കഴിഞ്ഞ ദിവസമാണ് നടി സാമന്ത റൂത്ത് പ്രഭുവും സംവിധായകന്‍ രാജ് നിദിമോറുവും വിവാഹിതരായത്. കോയമ്പത്തൂരിലെ ഇഷ യോഗ ഫൗണ്ടേഷനിലായിരുന്നു വിവാഹ ചടങ്ങുകള്‍. എന്നാല്‍ ഇരുവരുടേയും വിവാഹനിശ്ചയം നേരത്തെ തന്നെ കഴിഞ്ഞിരുന്നുവെന്നാണ് ഇപ്പോള്‍ ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

To advertise here,

കഴിഞ്ഞ വാലെൈന്റന്‍സ് ഡേയ്ക്ക് തൊട്ടുമുമ്പ് ഫെബ്രുവരി 13-ന് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ കൈയിലെ വിവാഹമോതിരം ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ ഇക്കാര്യം പറയുന്നത്. ആ പോസ്റ്റിലെ ആദ്യ ചിത്രത്തില്‍ പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച് ക്യാമറയ്ക്ക് പിന്നിലുള്ള വ്യക്തിയെ നോക്കി പുഞ്ചിരിക്കുന്ന സാമന്തയുടെ വിരലില്‍ ഈ വജ്രമോതിരം കാണാമായിരുന്നു. ഇതേ മോതിരമാണ് വിവാഹത്തിനും അവര്‍ ധരിച്ചത്.

അന്ന് ഈ പോസ്റ്റിന് താഴെ ചിലര്‍ വിവാഹനിശ്ചയം കഴിഞ്ഞതായി കമന്റും ചെയ്തിട്ടുണ്ട്. 'വിവാഹനിശ്ചയം കഴിഞ്ഞതായി എനിക്ക് മാത്രം തോന്നുന്നതാണോ!', 'ഈ മോതിരവും സ്‌നേഹവും എന്നും നിങ്ങളോടൊപ്പം ഉണ്ടാകട്ടെ' തുടങ്ങിയ കമന്റുകള്‍ പോസ്റ്റിന് താഴെ ആരാധകര്‍ പങ്കുവെച്ചിരുന്നു.

ട്രഡീഷണലായുള്ളതോ ആഡംബരപൂര്‍ണമായ സോളിറ്റയറോ തിരഞ്ഞെടുക്കുന്നതിന് പകരം പോര്‍ട്രയറ്റ് കട്ട് ഡയമണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച മോതിരമാണ് അവര്‍ അണിഞ്ഞത്. നടുവില്‍ ഒരു വലുതും അതിന് ചുറ്റും ദളങ്ങള്‍പോലെ ഘടിപ്പിച്ച ചെറിയ വജ്രങ്ങളുമാണ് ഇതിന്റെ പ്രത്യേകത. ഈ വജ്രങ്ങള്‍ പ്രത്യേകം കട്ട് ചെയ്‌തെടുത്തതാണ്‌. മോതിരത്തിന്റെ ഡിസൈന്‍ ആദ്യം ഒരു ഡിസൈനറെ കാണിച്ച ശേഷം അതിന് അനുസരിച്ചാണ് ഈ വജ്രങ്ങള്‍ മുറിച്ചെടുത്തിരിക്കുന്നത്. ഇതിന് ഏകദേശം ഒന്നരക്കോടി രൂപ വില വരും.

പോര്‍ട്രെയ്റ്റ്-കട്ട് ഡയമണ്ട് എന്നത് വളരെ നേര്‍ത്തതും പരന്നതും തികച്ചും വ്യക്തവും സുതാര്യവുമായ പ്രതലമുള്ള ഒരു വജ്രമാണ്. ഒരെണ്ണം നിര്‍മിക്കുന്നതിന്, വജ്രം പൊട്ടാതെ വളരെ നേര്‍ത്തതായി കട്ട് ചെയ്‌തെടുക്കേണ്ടതുണ്ട്. ഇത് ഉയര്‍ന്ന പരിശീലനം ലഭിച്ച പണിക്കാര്‍ക്കോ കട്ടര്‍മാര്‍ക്കോ മാത്രമുള്ള ഒരു വൈദഗ്ധ്യമാണ്. ഇക്കാരണത്താല്‍, പോര്‍ട്രെയ്റ്റ്-കട്ട് ഡയമണ്ടുകള്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെടുന്നില്ല. അവ ഒരു പ്രത്യേക ഡിസൈനിനോ ഫ്രെയിമിനോ അനുയോജ്യമായ രീതിയില്‍ പ്രത്യേകം നിര്‍മിച്ചെടുക്കുകയാണ് ചെയ്യുന്നത്

'ഏകദേശം രണ്ട് കാരറ്റുള്ള റോംബസ് ആകൃതിയിലുള്ള ഒരു പോര്‍ട്രെയ്റ്റ്-കട്ട് ഡയമണ്ടാണ് നടുവിലുള്ളത്. അതിനുചുറ്റും ദളങ്ങളുടെ ആകൃതിയില്‍ പ്രത്യേകം മുറിച്ചെടുത്ത എട്ട് പോര്‍ട്രെയ്റ്റ്-കട്ട് ഡയമണ്ടുകളുണ്ട്. വിരലില്‍ കാണുമ്പോള്‍ ഇത് വളരെ ലളിതമായി തോന്നാമെങ്കിലും, അതിന് പിന്നിലെ നിര്‍മാണ വൈദഗ്ദ്ധ്യം വളരെ സങ്കീര്‍ണമാണ്. ലോകത്തിലെ ചുരുക്കം ചില വര്‍ക്ക്ഷോപ്പുകള്‍ക്ക് മാത്രമേ ഈ നിലവാരത്തില്‍ പോര്‍ട്രെയ്റ്റ് ഡയമണ്ടുകള്‍ മുറിക്കാനും കൂട്ടിയോജിപ്പിക്കാനും കഴിയൂ'-ജ്വല്ലറി വിദഗ്ദ്ധനും കണ്ടന്റ് ക്രിയേറ്ററുമായ പ്രിയാന്‍ഷു ഗോയല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീലില്‍ പറയുന്നു.