സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ''ഗംഗുബായ് കത്തിയവാഡി'' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഒരുകാലത്ത് കാമാത്തിപ്പുരയെന്ന ചുവന്ന തെരുവിന്റെ അധിപയായി കഴിഞ്ഞിരുന്ന ഗംഗുഭായ് എന്ന സ്ത്രീയുടെ ജീവിതകഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ഗംഗുഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആലിയ ഭട്ട് ആണ്. ശക്തമായ കഥാപാത്രമാണ് ആലിയയുടേതെന്ന് ട്രെയ്‌ലറില്‍നിന്ന് മനസ്സിലാക്കാം. 

To advertise here,

ഇപ്പോഴിതാ ബെര്‍ലിനില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ എത്തിയിരിക്കുന്ന ആലിയ ഭട്ടിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. തൂവെള്ളസാരിയുടുത്ത് അതിസുന്ദരിയായാണ് ആലിയ ചലച്ചിത്രമേളയ്ക്ക് എത്തിയിരിക്കുന്നത്. സഞ്ജയ് ലീലാ ബന്‍സാലിയും ആലിയയ്‌ക്കൊപ്പം ചലച്ചിത്രമേളയ്ക്ക് എത്തിയിട്ടുണ്ട്. 

തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ചലച്ചിത്രമേളയിൽനിന്നുള്ള ചിത്രങ്ങള്‍ ആലിയ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങള്‍ കണ്ടിട്ട് കണ്ണെടുക്കാനേ തോന്നുന്നില്ലെന്ന് ആരാധകര്‍ കമന്റ് ചെയ്തു.

ഡിസൈനര്‍മാരായ റിംപിളും ഹര്‍പ്രീതും ചേര്‍ന്ന് ഡിസൈന്‍ ചെയ്തതാണ് ഐവറി നിറത്തില്‍ നിറയെ സീക്വന്‍സുകള്‍ തുന്നിച്ചേര്‍ത്ത ഈ കസ്റ്റമൈസ്ഡ് സാരി. ഇതേനിറമുള്ള സ്ലീവ്‌ലെസ് ബ്ലൗസ് ആണ് ആലിയ ധരിച്ചിരിക്കുന്നത്. 

റെഡ് കാര്‍പ്പറ്റിലെത്തിയ ആലിയ ഗംഗുഭായ് ശൈലിയില്‍ മടക്കിയ കൈകള്‍ തലയ്ക്ക് മുകളില്‍ കൂപ്പിപിടിച്ചാണ് ആരാധകരെ അഭിവാദ്യം ചെയ്തത്. 

വളരെകുറച്ച് മേക്ക് അപ് മാത്രമാണ് ആലിയ അണിഞ്ഞിരിക്കുന്നത്. ആഭരണമായി വജ്രകമ്മല്‍മാത്രമാണ് ധരിച്ചിരിക്കുന്നത്. ആലിയയുടെ സ്റ്റൈലിസ്റ്റായ ആമിയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

Content highlights: alia bhatt in white saree, at berlin international film festival, looks like an angel