'ജീവിതത്തെ രസകരമാക്കുന്നത് ഒരു സ്വപ്നം സാക്ഷാത്കരിക്കാനുള്ള സാധ്യതയാണ്' എന്ന പൗലോ കൊയ്ലോയുടെ വാക്യത്തെ സാധൂകരിക്കുന്ന ഒരാളുണ്ട് തിരുവള്ളൂർ ചാനിയംകടവിൽ, അഡ്വ. നാഗത്ത് ഷിനില. വക്കീൽഗുമസ്തയായി ജോലിചെയ്യുന്നതിനിടെ വക്കീലാകാൻ മോഹിച്ച ഷിനില ആ സ്വപ്നത്തെ വിടാതെ പിന്തുടർന്നു. അങ്ങനെ ഗുമസ്തപ്പണിക്കിടെ എൽഎൽ.ബി. പഠിച്ച്, പ്രതിസന്ധികളെ ഒന്നൊന്നായി തരണംചെയ്തു. ഇപ്പോൾ ഷിനില ഗുമസ്തയല്ല... വക്കീലാണ്. അഡ്വ. ഷിനില നാഗത്ത്.....ഈ വിഷുക്കാലം ഷിനിലയ്ക്ക് സ്വപ്നംവിടർന്ന പൂക്കാലമാണ്.

To advertise here,

വിവാഹസമയത്ത് പ്രീ-ഡിഗ്രിയായിരുന്നു ഷിനിലയുടെ വിദ്യാഭ്യാസയോഗ്യത. വിവാഹംകഴിഞ്ഞ് കുട്ടിക്ക് മൂന്നുവയസ്സായപ്പോൾ പയ്യോളിയിലെ അഭിഭാഷകൻ കുഞ്ഞബ്ദുള്ള പി പെരുളിയുടെ ഓഫീസിൽ ഗുമസ്തയായി ജോലിയിൽ പ്രവേശിച്ചു. ആ സമയത്ത് അമ്മയ്‌ക്കെന്താണ് ജോലിയെന്ന് ചോദിച്ചാൽ മകൾ പറയും വക്കീലാണെന്ന്. ഇത് ഷിനിലയുടെ മനസ്സിൽ പുതിയൊരു സ്വപ്നത്തിന് ചിറകുവിരിച്ചു. സാധാരണ കോടതികളിൽപ്പോകുന്ന സമയത്ത് വക്കീലന്മാർക്ക് പ്രത്യേക ഇരിപ്പിടങ്ങൾ ഉണ്ടാകും. എന്നാൽ, കോടതിവരെയുള്ള എല്ലാകാര്യങ്ങളും ചെയ്യുന്ന ക്ലാർക്കുമാർ പ്രത്യേകിച്ച് സീറ്റില്ലാത്തതിനാൽ പിറകിൽ നിൽക്കണം. അപ്പോഴെല്ലാം ഷിനില മോഹിച്ചു. വക്കീൽക്കുപ്പായമിട്ട് കോടതിക്കുള്ളിൽ ഇരിക്കണം. അത് വളർന്ന് പലരോടും എൽഎൽ.ബി എങ്ങനെ നേടാം എന്നതിനെപ്പറ്റി അന്വേഷിച്ചു. പക്ഷേ, അതൊരു ഭഗീരഥപ്രയത്‌നമാണെന്നാണ് പല ഭാഗത്തുനിന്നും കിട്ടിയ മറുപടി. ഇത്തരം മറുപടികളാൽ സ്വപ്നത്തെ ഉപേക്ഷിക്കുന്ന സാഹചര്യത്തിലേക്കുവരെ എത്തിയിരുന്നെന്ന് ഷിനില പറഞ്ഞു. ഒടുവിൽ ഒരുകൈനോക്കാമെന്ന ചിന്തയിൽ എൻട്രൻസ് പരീക്ഷയെഴുതി. തുടർന്ന് കോഴിക്കോട് ഭവൻസ് ലോ കോളേജിൽ പ്രവേശനവും കിട്ടി.

പ്രതിസന്ധികൾ അവിടെയുംതീർന്നില്ല. കോവിഡായതോടെ ഓൺലൈൻക്ലാസുകളായി. ഇതിനിടയിൽ മകളുടെ പഠനവും. അതോടെ കുറെ ക്ലാസുകൾ മുടങ്ങി. ഹാജർ കുറഞ്ഞതോടെ പിഴയടച്ച് പരീക്ഷ എഴുതേണ്ട സാഹചര്യമുണ്ടായി. തേപ്പുപണിക്കാരനായ ഭർത്താവ് വിനോദ് കൂവാനുവയലിലും മകൾ അൽന എസ്. വിനോദും, പേരാമ്പ്രയിലെ ഹനീഫയുമെല്ലാം നൽകിയ പിന്തുണ ഏറെ വലുതായിരുന്നെന്ന് ഷിനില ഓർക്കുന്നു. സാമ്പത്തികപ്രതിസന്ധികളെയും മറ്റുമെല്ലാം മറികടന്ന് ഒടുവിൽ ഷിനില മാർച്ച് 22-ന് ഹൈക്കോടതിയിൽ അഭിഭാഷകയായി എന്റോൾ ചെയ്തു. വർഷങ്ങൾനീണ്ട സമർപ്പണത്തിന് ശുഭപര്യവസാനം. 'ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്നമാണ് സാക്ഷാത്കരിച്ചത്...' ആ നിമിഷത്തെക്കുറിച്ച് ഷിനില പറഞ്ഞു. വടകരയിലെ സീനിയർ അഭിഭാഷകൻ പി.പി. സുനിൽകുമാറിന്റെ കീഴിലാണ് ഷിനില ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത്. മകൾ അൽന ഏവിയേഷൻ കോഴ്സ് പഠിക്കുകയാണ്.