നന്മണ്ട: ധർമഗ്രന്ഥങ്ങൾ പഠിക്കാനും അവയെ യുക്തിസഹമായി വിലയിരുത്താനും കഴിയുന്ന യുവതലമുറ വളർന്നുവരണമെന്ന് പി.ടി. ഉഷ എം.പി. പറഞ്ഞു. സംസ്കൃതി നന്മണ്ടയുടെ ആഭിമുഖ്യത്തിൽ ഇരുപത്തിമൂന്നാമത് ‘ഭാരതീയം’ ധർമപ്രഭാഷണപരമ്പര നന്മണ്ടയിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ലോകസമൂഹത്തെ ഒന്നായിക്കാണാനും വിശ്വസാഹോദര്യത്തെ ഊട്ടി വളർത്താനുമാണ് നമ്മുടെ ധർമശാസ്ത്രങ്ങൾ ഉദ്ബോധിപ്പിച്ചിരുന്നത്. ഋഷിപരമ്പരകൾ തപസ്സിലൂടെ ആർജിച്ചെടുത്ത സനാതന ധർമത്തിന്റെ അടിസ്ഥാനത്തിലുള്ള ജീവിതക്രമങ്ങളെക്കുറിച്ചും പ്രാപഞ്ചികസത്യത്തെ സംബന്ധിച്ചുമെല്ലാം ഭാരതീയർക്കുണ്ടായിരുന്ന ജ്ഞാനം എത്രമാത്രം ഉന്നതമായിരുന്നുവെന്ന് യുവതലമുറയെ പഠിപ്പിക്കാൻ ഭാരതീയംപോലുള്ള ധർമപ്രഭാഷണസംവിധാനങ്ങൾക്ക് കഴിയുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സ്വാമി ചിദാനന്ദപുരി ദീപംതെളിയിച്ചു. സംസ്കൃതി ധർമരത്ന പുരസ്കാരം ആചാര്യ എം.ആർ. രാജേഷിന് സ്വാമി ചിദാനന്ദപുരി സമർപ്പിച്ചു. മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനെ പോലുള്ള ആചാര്യന്മാരെ മറക്കുന്ന തലമുറയാണ് ഇന്ന് വളർന്നുവരുന്നത്. പുതുതലമുറയ്ക്ക് മഹാവ്യക്തിത്വങ്ങളെക്കുറിച്ച് അറിവുനൽകാൻ ഭാരതീയംപോലുള്ള ധർമപ്രഭാഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വേദങ്ങളുടെയും ഉപനിഷത്തുകളുടെയും ആഴങ്ങൾ എത്രമാത്രമാണെന്ന് പുതുതലമുറയെ പഠിപ്പിക്കാനുള്ള സംവിധാനങ്ങൾ കൂടുതൽ ഉണ്ടാകേണ്ടതുണ്ടെന്ന്‌ ആചാര്യ എം.ആർ. രാജേഷ് പറഞ്ഞു. സംസ്കൃതി നന്മണ്ട രക്ഷാധികാരി പി. ഗോപാലൻകുട്ടി പുരസ്കാരജേതാവിനെ പരിചയപ്പെടുത്തി. തുടർന്ന്, സ്വാമി ചിദാനന്ദപുരി ധർമപ്രഭാഷണം നടത്തി. ഭാരതീയം ചെയർമാൻ കെ.ടി. ബാലൻ അധ്യക്ഷതവഹിച്ചു. കെ. രാജേന്ദ്രൻ, എ.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു. ആൻവിദേവ് ഭരതനാട്യം അവതരിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം ആറുമണിക്ക് കോലാട്ടം. തുടർന്ന് വിശിഷ്ട വ്യക്തികളെ ആദരിക്കൽ, അരുൺ മോഹന്റെ ധർമപ്രഭാഷണം എന്നിവ നടക്കും.

To advertise here,