വിവാഹത്തിന് തിളങ്ങി നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന മനോഹരമായ ഔട്ട്ഫിറ്റുമായി കങ്കണ റണൗട്ട്. ചുവപ്പും ഗോൾഡനും പച്ചയും സമന്വയിപ്പിച്ച ഘരാര സ്യൂട്ടിലാണ് താരം ഇത്തവണ ശ്രദ്ധ നേടിയത്. സുഹൃത്തും എഴുത്തുകാരനും നിർമാതാവുമായ അമിത് തുലിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് കങ്കണ ഈ മനോഹരമായ വേഷം തിരഞ്ഞെടുത്തത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വസ്ത്രത്തിന്റെ ഭംഗി ആസ്വദിച്ച് കറങ്ങുന്ന താരത്തെയും കാണാം. പരമ്പരാഗത വസ്ത്രധാരണത്തിന് ഗ്ലാമറിന്റെ ചുവടുകൂടി ചേർത്തായിരുന്നു കങ്കണയുടെ ലുക്ക്.

To advertise here,

ചുവപ്പും സ്വർണനിറവും ചേർന്ന ബ്രോക്കേഡ് പ്രിന്റിലുള്ള ചെറിയ കുർത്തിയാണ് വസ്ത്രത്തിലെ പ്രധാന ആകർഷണം. സാരിത്തുമ്പിലെന്നപോലെ സമ്പന്നമായ സറി എംബ്രോയ്ഡറിയും ലേസ് വർക്കും കുർത്തിക്ക് കൂടുതൽ ഭംഗി നൽകി. പൂക്കളുടെയും പരമ്പരാഗത രൂപങ്ങളുടെയും ഡിസൈനുകൾ നിറഞ്ഞ വസ്ത്രത്തിന്റെ ബോഡീസും ഏറെ ശ്രദ്ധേയമാണ്. കുർത്തിക്ക് ചേരുന്ന അതേ ബ്രോക്കേഡ് ഡിസൈനിലുള്ള ഫ്ലെയർ ഘരാര പാന്റ്‌സാണ് താരം ധരിച്ചത്. പാന്റ്‌സിന്റെ താഴ്ഭാഗത്തെ ലേസ് എംബ്രോയ്ഡറിയും സ്വർണനിറത്തിലുള്ള അലങ്കാര ബോർഡറും വസ്ത്രത്തിന് രാജകീയ ഭംഗി നൽകി. ചുവപ്പിന്റെയും സ്വർണത്തിന്റെയും പശ്ചാത്തലത്തിൽ വേറിട്ടുനിന്നത് എമറാൾഡ് ഗ്രീൻ നിറത്തിലുള്ള സുതാര്യമായ ദുപ്പട്ടയാണ്. തോളിലൂടെ അണിഞ്ഞ ദുപ്പട്ടയിലെ സൂക്ഷ്മമായ ഡിസൈനുകളും അലങ്കാരപ്പണികളുള്ള ബോർഡറും ലുക്കിന് കൂടുതൽ മിഴിവേകി.

ആഭരണങ്ങളിലും പരമ്പരാഗത ശൈലി തന്നെയാണ് കങ്കണ പിന്തുടർന്നത്. എംബ്രോയ്ഡറി ചെയ്ത കഴുത്തിനോട് ചേർന്നുനിൽക്കുന്ന ഗോൾഡൻ ചോക്കറും നീളമുള്ള അലങ്കാര കമ്മലുകളും മാംഗ്ടിക്കയും ലുക്കിന് പൂർണത നൽകി.

നീളമുള്ള കറുത്ത മുടി അഴിച്ചിട്ട താരം മുൻഭാഗത്തെ മുടി പിന്നിലേക്ക് ഒതുക്കിയിരുന്നു. മാംഗ്ടിക്കയും കമ്മലുകളും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന തരത്തിലായിരുന്നു ഹെയർസ്‌റ്റൈൽ. കൺമഷിയിട്ട കണ്ണുകൾ, കവിളുകളിലെ നേരിയ ബ്ലഷ്, മൃദുവായ ലിപ് മേക്കപ്പ് എന്നിവയായിരുന്നു മേക്കപ്പ് ലുക്ക്.

പർപ്പിൾ ലെഹങ്കയിലും കങ്കണയുടെ സ്‌റ്റൈൽ

വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളിലും വ്യത്യസ്തമായ പരമ്പരാഗത വേഷങ്ങളിലാണ് കങ്കണ എത്തിയത്. പർപ്പിൾ നിറത്തിലുള്ള എംബ്രോയ്ഡറി ലെഹങ്കയായിരുന്നു അതിലൊന്ന്. ഗോൾഡൻ ഗോറ്റാ പട്ടി എംബ്രോയ്ഡറി ചെയ്ത ബ്ലൗസാണ് ലെഹങ്കയിലെ പ്രധാന ആകർഷണം. ആഴത്തിലുള്ള നെക്ക്‌ലൈനും ക്രോപ്പ് ചെയ്ത ഡിസൈനും ബാക്ക്ലെസ് ശൈലിയും ബ്ലൗസിന് ആധുനിക ഭംഗി നൽകി. ലംബമായി ചെയ്ത ഗോറ്റാ പട്ടി വർക്കും പൂക്കളുടെ ഡിസൈനുകളും സീക്വിൻ അലങ്കാരങ്ങളും നിറഞ്ഞതായിരുന്നു ലെഹങ്ക സ്‌കർട്ട്. അലങ്കാര ബോർഡറും പൂക്കളുടെ പാച്ച് വർക്കുമുള്ള ട്യൂൾ ദുപ്പട്ടയും സ്വർണാഭരണങ്ങളും ചേർത്താണ് താരം ലുക്ക് പൂർത്തിയാക്കിയത്.