തെന്നിന്ത്യന്‍ സ്‌റ്റൈലില്‍ അണിഞ്ഞൊരുക്കാന്‍ ഇഷ്ടപ്പെടുന്ന നടിയാണ് ജാന്‍വി കപൂര്‍. പലപ്പോഴും ദാവണിയും സെറ്റ് മുണ്ടും പരമ്പാരഗത ആഭരണങ്ങളുമെല്ലാം അണിഞ്ഞ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ തെലുങ്ക് ചിത്രം ദേവരയുടെ പ്രൊമോഷന്റെ ഭാഗമായും തെന്നിന്ത്യന്‍ സ്‌റ്റൈലില്‍ എത്തിയിരിക്കുകയാണ് ജാന്‍വി.

To advertise here,

ഇളം നീല നിറവും കടും നീല നിറവും ചേരുന്ന ദാവണിയാണ് ജാന്‍വി ധരിച്ചത്. തിളങ്ങുന്ന കടുംനീല ദുപ്പട്ടയാണ് ദാവണിയുടെ ഹൈലൈറ്റ്. ഇതിനൊപ്പം ഇളം നീല ബ്ലൗസും രണ്ട് നിറങ്ങളും ചേരുന്ന പാവാടയും അണിഞ്ഞു. നിറയെ സീക്വിന്‍ വര്‍ക്കുകള്‍ ചെയ്ത ഔട്ട്ഫിറ്റ് കൂടുതല്‍ തിളക്കം നല്‍കി. സില്‍വര്‍ ജിമിക്കി കമ്മലും ചോക്കറും വളയും താരം അണിഞ്ഞിട്ടുണ്ട്. മുടി മെടഞ്ഞിട്ട് പൂവും ചൂടിയതോടെ ലുക്ക് പൂര്‍ണമായി. 

ഈ ചിത്രങ്ങള്‍ക്കൊപ്പം തെലുങ്കില്‍ സംസാരിക്കുന്ന ഒരു ചെറിയ വീഡിയോയും ജാന്‍വി പോസ്റ്റ് ചെയ്തിട്ടുണ്ട്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇതിന് താഴെ കമന്റ് ചെയ്തത്. സ്‌റ്റൈലിലും ലുക്കിലും ജാന്‍വി അമ്മ ശ്രീദേവിയെ ഓര്‍മിപ്പിക്കുന്നുവെന്നാണ് ഒരു കമന്റ്. കാണാന്‍ ദേവതയെപ്പോലെയുണ്ടെന്നും ജാന്‍വിയുടെ സ്‌റ്റൈലിസ്റ്റിനെയാണ് അഭിനന്ദനങ്ങള്‍ അറിയിക്കേണ്ടതെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.