ഓ ബൈ ഓസി എന്ന തന്റെ സ്ഥാപനത്തിൽ നടന്ന ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പിൽ പ്രതിയായ മുൻജീവനക്കാരി തായ്ലാൻഡിൽ ഹണിമൂൺ ആഘോഷിക്കുകയാണെന്നും അവരുടെ പാസ്‌പോർട്ട് പോലീസ് എന്താണ് പിടിച്ചുവയ്ക്കാത്തതെന്നും ആരാഞ്ഞ് ദിയ കൃഷ്ണ. അമ്മ സിന്ധുകൃഷ്ണയ്‌ക്കൊപ്പമുള്ള വീഡിയോയിലാണ് തട്ടിപ്പുനടത്തിയ പ്രതികളിലൊരാൾ കറങ്ങിനടക്കുന്നതിലുള്ള അമർഷം ദിയ പങ്കുവച്ചത്.

To advertise here,

പ്രതികളിലൊരാളായ ദിവ്യ എന്ന യുവതിയാണ് തായ്‌ലാൻഡിൽ കറങ്ങാൻ പോയത് എന്നും പൊലീസ് എന്താണ് ഇവരുടെ പാസ്‌പോർട്ട് തടഞ്ഞുവയ്ക്കാത്തത് എന്നും ദിയ വീഡിയോയിൽ ചോദിക്കുന്നുണ്ട്. തന്നെ തട്ടിച്ച പൈസയ്ക്ക് കല്യാണവും ഹണിമൂണും നടന്നുവെന്നും കുഞ്ഞുണ്ടായാൽ അതിന്റെ ഇരുപത്തിയെട്ടും എന്റെ വകയെന്നും ദിയ വീഡിയോയിൽ പരിഹസിക്കുന്നുണ്ട്.

സ്ഥാപനത്തിലെ കണക്കുകളിൽ കൃത്രിമം കാണിച്ചാണ് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് ജീവനക്കാരി നടത്തിയത്. സ്ഥാപനത്തിന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടിലേക്ക് വരേണ്ട പണം, ഉപഭോക്താക്കൾക്ക് സ്വന്തം ഗൂഗിൾ പേ നൽകി അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ദിയ പൊലീസിൽ പരാതി നൽകിയിരുന്നത്. 66 ലക്ഷം രൂപ ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തിയതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയും നിയമനടപടികളുമായി മുന്നോട്ട് പോകുകയും ചെയ്തിരുന്നു. എന്നാൽ കേസിന്റെ അന്വേഷണവും നടപടികളും പുരോഗമിക്കുന്നതിനിടയിലാണ് പ്രതിയായ പെൺകുട്ടി ഭർത്താവിനൊപ്പം തായ്ലാൻഡിൽ ഹണിമൂണിന് പോയെന്ന വിവരം ദിയ അറിയുന്നത്.

'ഞങ്ങളുടെ കഷ്ടപ്പാടിന്റെ പണം തട്ടിയെടുത്തിട്ട് യാതൊരു കുറ്റബോധവുമില്ലാതെ വിദേശത്ത് പോയി ആഘോഷിക്കുകയാണ്. ഇത്രയും വലിയ തട്ടിപ്പ് നടത്തിയിട്ടും ഇവർക്ക് എങ്ങനെയാണ് ഇത്രയും അനായാസമായി യാത്ര ചെയ്യാൻ സാധിക്കുന്നത്?' എന്ന് ദിയ ചോദിക്കുന്നു.

വിശ്വസിച്ച് ഏൽപ്പിച്ച ജീവനക്കാരിൽ നിന്ന് ഇത്തരം ഒരു ചതി പ്രതീക്ഷിച്ചില്ലെന്നും, തനിക്ക് അർഹതപ്പെട്ട പണം തിരിച്ചുകിട്ടുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും ദിയ വ്യക്തമാക്കി. അതേസമയം, ദിവസവും നിരവധി കേസുകൾ വരുന്നതിനാൽ ദിയ കേസിന്റെ പിന്നാലെ പോകണമെന്നും കഷ്ടപ്പെട്ടുണ്ടാക്കിയ പണം വിട്ടുകളയരുതെന്നും ആരാധകരും പ്രതികരിക്കുന്നുണ്ട്.