
പ്രിയങ്ക ചോപ്ര ലോകസൗന്ദര്യ കിരീടം ചൂടുമ്പോള്‍ അമ്മയോടൊപ്പം ടി.വിയില്‍ അത് കണ്ടിരുന്ന ഒരു ഏഴ് വയസുകാരന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം അവന്‍ പ്രിയങ്കയുടെ പ്രാണനും പ്രണയവുമായി. വിവാഹത്തിന്റെ എല്ലാ വാര്‍പ്പുമാതൃകകളേയും പൊളിച്ചെഴുതി 2018-ല്‍ പ്രിയങ്ക തന്നേക്കാള്‍ പത്ത് വയസ് പ്രായം കുറവുള്ള നിക്ക് ജൊനാസിനെ വിവാഹം കഴിച്ചു. എല്ലാ തരത്തിലും വ്യത്യസ്തരായിരുന്നു ഇരുവരും.
രണ്ട് ഭാഷകള്‍ സംസാരിക്കുന്ന, രണ്ട് വ്യത്യസ്ത മതവിശ്വാസങ്ങളുള്ള, രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളായ ഇരുവരുടേയും വിവാഹം മാസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് പലരും വിധിയെഴുതി. ഇത്രയും പ്രായം കുറവുള്ള ഒരാളെ വിവാഹം ചെയ്യാന്‍ പ്രിയങ്കയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് പലരും പരിഹസിച്ചു. എന്നാല്‍, അതൊന്നും ഇരുവരുടേയും ജീവിതത്തെ ബാധിച്ചതേയില്ല. കഴിഞ്ഞ ഡിസംബറില്‍ പ്രിയങ്കയും നിക്കും വിവാഹജീവിതത്തിലെ ഏഴാം വാര്‍ഷികം ആഘോഷിച്ചു.
മൂക്കിന്റെ പാലം തകര്‍ത്ത ശസ്ത്രക്രിയ
ഝാര്‍ഖണ്ഡിലെ ജംഷെഡ്പുരില്‍ നിന്ന് ഹോളിവുഡ് വരേയുള്ള പ്രിയങ്കാ ചോപ്രയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ബോളിവുഡിന്റെ സൗന്ദര്യ സങ്കല്‍പത്തിന് അനുസരിച്ചുള്ള തൊലിനിറമോ ആകര്‍ഷണമോ അവര്‍ക്കുണ്ടായിരുന്നില്ല. സിനിമയില്‍ വലിയ പാരമ്പര്യം പറയാനില്ലാത്തതുകൂടി ചേര്‍ന്നതോടെ പലപ്പോഴും അവര്‍ തഴയപ്പെട്ടു.
സൈന്യത്തിൽ ഡോക്ടര്‍മാരായിരുന്നു പ്രിയങ്കയുടെ മാതാപിതാക്കളായ അശോകും മധുവും. അതുകൊണ്ടുതന്നെ ഡല്‍ഹി, ഛണ്ഡീഗഡ്, അംബാല, ലഡാക്ക്, ലഖ്‌നൗ, ബറേലി, പുണെ എന്നിവിടങ്ങളിലായാണ് കുട്ടിക്കാലം ചെലവഴിച്ചത്. 13-ാം വയസില്‍ തുടര്‍പഠനത്തിനായി അമേരിക്കയിലേക്ക് വിമാനം കയറി. അവിടെവെച്ചായിരുന്നു അഭിനയത്തിലെ അരങ്ങേറ്റം. അവിടെ തിയേറ്റര്‍ ഗ്രൂപ്പുകളിലും വെസ്റ്റേണ്‍ ക്ലാസിക്കല്‍ മ്യൂസിക്കലും സജീവമായി. പഠനം ഹൈസ്‌ക്കൂളിലെത്തിയപ്പോഴേക്കും അവര്‍ ഇന്ത്യയിലേക്ക് തിരിച്ചുപോന്നു. പിന്നീട് ബറേലിയിലെ ആര്‍മി പബ്ലിക് സ്‌കൂളിലായിരുന്നു പഠനം.
ആ തിരിച്ചുവരവിന്റെ കാരണങ്ങളിൽ ഒന്ന് സഹപാഠികളില്‍ നിന്ന് നേരിട്ട വംശീയ അധിക്ഷേപമായിരുന്നു. അതിനെ കുറിച്ച് പിന്നീട് പല അഭിമുഖങ്ങളിലും പ്രിയങ്ക പറഞ്ഞിട്ടുണ്ട്. 'എല്ലാവര്‍ക്ക് മുന്നിലും പേടിയോടെ നില്‍ക്കുന്ന, ഒട്ടും ആത്മവിശ്വാസമില്ലാത്ത ഒരു കുട്ടിയായിരുന്നു ഞാന്‍. എന്റെ കാലുകളില്‍ അന്ന് വെളുത്ത പാടുകളുണ്ടായിരുന്നു. അതിന്റെ പേരില്‍ പലരും പരിഹസിച്ചു. എന്നാല്‍ വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. എന്റെ കഠിനാധ്വാനം ഒടുവില്‍ ഫലം കണ്ടു. ഇന്ന് എന്റെ കാലുകള്‍ക്ക്‌പോലും ബ്രാന്‍ഡ് വാല്യൂ ഉണ്ട്.' -പ്രിയങ്ക ഒരു അഭിമുഖത്തില്‍ പറയുന്നു.
2000-ത്തില്‍ ലോകസൗന്ദര്യം കിരീടം ചൂടിയതോടെയാണ് പ്രിയങ്ക പ്രശസ്തിയിലേക്കുയര്‍ന്നത്. പിന്നാലെ ബോളിവുഡില്‍നിന്ന് അവസരങ്ങള്‍ തേടിയെത്തി. എന്നാല്‍ മൂക്കിനുള്ളിലെ ദശ നീക്കാന്‍ നടത്തിയ ശസ്ത്രക്രിയ പ്രിയങ്കയെ കൊണ്ടെത്തിച്ചത് വിഷാദത്തിലാണ്. ആ ശസ്ത്രക്രിയക്കിടെ മൂക്കിന്റെ പാലം തകരുകയും മുഖത്തിന്റെ ആകൃതിതന്നെ മാറുകയും ചെയ്തു. ഇതോടെ മുന്നില്‍വന്ന പല സിനിമാ പ്രൊജക്ടുകളും നഷ്ടപ്പെട്ടു. ജൂലിയാ റോബര്‍ട്‌സിനെപ്പോലെ ആവാന്‍വേണ്ടിയാണ് ശസ്ത്രക്രിയ ചെയ്തത് എന്നാണ് സിനിമാലോകത്ത് പ്രചരിച്ചത്. ഇതോടെ എല്ലാത്തില്‍ നിന്നും ഓടിയൊളിച്ച പ്രിയങ്ക മുംബൈ വിട്ട് ബറേലിയിലേക്ക് വണ്ടി കയറി.

അന്ന് പ്രിയങ്ക തന്നെ കാണാന്‍ വന്നതിനെ കുറിച്ച് സംവിധായകന്‍ അനില്‍ ശര്‍മ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 'ഏതാനും പ്രോജക്ടുകളില്‍ നിന്ന് പ്രിയങ്കയെ പുറത്താക്കി. അഡ്വാന്‍സ് വാങ്ങിയ പണമെല്ലാം തിരിച്ചുനല്‍കി ഒരു വര്‍ഷത്തേക്ക് മുംബൈയില്‍ നിന്ന് മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബം. നേരത്തേ നല്‍കിയ അഞ്ചു ലക്ഷത്തിന്റെ അഡ്വാന്‍സ് തുകയുടെ ചെക്കുമായാണ് അവള്‍ എന്നെ കാണാന്‍ വന്നത്, ബറേലിയിലേക്ക് തിരിച്ചുപോവുകയാണെന്ന് പറഞ്ഞു. ഞാനവളെ ശകാരിച്ചു, ആ പണം കൈയില്‍ വെക്കാനും പറഞ്ഞു, അപ്പോഴാണ് മൂക്കിന് എന്താണ് പറ്റിയതെന്ന കാര്യം അവള്‍ തുറന്നുപറഞ്ഞത്. പ്രിയങ്കയുടെ കഴിവില്‍ വിശ്വാസമുള്ളതിനാല്‍ അവര്‍ക്കൊപ്പം ജോലിചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.''-അനില്‍ അഭിമുഖത്തില്‍ പറയുന്നു. 2002-ല്‍ തമിഴ് ചിത്രം 'തമിഴനി'ലൂടെയായിരുന്നു വെള്ളിത്തിരയില്‍ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം അനില്‍ ശര്‍മയുടെ ദ ഹീറോ; ദ ലൗ സ്‌റ്റോറി ഓഫ് സ്‌പൈയിലൂടെ ബോളിവുഡിലും അരങ്ങേറി. പിന്നീടിങ്ങോട്ട് ബോളിവുഡിന്റെ താരറാണിയായി അവര്‍ വളര്‍ന്നു.ഹോളിവുഡിലേക്കുള്ള പ്രിയങ്കയുടെ 'എന്‍ട്രി' 2015-ലായിരുന്നു. ആ വര്‍ഷം എബിസി സ്റ്റുഡിയോസിന്റെ ടെലിവിഷന്‍ പരമ്പരയായ ക്വാന്റികോയില്‍ പ്രധാനവേഷത്തില്‍ അവരെത്തി. 2017-ല്‍ ബേവാച്ചിലൂടെയായിരുന്നു ഹോളിവുഡ് അരങ്ങേറ്റം.
ആദ്യം എക്‌സിലെ മെസ്സേജ്
ആദ്യമായി നിക്ക് ജൊനാസ് പ്രിയങ്ക ചോപ്രയെന്ന നടിയെ കാണുന്നത് ക്വാന്റികോയിലൂടെയാണ്. ആ ടെലിവിഷന്‍ പരമ്പര കണ്ടതിന് പിന്നാലെ പ്രിയങ്കയുടെ എക്‌സ് അക്കൗണ്ടിലേക്ക് നിക്ക് മെസ്സേജ് അയച്ചു. 2016 സെപ്റ്റംബര്‍ എട്ടിനായിരുന്നു അത്. 'നമ്മള്‍ രണ്ടു പേരും കണ്ടുമുട്ടേണ്ടവരാണെന്ന് നമ്മുടെ ചില പൊതുസുഹൃത്തുക്കള്‍ പറയുന്നു' എന്നായിരുന്നു ആ സന്ദേശം. തന്റെ ടീം മുഴുവന്‍ ഈ മെസ്സേജ് കാണുമെന്നും എന്തിനാണ് ഇത് അയച്ചത് എന്നുമായിരുന്നു പ്രിയങ്ക ഇതിന് മറുപടി നല്‍കിയത്. അന്ന് നിക്കിന്റെ ആ ചോദ്യം പ്രിയങ്കയ്ക്ക് ഇഷ്ടപ്പെട്ടു. പക്ഷേ മറ്റൊരു പ്രണയത്തിലായതിനാല്‍ നിക്കുമായി ബന്ധം സ്ഥാപിക്കാതിരിക്കാനാണ് പ്രിയങ്ക ശ്രമിച്ചത്. ഒപ്പം പ്രായവ്യത്യാസവും അവരെ അലട്ടി. അതിനെ കുറിച്ച് അഭിമുഖത്തില്‍ പ്രിയങ്ക മനസ് തുറക്കുന്നുണ്ട്.
'നിക്കുമായി അടുക്കുന്നതിന് മുമ്പുള്ള എന്റെ പ്രണയബന്ധത്തെ സുഹൃത്തുക്കള്‍ എതിര്‍ത്തിരുന്നു. അവര്‍ക്ക് ആ ബന്ധത്തോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. അവര്‍ എന്റേയും നിക്കിന്റേയും പൊതുസുഹൃത്തുക്കളായിരുന്നു. അവരാണ് നിക്കുമായി എന്നെ അടുപ്പിച്ചത്. പക്ഷേ അന്ന് എനിക്ക് 35 ഉം നിക്കിന് 25ഉം ആയിരുന്നു പ്രായം. അതിനാല്‍ ഞാന്‍ മനഃപൂര്‍വം നിക്കില്‍നിന്ന് ഒഴിഞ്ഞുമാറി.
എന്നാല്‍ നിക്ക് എനിക്ക് മെസ്സേജുകള്‍ അയച്ചുകൊണ്ടേയിരുന്നു. എന്നോട് ഫോണില്‍ സംസാരിക്കാന്‍ സഹോദരന്‍ കെവിന്‍ ജൊനാസ് നിക്കിനോട് പറഞ്ഞു. തുടര്‍ന്ന് നിക്ക് എന്നെ വിളിക്കാന്‍ തുടങ്ങി. പക്ഷേ അപ്പോഴൊന്നും ഞാന്‍ താത്പര്യം കാണിച്ചില്ല. പിന്നീട് എന്റെ പ്രയണം തകര്‍ന്നതോടെ ഞാന്‍ നിക്കുമായി കൂടുതല്‍ അടുത്തു. എന്നാല്‍ ഒരു ബന്ധം സ്ഥാപിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അന്ന് ഞാന്‍. പിന്നീട് പതിയേയാണ് ഞങ്ങള്‍ തമ്മില്‍ അടുത്തത്.'-പ്രിയങ്ക വോഗിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ചുംബനമില്ലാത്ത ആദ്യ ഡേറ്റിങ്
2017 ഫെബ്രുവരി 26-നായിരുന്നു ഇരുവരുടേയും ആദ്യ കൂടിക്കാഴ്ച്ച. വാനിറ്റി ഫെയറിന്റെ ഓസ്‌കര്‍ പാര്‍ട്ടിയായിരുന്നു വേദി. അന്ന് പ്രിയങ്കയെ കണ്ട നിക്കിന് അവരോടുള്ള പ്രണയം കൂടി. ഒരു കാല്‍മുട്ട് തറയില്‍ കുത്തിനിന്ന് അവര്‍ പ്രിയങ്കയെ ഒരു ഡ്രിങ്ക് കഴിക്കാന്‍ ക്ഷണിച്ചു. അത് നിരസിക്കാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞില്ല. അന്ന് ഇരുവരും ഒരുപാട് നേരം സംസാരിച്ചിരുന്നു.

മെയില്‍ നടന്ന മെറ്റ് ഗാലയില്‍വെച്ചാണ് ഇരുവരും കൂടുതല്‍ അടുക്കുന്നത്. പ്രശസ്തനായ അമേരിക്കന്‍ ഫാഷന്‍ ഡിസൈനറായ റാല്‍ഫ് ലോറന്‍ ഡിസൈന്‍ ചെയ്ത ഔട്ട്ഫിറ്റുകളാണ് ഇരുവരും അന്ന് ധരിച്ചത്. മെറ്റ് ഗാല അവസാനിച്ചശേഷം പ്രിയങ്ക നിക്കിനെ അപാര്‍ട്‌മെന്റിലേക്ക് ക്ഷണിച്ചു. രണ്ട് മണിക്കൂറോളം ഇരുവരും അവിടെ ചെലവഴിച്ചു. അന്ന് വിടപറയുമ്പോള്‍ നിക്ക് തനിക്കൊരു ചുംബനം നല്‍കുമെന്ന് പ്രിയങ്ക കരുതി. എന്നാല്‍ അതിന് പകരം പുറത്ത് തട്ടി യാത്ര പറയുകയാണ് നിക്ക് ചെയ്തത്. ഇതിനെക്കുറിച്ച് വോഗിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും പറയുന്നുണ്ട്. ഇപ്പോഴും അതിനെ കുറിച്ച് പ്രിയങ്ക പരാതി പറയാറുണ്ടെന്ന് നിക്ക് വെളിപ്പെടുത്തുന്നു. അതൊരു മാന്യമായ ആദ്യരാത്രിയായിരുന്നുവെന്നാണ് താന്‍ കരുതുന്നതെന്നും നിക്ക് പറഞ്ഞു. അത്രയ്ക്ക് മാന്യത വേണ്ടിയിരുന്നില്ല എന്നായിരുന്നു ഇതിന് തമാശരൂപത്തില്‍ പ്രിയങ്ക മറുപടി നല്‍കിയത്.
ഗ്രീസില്‍ പ്രൊപ്പോസല്‍
2018 മെയില്‍ ബോളിവുഡ് ബൗളില്‍ നടന്ന ബ്യൂട്ടി ആന്റ് ബീസ്റ്റ് ലൈവ് കണ്‍സേര്‍ട്ടില്‍ ഇരുവരും ഒരുമിച്ചെത്തിയതോടെയാണ് പ്രണയം പരസ്യമായത്. ഇതിന് പിന്നാലെ ഇരുവരും സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ക്ക് പരസ്പരം കമന്റ് ചെയ്യാനും തുടങ്ങി. ജൂണില്‍ നിക്കിന്റെ കസിന്റെ വിവാഹത്തിന് ഇരുവരും കൈപിടിച്ച് നടക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരുമിച്ച് ഡിന്നര്‍ കഴിക്കുന്ന ചിത്രവും പുറത്തുവന്നതോടെ ഇരുവരും തമ്മിലുള്ള പ്രണയം ആരാധകര്‍ സ്ഥിരീകരിച്ചു.
രണ്ട് മാസത്തെ ഔദ്യോഗിക ഡേറ്റിങ്ങിനുശേഷം ഗ്രീസിലെ ക്രെറ്റെ ദ്വീപില്‍വെച്ചാണ് പ്രിയങ്കയെ നിക്ക് പ്രൊപ്പോസ് ചെയ്തത്. പ്രിയങ്കയുടെ പിറന്നാള്‍ ആഘോഷിക്കാനായിരുന്നു ക്രെറ്റെയിലെത്തിയത്. അന്ന് അര്‍ധരാത്രി ഡയമണ്ട് മോതിരം പ്രിയങ്കയ്ക്ക് നേരെ നീട്ടി നിക്ക് അവരെ ജീവിതത്തിലേക്ക് ക്ഷണിച്ചു.
ഇതിന് പിന്നാലെ ഇന്ത്യയിലേക്ക് വിമാനം കയറിയ നിക്ക് പ്രിയങ്കയുടെ കുടുംബാംഗങ്ങളെ പരിചയപ്പെട്ടു. ജോലി ആവശ്യാര്‍ഥം പ്രിയങ്ക ഇന്ത്യയിലെത്തിയപ്പോള്‍ നിക്കും കൂടെ വരികയായിരുന്നു. പ്രിയങ്ക ഷൂട്ടിങ്ങിനായി പോയ ഒരു ദിവസം മധു ചോപ്രയേയും കൂട്ടി നിക്ക് ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തുപോയി. അന്ന് പ്രിയങ്കയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം മധുവിനോട് നിക്ക് തുറന്നു പറഞ്ഞു. അതിനെ കുറിച്ച് മധു അഭിമുഖത്തില്‍ പറയുന്നുണ്ട്.
'പ്രിയങ്കയേയും നിക്കിനേയും ഒരുമിച്ച് കണ്ടെന്ന് പറഞ്ഞുള്ള വാര്‍ത്തകളിലൂടെയാണ് ഞാന്‍ ആദ്യം ഇക്കാര്യം അറിയുന്നത്. ഞാന്‍ മകളെ വിളിച്ച് അന്വേഷിച്ചു. അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍ അമ്മയോട് പറയാതിരിക്കുമോ എന്ന് പ്രിയങ്ക തിരിച്ചു ചോദിച്ചു. പിന്നീട് ഒരിക്കല്‍ നിക്ക് പ്രിയങ്കയ്ക്കൊപ്പം ഇന്ത്യയിലേക്ക് വന്നു. മുംബൈയില്‍ ജോലിയുടെ ആവശ്യാര്‍ഥം എത്തിയതായിരുന്നു പ്രിയങ്ക. താന്‍ ജോലിക്ക് പോകുമെന്നും നിക്ക് വീട്ടിലുണ്ടാകുമെന്നും അദ്ദേഹത്തിന് പാട്ടുകള്‍ എഴുതാനുണ്ടെന്നും പ്രിയങ്ക എന്നോട് പറഞ്ഞു. ഇന്ത്യയിലെ സ്ഥലങ്ങള്‍ കാണുക എന്ന ഉദ്ദേശവും നിക്കിനുണ്ടായിരുന്നു.

ഒരു ദിവസം നിക്ക് ഉച്ചഭക്ഷണം കഴിക്കാന്‍ എന്നെ കൂട്ടിക്കൊണ്ടുപോയി. അപ്പോള്‍ പ്രിയങ്ക കൂടെയുണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കുന്നതിനിടെ ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. മകള്‍ക്കുവേണ്ട പങ്കാളി എങ്ങനെയായിരിക്കണമെന്ന് നിക്ക് എന്നോട് ചോദിച്ചു. ഞാന്‍ ആഗ്രഹിക്കുന്ന വ്യക്തിത്വഗുണങ്ങള്‍ എന്തെല്ലാമാണെന്ന് പറഞ്ഞുകൊടുത്തു. പിന്നാലെ നിക്ക് എന്റെ കൈപിടിച്ച് എന്നോട് ചോദിച്ചു. 'ഞാന്‍ അങ്ങനെയൊരു വ്യക്തിയാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന ആ മരുമകന്‍ ഞാനായിക്കോട്ടെ?' എന്ന്. അതുകേട്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷമായി.
അവര്‍ തമ്മില്‍ പത്ത് വയസിന്റെ പ്രായവ്യത്യാസമുണ്ട്. പക്ഷേ അതിനെ കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. അവര്‍ പരസ്പരം കരുതലും സ്നേഹവുമുള്ള രണ്ട് നല്ല വ്യക്തികളാണ്. അവര്‍ ഒരുമിച്ചതില്‍ ഞാന്‍ അങ്ങേയറ്റം സന്തോഷവതിയാണ്.' മധു ചോപ്ര അഭിമുഖത്തില്‍ പറയുന്നു.
രാജകീയ വിവാഹം
രാജസ്ഥാനിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തിലായിരുന്നു പ്രിയങ്കയുടേയും നിക്കിന്റേയും മൂന്ന് ദിവസങ്ങള്‍ നീണ്ടുനിന്ന വിവാഹം. ക്രിസ്ത്യന്‍, ഹിന്ദു ആചാരപ്രകാരം ഇരുവരും ജീവിതത്തില്‍ ഒന്നിച്ചു. ഹല്‍ദിയും മെഹന്ദിയും സംഗീതുമെല്ലാമായി ആഘോഷപൂര്‍വ്വമായിരുന്നു വിവാഹം.
2018 ഡിസംബര്‍ ഒന്നിന് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടന്നു. സബ്യസാചി ഡിസൈന്‍ ചെയ്ത കടുംചുവപ്പ് ലെഹങ്കയില്‍ അതിസുന്ദരിയായിരുന്നു വധു. 110 ജോലിക്കാര്‍ 3720 മണിക്കൂറുകളെടുത്ത് നെയ്‌തെടുത്തതായിരുന്നു ആ സ്‌പെഷ്യല്‍ ലെഹങ്ക. ഗോള്‍ഡന്‍ നിറത്തിലുള്ള സില്‍ക്ക് ഷെര്‍വാണിയും ചിക്കന്‍കാരി ദുപ്പട്ടയുമായിരുന്നു നിക്കിന്റെ ഔട്ട്ഫിറ്റ്.
തൊട്ടടുത്ത ദിവസം ക്രിസ്ത്യന്‍ വിവാഹവും നടന്നു. വെള്ള ഗൗണില്‍ രാജകുമാരിയെപ്പോലെ പ്രിയങ്ക വേദിയിലേക്ക് നടന്നുവന്നു. റാല്‍ഫ് ലോറെന്‍ ഡിസൈന്‍ ചെയ്ത ഈ സ്വരോസ്‌കി ക്രിസ്റ്റലുകള്‍ നിറഞ്ഞ ഗൗണ്‍ തയ്യാറാക്കാന്‍ 1826 മണിക്കൂറുകളാണെടുത്തത്. 75 അടി നീളമുള്ള വെയ്‌ലും ഇതിനൊപ്പം അണിഞ്ഞു. കറുപ്പും വെളുപ്പും നിറത്തിലുള്ള സ്യൂട്ടായിരുന്നു നിക്കിന്റെ വേഷം. പിന്നാലെ ന്യൂഡല്‍ഹിയിലും മുംബൈയിലും റിസപ്ഷനും നടന്നു.

മകള്‍ മൂന്ന് മാസം എന്‍ഐസിയുവില്‍
വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും ആദ്യത്തെ കണ്‍മണിയെ ജീവിതത്തിലേക്ക് വരവേറ്റു. 2022 ജനുവരില്‍ പിറന്ന കുഞ്ഞിന് അവര്‍ മാല്‍തി മേരി ചോപ്ര എന്ന് പേരുമിട്ടു. പ്രിയങ്കയ്ക്ക് ആരോഗ്യപ്രശ്നമുള്ളതിനാല്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞ് ജനിച്ചത്. എന്നാല്‍ ഇതിനുശേഷം പ്രിയങ്കയേയും നിക്കിനേയും കാത്തിരുന്നത് ജീവിതത്തിലെ പ്രതിസന്ധി കാലമാണ്. മാസം തികയാതെ ജനിച്ച കുഞ്ഞ് മൂന്ന് മാസത്തോളം എന്‍ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിഞ്ഞു. മകളെ ജീവനോടെ തിരിച്ചുകിട്ടുമോ എന്നും പോലും ആശങ്കപ്പെട്ട സമയം.
'അവള്‍ ജനിക്കുമ്പോള്‍ ഞാനും നിക്കും ഓപ്പറേഷന്‍ തിയേറ്ററില്‍ ഉണ്ടായിരുന്നു. തീരെ ചെറുതായിരുന്നു അവള്‍. എന്റെ കൈയിനേക്കാള്‍ ചെറുത്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ മകളെ പരിപാലിച്ച നഴ്സുമാരെ ഞാന്‍ കണ്ടു. അവര്‍ ദൈവത്തിന്റെ പ്രതിരൂപങ്ങളാണ്. ഞാനും നിക്കും അവിടെത്തന്നെ ഉണ്ടായിരുന്നു. എന്റേയും നിക്കിന്റേയും നെഞ്ചിന്റെ ചൂടുപറ്റി അവള്‍ ഉറങ്ങി. ഓരോ ദിവസവും ഞങ്ങള്‍ അവിടെത്തന്നെ ചിലവഴിച്ചു.
ആരോഗ്യപ്രശ്നമുള്ളതിനാല്‍ എനിക്ക് കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു കുഞ്ഞിനെ കിട്ടാന്‍ വാടക ഗര്‍ഭധാരണമായിരുന്നു വഴി. വാടക ഗര്‍ഭധാരണത്തിന് തയ്യാറായ സ്ത്രീ വളരെ ദയയും സ്നേഹവുമുള്ളവരായിരുന്നു. ആറ് മാസം ഞങ്ങളുടെ അമൂല്യമായ നിധിയെ അവര്‍ എല്ലാ രീതിയിലും സംരക്ഷിച്ചു.' പ്രിയങ്ക വോഗിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കുറച്ചാഴ്ച്ചകള്‍ക്കുശേഷം മകള്‍ക്കൊപ്പം ഇരുവരും ആശുപത്രി വിട്ടു. ഇപ്പോള്‍ മകളുടെ മൂന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് നിക്കും പ്രിയങ്കയും.
Content Highlights: priyanka chopra and nick jonas love story
Published: 23 Jan 2025, 05:20 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented