കൊയിലാണ്ടി: നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസിലെ മരളൂരിൽ കൊളത്തൂർ ഭാഗത്ത് സർവീസ് റോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പരിഹാരമായി. കനാൽപാലം കടന്നുപോകുന്ന ഭാഗത്ത് മുകളിൽക്കൂടി സർവീസ് റോഡ് നിർമിക്കാൻ കഴിയാത്തതിനാൽ താഴെ ഭാഗത്തു കൂടി നിർമിക്കാമെന്നായിരുന്നു സമരസമിതിയുമായുള്ള ചർച്ചയിൽ നേരത്തേ ധാരണയായത്. ഇങ്ങനെ റോഡ് നിർമിക്കുമ്പോൾ പരിസരത്ത് താമസിക്കുന്നവർക്കു കൂടി സർവീസ് റോഡിലേക്ക് പ്രവേശനം ലഭിക്കും. എന്നാൽ, താഴെകൂടി നിർമിച്ചാൽ റോഡിന് വീതി കുറവും വളവുംകാരണം യാത്രചെയ്യാൻ ബുദ്ധിമുട്ടാകുമെന്ന നാട്ടുകാരുടെ പരാതിയെ ത്തുടർന്ന് എൻ.എച്ച്.ഐ.എ. പ്രതിനിധി വൈശാഖും അദാനി പ്രതിനിധി ശിവനാരായണനും സ്ഥലത്തെത്തി. നഗരസഭ ഉപാധ്യക്ഷയും സമരസമിതി കൺവീനറുമായ സി.ടി. ബിന്ദു, സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ.കെ. വൈശാഖ് എന്നിവരുമായി ചർച്ച നടത്തി. സമരസമിതി നിർദേശിച്ചപ്രകാരം താഴെ ഭാഗത്തു കൂടി വീടുകൾക്കു കൂടി പ്രവേശനം അനുവദിച്ച് കൊണ്ട് വീതികൂട്ടി വളവ് ഒഴിവാക്കി സർവീസ് റോഡ് നിർമിക്കാനാണു ധാരണ. പനച്ചിക്കുന്ന് മുതൽ ഇരുഭാഗത്തും നിർമാണം തുടങ്ങിയ സർവീസ് റോഡിൽ ഓവുചാലും ടാറിങ്ങും ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും അതിനുശേഷം ഗോപാലപുരത്തെ സർവീസ് റോഡിന്റെ നിർമാണം തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.

To advertise here,