പായല്‍മറവുകളിലേയ്ക്ക് ഓറഞ്ച് നിറമുള്ള ഒരു കൂട്ടം പാര്‍പ്പുകുഞ്ഞുങ്ങള്‍ അനാഥരായി ഒഴുകിനടക്കും. ചട്ടിയില്‍ മുറിച്ചിടുന്ന വരാല്‍ കഷ്ണങ്ങള്‍ പിടയ്ക്കുന്നത് കാണുന്നത് സങ്കടമായിരുന്നു. രാത്രിയില്‍ തവളപ്രാക്ക് കനക്കുമ്പോള്‍ ഞാന്‍ അച്ഛനില്ലാതെ മരിച്ചുപോയേക്കാവുന്ന ഓറഞ്ച് നിറമുള്ള മീന്‍കുഞ്ഞുങ്ങളെക്കുറിച്ചോര്‍ക്കും.

To advertise here,

പേടി ഒരോര്‍മയാണ് .കഴിഞ്ഞു പോയതിനൊക്കെ മാന്തി വിളിക്കുന്ന ശബ്ദം. കുഞ്ഞിലേ ...വലിയ ശബ്ദങ്ങളെ ,ഇരുട്ടിനെ , കുറ്റിയിടാന്‍ പറ്റാത്ത മുറികളെ , ചുറ്റുമുള്ളവരെ, മരണ വീടുകളിലെ സാമ്പ്രാണി മണങ്ങളെയൊക്കെ എനിക്കു പേടിയായിരുന്നു. അന്നൊക്കെ രാത്രിയില്‍ ക്ലോക്കിന്റെ ചിലമ്പിച്ച ശബ്ദം ... എന്നെ ശ്വാസം മുട്ടിക്കു വിധം ചെവിയിലേക്ക് തറച്ചു വന്നിട്ടുണ്ട്...പേടിച്ചു പേടിച്ചു പുതപ്പിലേക്ക് ചുരുണ്ടു പോകുമ്പോള്‍ അപ്പുറത്തെ മുറിയില്‍ അച്ഛന്റെ ചുമ കേള്‍ക്കും... പിന്നീട് ക്ലോക്കിന്റെ ശബ്ദം കേള്‍ക്കാതാകും. അച്ഛനുണ്ടല്ലോയെന്ന ഓര്‍മ്മയില്‍ ഉറങ്ങിപ്പോകും... പലതും പേടികളെ അതിജീവിക്കാനുള്ള ശ്രമങ്ങളായിരുന്നു. എന്തിനെന്നോ എന്തിനെയെന്നോ അറിയാത്ത പേടികള്‍... വൈകി ഉറങ്ങിത്തുടങ്ങിയതങ്ങനെയാണ്.

ഉറങ്ങുമ്പോഴാണ് പേടികളെക്കുറിച്ചോര്‍മ്മ വരിക. മരണ വീട്ടിലെ ആര്‍ത്തലപ്പുകളും സമ്പ്രാണി മണങ്ങളും എനിക്കു ചുറ്റും നിറയും.... പാതി പൊട്ടിച്ച ചോക്‌ളേറ്റ് കൈയ്യില്‍ മുറുക്കെ പിടിച്ച എന്നെ അപരിചതര്‍ക്കിടയിലൂടെ ഒരാള്‍  എടുത്തു നടക്കുമ്പോള്‍ ഞാന്‍ എന്റെ ഓര്‍മ്മയിലെ ആദ്യത്തെ മരണത്തെ കാണുകയായിരുന്നു, അമ്മയെ അവസാനമായും. തോല്‍ക്കാനിഷ്ടപ്പെടാതെ എന്റെ പേടികള്‍ക്കിടയിലൂടെ ഞാന്‍ പിന്നീട് നടന്നു. പേടികള്‍ പലതും ഞാന്‍ മറന്നു പോയി.

പക്ഷേ സ്വയം മുറിഞ്ഞുവീണൊരു മനുഷ്യന്‍ നിശബ്ദനായി പോയതന്നായിരുന്നു. അച്ഛനധികം സംസാരിച്ചിരുന്നില്ല. കുട്ടിക്കാലത്ത് അച്ഛന്റെ കൈകളില്‍ തൂങ്ങി നടന്നതെനിക്ക് ഓര്‍മ്മയില്ല. മിഠായിച്ചിരികളോ തമാശകളോ ഞങ്ങള്‍ പങ്കുവെച്ചില്ല. പക്ഷേ എല്ലായിടത്തും അച്ഛനുണ്ടായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍, പേടി തോന്നുമ്പോള്‍, ഒറ്റയ്ക്കാകുമ്പോളെല്ലാം നിശബ്ദനായ ഒരു മനുഷ്യന്റെ സാന്നിദ്ധ്യം എന്റെ പച്ചത്തുരുത്തുകളായി. മാര്‍ക്ക് കുറയുമ്പോള്‍ വഴക്ക് പറയുകയും ചൂരലെടുക്കുയും ചെയ്യുന്ന കൂട്ടുകാരിയുടെ അച്ഛനെക്കുറിച്ചവള്‍ തേങ്ങിപ്പറയുമ്പോള്‍, നല്ല മാര്‍ക്ക് വാങ്ങിയിട്ടും മിണ്ടാതിരിക്കുന്ന എന്റെ അച്ഛനായിരിക്കും എന്റെ മനസില്‍. പത്രത്തോടൊപ്പം വരുന്ന ബാലമാസികകള്‍ മാത്രമാണ് അച്ഛനെന്നോട് സ്‌നേഹമുണ്ടെന്ന് എന്നെ തോന്നിപ്പിച്ചിരുന്നത്. 

പഠിക്കണമെന്ന് ആരും വീട്ടില്‍ നിര്‍ബന്ധം പിടിച്ചിരുന്നില്ല. പഠിക്കണമെന്നത് സ്വയം തോന്നി ചെയ്യണമെന്ന നിലപാടുള്ള ആളായിരുന്നു എന്റെ അച്ഛന്‍. തോറ്റു പോയാലും  അതിന്റെ ഉത്തരവാദിത്വം നമ്മുടെ മാത്രമാണെന്നും കൂടി ആളു പറഞ്ഞിരുന്നു. വെറും നാലാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ആ മനുഷ്യന്റെയത്ര പൊളിറ്റിക്കലി കറെക്ടഡായ, ലോകവീക്ഷണമുള്ള മറ്റൊരു പുരുഷനെ എനിക്ക് അടുത്ത് പരിചയമില്ല. അദ്ദേഹത്തിന്റെ മകളായതാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യമെന്ന് ഇന്ന് ഞാനുറപ്പിച്ചു പറയും.

 പക്ഷേ ഉത്സവപ്പറമ്പില്‍ ഗാനമേളയ്ക്ക് കൊണ്ടുപോകാത്ത, അര്‍ത്തുങ്കല്‍ പള്ളിയില്‍ പെരുന്നാളിന് കൂടെ വരാത്ത അച്ഛനോട് എനിക്ക് ചെറുപ്പത്തില്‍ നല്ല നീരസം തന്നെയായിരുന്നു. ഇഷ്ടമുള്ളത് ചെയ്യുന്നതിനെ അച്ഛനിന്നും അന്നും എതിര്‍ത്തിരുന്നില്ല.അച്ഛനും ഞങ്ങളും ഒരുമിച്ചാണ് വളര്‍ന്നത്. മേശപ്പുറത്തിരിക്കുന്ന പാഠപുസ്തകങ്ങള്‍ ഇടയ്ക്ക് ഇരുന്നു വായിക്കും. ഹിസ്റ്ററിയും സയന്‍സുമെല്ലാം വളരെ താത്പര്യത്തോടെ വായിക്കുമായിരുന്നു. പുസ്തകങ്ങള്‍ ഇംഗ്ലീഷിലായതോടെ അച്ഛനതൊന്നും തൊടാതെയായി. 

എനിക്കിന്നും മുറ്റമടിക്കാനും നന്നായി മീന്‍ മുറിക്കാനുമറിയില്ല. പെണ്‍കുട്ടികള്‍ മുറ്റമടിച്ചു പഠിക്കണമെന്ന് അമ്മൂമ്മ പറഞ്ഞ കാലത്ത് അച്ഛനത് വാങ്ങിക്കൊണ്ട് പോയി നല്ല വൃത്തിയ്ക്ക് മുറ്റമടിച്ചിട്ടു. പിന്നീടങ്ങോട്ട് ഇന്നും അച്ഛന്‍ തന്നെയാണ് മുറ്റമടിക്കുന്നത്. 'രണ്ടു പെണ്‍മക്കളുള്ള മനുഷ്യനാ ദാ നോക്ക് മീനും മുറിച്ച് നിക്കണ കണ്ടോയെന്ന ' അയലത്തെ ചേച്ചിയുടെ പിറുപിറുക്കലില്‍ അച്ഛന് ചിരിമാത്രമായിരുന്നു ഉത്തരം. രാവിലെ ഉണരാത്തതിന്, വൈകി വീട്ടിലെത്തുന്നതിന്, പരീക്ഷത്തലേത്ത് സിനിമ കണ്ടതിന്, ഇഷ്ടമുള്ളതൊക്കെ ചെയ്യുന്നതിന് ഞാനോ മമതയോ വഴക്ക് കേട്ടിട്ടില്ല. സ്കൂളിൽ നിന്ന് ടൂര്‍ പോകുമ്പോള്‍, നീളമുള്ള ഫാന്‍സി കമ്മലിടുമ്പോള്‍ അച്ഛനോട് ചോദിക്ക് എന്ന നിയന്ത്രണരേഖകളൊന്നും എന്നെ തൊട്ടിട്ടില്ല. എനിക്ക് പോകണമെന്ന് മാത്രമായിരുന്നു വീട്ടില്‍ പറയേണ്ട കാര്യം.

അച്ഛന്റെ നിശബ്ദത ചില്ലുപോലുടയുന്നത് ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. പ്ലാസ്റ്റിക്കും ചവറും വലിച്ചെറിഞ്ഞാല്‍, ചെടി നനക്കാന്‍ മറന്നാല്‍, പൂച്ചെടികളില്‍ നിന്നും പൂ പറിച്ചാല്‍ അവിടെ ശബ്ദമുയരും. പക്ഷേ ചോദിക്കുമ്പോള്‍ ഞാനല്ലെന്ന് നുണ പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാനാണന്ന് അച്ഛന് കൃത്യായിട്ട് അറിയാമെങ്കിലും അടിച്ചിട്ടില്ല. അല്ലെന്ന് പറഞ്ഞാല്‍ പിന്നൊരു ചോദ്യം ചെയ്യലില്ല. നമ്മള്‍ പറയുന്നതേ അച്ഛന്‍ വിശ്വാസത്തിലെടുക്കൂ എന്ന തിരിച്ചറിവ് വന്നതോടെ ഞാന്‍ അച്ഛനോട്  പിന്നീട് നുണ പറയാതെയായി. അച്ഛനോട് എന്തും പറയാമെന്നായി. അച്ഛന്‍ ഒന്നിനേയും ജഡ്ജ്‌മെന്റലായി സമീപിക്കില്ല. ചിലപ്പോഴൊക്കെ സ്വയം തിരുത്തുകയും ചെയ്യും. പിന്നീട് ഒരു മിഠായി തിന്നാലും കവര്‍ ബാഗിലേക്കിടും, വാടിയ ചെടികളെന്നെയും വേദനിപ്പിക്കും. അതൊരു ശീലമായി.

 എനിക്ക് ഓര്‍മ്മയുള്ളപ്പോള്‍ തൊട്ട് അച്ഛന്‍ പാലിന്റെയും  മീനിന്റെയും കവര്‍ കഴുകി ഉണക്കി വെക്കണ ആളാണ്.  ബാക്കിയുള്ളവരേ പോലെയല്ലെന്നുള്ള തോന്നല്‍ ഒരു കാലത്തെ ഏറ്റവും വലിയ അരക്ഷിതാവസ്ഥയായിരുന്നു. ചില വിടവുകളെ നിശബ്ദതകൊണ്ടാണ് ഞാന്‍ മൂടി വെച്ചത്. ഉത്തരം പറയാത്ത ചോദ്യങ്ങളില്‍ നിന്നൊക്കെ ഓടിപ്പോരേണ്ടി വന്നപ്പോഴൊക്കെ എനിക്കന്ന് അച്ഛനോട് പരിഭവം തോന്നിയിട്ടുണ്ട്. പക്ഷേ എല്ലാവരില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു എന്റെ അച്ഛനെന്നറിയാന്‍ പിന്നെയും ഞാന്‍ മുതിരേണ്ടിവന്നു.

"ഇതെന്താ തങ്കച്ചാ .... പെണ്ണിങ്ങനെ രണ്ടു മൂക്കും കുത്തി ഒരു മാതിരി വേഷോം. പെമ്പിള്ളാരെ അഴിച്ചു വിട്ടേക്കുവാല്ലേ ..?

"അതെന്നാ ചേച്ചീ നിങ്ങളൊക്കെ പെണ്‍കുട്ടികളെ വീട്ടില്‍ കെട്ടിയിടാറാണോ പതിവ് ( കൂടെ ആക്കിച്ചിരി ). 

അച്ഛന്‍ പറഞ്ഞ അഭിനന്ദനങ്ങളോ പഞ്ചാരവാക്കുകളോയെനിക്കോര്‍മ്മയില്ല. പക്ഷെ ചില മറുപടികളിലായിരുന്നു ഞാനതൊക്കെ കണ്ടെത്തിയത്. സ്വയം തീര്‍ച്ചപ്പെടുത്തല്‍ അതൊരു വലിയ കാര്യമാണ്. തീരുമാനങ്ങളില്‍ പടച്ചുയര്‍ത്തുന്ന ജീവിതം അതാണ് നമ്മളെന്ന് പഠിച്ചത് അച്ഛനില്‍ നിന്നാണ്. പൂര്‍ണമായും സന്തോഷവാനായ വ്യക്തിയൊന്നുമല്ല അദ്ദേഹം. പക്ഷേ ചെറിയ ചിരികളുടെ ധാരാളിത്തത്തില്‍ അദ്ദേഹം സംതൃപ്തനാണ്. പാതി മുറിഞ്ഞു നില്‍ക്കുന്ന ചില നേരങ്ങളുണ്ട്... അപ്പോള്‍ ഞാനാദ്യം അച്ഛനെയോര്‍ക്കും.... എല്ലാ തീരുമാനങ്ങളും എന്റേതായിരുന്നുവെന്നും! പറക്കനാവാതെ തളര്‍ന്നു പോകുമ്പോള്‍ അച്ഛനെന്ന ആകാശം മതി.... എല്ലാ നോവുകളെയും നീന്തി തോല്‍പ്പിക്കാന്‍ .. ഞാനെന്നും ഞാനായിട്ടിരിക്കാന്‍.  പുറമേ നിന്നു നോക്കുന്നവര്‍ക്ക് ജീവിതത്തിലൊന്നും നേടിയില്ലെന്ന് തോന്നുമായിരിക്കും, ഈ മനുഷ്യനോടൊപ്പം ജീവിക്കുന്ന ജീവിതമാണ് ഏറ്റവും വലിയ സമ്പാദ്യം.