നടന്‍ മമ്മൂട്ടി, അല്ലെങ്കില്‍ മോഹന്‍ലാല്‍ ഒരു ഷര്‍ട്ടിട്ട ചിത്രം പങ്കുവെച്ചാല്‍ അത് ഏത് ബ്രാന്‍ഡാണെന്നും അതിന്റെ വില എത്രയാണെന്നുമെല്ലാം അടുത്ത മിനിറ്റുകളില്‍ത്തന്നെ പുറത്തുവരും. വിരാട് കോലിയാവട്ടെ, ഐശ്വര്യ റായിയാവട്ടെ, പ്രിയങ്ക ചോപ്രയാവട്ടെ, ഇവരെല്ലാം വിമാനത്താവളങ്ങളിലോ മറ്റോ പ്രത്യക്ഷപ്പെട്ടാല്‍ ധരിച്ച വസ്ത്രത്തിന്റെ വിശദാംശങ്ങള്‍ ഉടന്‍തന്നെ യുട്യൂബിലോ മറ്റു ഓണ്‍ലൈന്‍ ചാനലുകളിലോ വരും. അവ വാങ്ങിയ സ്ഥലം ഉള്‍പ്പെടെ ഇത്തരം വ്‌ളോഗര്‍മാര്‍ കണ്ടെത്തി നമുക്കറിയിച്ചുതരും.
എന്നാല്‍ കൊലപാതകക്കേസിലെ പ്രതിയെന്ന് സംശയിക്കപ്പെടുന്നയാള്‍ കോടതിയിലേക്ക് വരേണ്ട താമസമേ ഉണ്ടായുള്ളൂ. അയാള്‍ ധരിച്ച വസ്ത്രം ചൂടപ്പംപോലെ വിറ്റഴിഞ്ഞു. വില കൂട്ടി വിറ്റിട്ടും സാധനം തീര്‍ന്നുപോയി. യു.എസിലാണ് സംഭവം. യുണൈറ്റഡ് ഹെല്‍ത്ത്‌കെയര്‍ സി.ഇ.ഒ. ബ്രയാണ്‍ തോംപ്‌സണ്‍ കൊലപാതകക്കേസില്‍ സംശയിക്കപ്പെടുന്ന ലുയിഗി മാന്‍ജിയോനിയെ ന്യൂയോര്‍ക്കിലെ ജില്ലാ കോടതിയിലെത്തിച്ചതായിരുന്നു. അപ്രതീക്ഷിതമായി, ഇദ്ദേഹത്തിന്റെ ഫാഷനിലാണ് ആളുകള്‍ ആകര്‍ഷിക്കപ്പെട്ടത്.
കൊലപാതകം, തീവ്രവാദം, ആയുധ കുറ്റകൃത്യം ഉള്‍പ്പെടെ പതിനൊന്നോളം കേസുകളാണ് ലുയിഗി മാന്‍ജിയോനിക്കെതിരേ നിലനില്‍ക്കുന്നത്. അവയുടെ ഹിയറിങ്ങിനെത്തിയതായിരുന്നു കോടതിയില്‍. പക്ഷേ, പറഞ്ഞിട്ടെന്താ കാര്യം! ധരിച്ച സ്വെറ്ററിലേക്കാണ് ആളുകളുടെ ദൃഷ്ടി പോയത്. മെറൂണ്‍ നിറവും വെള്ളക്കോളറും നിറഞ്ഞ സ്വെറ്ററും ഓറഞ്ച് നിറത്തിലുള്ള ഷൂസും കണ്ട് ആളുകള്‍ ആകൃഷ്ടരായി.
പക്ഷേ, ഇത് ഇത്രമേല്‍ ശ്രദ്ധിക്കപ്പെടാന്‍ മറ്റൊരു കാരണമുണ്ട്. തുടക്കത്തില്‍ ആയിരം ഡോളര്‍ വിലയുള്ള മൈസണ്‍ മാര്‍ഗിയേല ബ്രാന്‍ഡ് സ്വെറ്റര്‍ ആണെന്നാണ് ഫാഷനെ പിന്തുടരുന്ന പലരും കരുതിയത്. കുറ്റവാളി ഇത്രയും സമ്പന്നനോ എന്ന് ആളുകള്‍ അതിശയിച്ചു. എന്നാല്‍ പിന്നീടാണ് ഇത് നോര്‍ഡ്‌സ്‌ട്രോമില്‍നിന്നുള്ള അലക്കാന്‍ പറ്റുന്ന മെറിനോ ക്രൂനെക്ക് സ്വെറ്ററാണെന്ന് തിരിച്ചറിഞ്ഞത്. വിപണിയില്‍ ഏതാണ്ട് 7,500 രൂപ വരും. വ്യാപകമായ ശ്രദ്ധ കിട്ടിയതോടെ ഏതാണ്ട് 30 ശതമാനം ഇളവു നല്‍കി. അതോടെ ഏഴ് നിറത്തില്‍ ഇറങ്ങിയ ബ്രാന്‍ഡ് സ്‌റ്റോക്ക് കഴിഞ്ഞു.
Content Highlights: sweater worn by luigi mangione sold out one day after his court appearance
Published: 25 Dec 2024, 09:21 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented