പയ്യോളി: ‘എന്റമ്മേടെ ജിമിക്കി കമ്മൽ... എൻറപ്പൻ കട്ടോണ്ടുപോയേ...’ മലയാളികൾ നെഞ്ചേറ്റിയ ഈ പാട്ട് റഷ്യയിലെ ഇൻറർനാഷണൽ യൂത്ത് ഫെസ്റ്റിവലിൽ അലകൾതീർക്കും. പാടുന്നത് ഇരിങ്ങൽകാരി നമ്രത ഒതയോത്ത്. പാശ്ചാത്യസംഗീതത്തിലെയും ഇന്ത്യൻ സ്വരമാധുരിയിലെയും വൈവിധ്യങ്ങളായ ലയങ്ങൾ നമ്രത പാടിത്തെളിഞ്ഞപ്പോൾ ലഭിച്ച ആഗോള അംഗീകാരമാണ് റഷ്യയിലെ ലോകവേദി. ഇവിടെ പാട്ടുപാടാൻ യോഗ്യതനേടിയ ഏക ഇന്ത്യക്കാരിയാണ് നമത്ര.

To advertise here,

 

ഇൻസ്റ്റഗ്രാം വഴിയായിരുന്നു തിരഞ്ഞെടുപ്പ്. ഈ അന്തരാഷ്ട്രവേദിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു ഇന്ത്യക്കാരൻ മുംബൈയിൽനിന്നുള്ള ഗണേഷ് മുരളിയാണ്. സംഗീതോപകരണമായ ഘടത്തിൽ താളവാദ്യം തീർക്കാനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

191 രാജ്യങ്ങളിൽനിന്നായി 1,13,000 പേരായിരുന്നു അപേക്ഷകർ. 14 വയസ്സ്‌ മുതൽ 35 വരെയുള്ളവരെയാണ് ക്ഷണിച്ചത്. അതിൽനിന്നായി 10,000 യുവപ്രതിഭകളെയാണ് തിരഞ്ഞെടുത്തത്. സെപ്‌റ്റംബർ 11 മുതൽ 17 വരെയാണ് പരിപാടി.

ബ്രിക്സ് രാജ്യങ്ങളാണ് അന്താരാഷ്ട്ര യൂത്ത് ഫെസ്റ്റിവലിന്റെ സംഘാടകർ. കലാ-സാംസ്കാരിക പരിപാടികളിലൂടെ ലോകത്ത് മാനവികതയും സമാധാനവും കൊണ്ടുവരുകയാണ് ലക്ഷ്യമാക്കുന്നത്. മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളിലെ ഗാനങ്ങൾ നമ്രത പാടും.

മലയാളികൾ നെഞ്ചേറ്റിയ ‘എന്റമ്മേടെ ജിമിക്കി കമ്മൽ’ എന്ന പാട്ട് റഷ്യക്കാർക്കും പ്രിയപ്പെട്ടതാണെന്ന് നമ്രത പറഞ്ഞു. റഷ്യക്കാരുടെ മനസ്സിൽ പതിഞ്ഞ ഹിന്ദി സിനിമയായ ‘ഡിസ്‌കോ ഡാൻസറിൽ’ മിഥുൻ ചക്രവർത്തി പാടി അഭിനയിച്ച ‘ജിമ്മി... ജിമ്മി... ആജാ... ആജാ...’ എന്ന പാട്ടും ഡാൻസോടെതന്നെ കാഴ്ചവെക്കും. കൂടാതെ ഗസലും മറ്റ് പാട്ടുകളും.

സ്വരഭംഗിയോടൊപ്പം ഓരോ വരിയുടെയും ഭാവം മുഖത്ത് കൊണ്ടുവരുന്നത് ഈ പാട്ടുകാരിയുടെ പ്രത്യേകതയാണ്. ഈയിടെ അന്തരിച്ച ഇരിങ്ങൽ എം.ടി. ശിവദാസിന്റെ കീഴിൽ കർണാട്ടിക്കും സൂരജ് രവീന്ദ്രനൊപ്പം ഹിന്ദുസ്ഥാനിയും പഠിച്ച നമ്രത ഇതിനകം 170-ഓളം വേദികളിൽ പാടിയിട്ടുണ്ട്.

ഇറ്റലിയിലും മുംബൈ, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലും പാടിയിട്ടുണ്ട്. മുംബൈയിൽ ഇൻറർ കോളേജ് ഗാനാലാപനമത്സരത്തിൽ രണ്ടുതവണ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. മുംബൈ നിഫ്റ്റിൽനിന്ന് ഡിസൈനിങ്ങിൽ ഡിസ്റ്റിങ്ഷനോടെ വിജയിച്ച നമ്രത ഒതയോത്ത് ഫാഷൻ-മോഡലിങ് രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. വാട്ടർ അതോറിറ്റിയിൽനിന്ന്‌ വിരമിച്ച എൻജിനിയർ പവിത്രൻ ഒതയോത്തിന്റെയും പാപ്പിനിശ്ശേരി ജി.എച്ച്.എസ്.എസ്. പ്രധാനാധ്യാപിക എ.കെ. മിനിയുടെയും മകളാണ്. സഹോദരൻ ഗൗതം ഡൽഹിയിൽ ടാറ്റയിൽ ഡിസൈൻ മാനേജരാണ്.