കാരമൂല തോട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ്

To advertise here,

കാരശ്ശേരി : കാരമൂല തോട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് ഷട്ടർ ഉണ്ടാക്കുന്ന കാര്യത്തിൽ ഇനി പ്രതീക്ഷ വെക്കേണ്ടതുണ്ടോ. നാട്ടുകാർ ഇങ്ങനെ ചോദിക്കുന്നതിനു കാരണമുണ്ട്. വെള്ളം തടഞ്ഞുനിർത്തി സംഭരിക്കാനുള്ള ഷട്ടർ സ്ഥാപിക്കുന്നതൊഴികെ പദ്ധതിയുടെ മുഴുവൻ പണിയും തീർന്നിട്ട് മൂന്നുപതിറ്റാണ്ട് പിന്നിട്ടു.

പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ അനുവദിച്ച പദ്ധതി ലക്ഷങ്ങൾ മുടക്കിയിട്ടും ഫലംകിട്ടാതെ തുടരുകയാണ്. മാറിമാറി വന്ന സർക്കാരുകളുടെയടുത്ത് നാട്ടുകാർ പറഞ്ഞ പരാതികൾ വനരോദനങ്ങളാവുകയായിരുന്നു. നാട്ടുകാരുടെ കാത്തിരിപ്പും പരിഭവവും സംബന്ധിച്ച് ‘മാതൃഭൂമി’ റിപ്പോർട്ടുചെയ്തിരുന്നു. പ്രശ്നത്തിൽ ഇടപെട്ട അന്നത്തെ എം.എൽ.എ.ലിന്റോ ജോസഫ് മുഖ്യമന്ത്രിയുടെ നവകേരളസദസ്സിൽ വിഷയം അവതരിപ്പിച്ചതിന്റെ ഫലമായി 50 ലക്ഷം രൂപ അനുവദിക്കുകയുമുണ്ടായി. എന്നാൽ, മണ്ഡലത്തിൽ തിരഞ്ഞെടുത്ത പദ്ധതികളുടെ എണ്ണംകൂടിപ്പോയതിനാൽ ഈ പദ്ധതിയെ ഒഴിവാക്കി. അങ്ങനെ മോഹഭംഗത്തിൽ ഇരിക്കുമ്പോഴാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ചെറുകിട ജലസേചനവകുപ്പിൽനിന്ന് 74 ലക്ഷം രൂപ അനുവദിച്ചതായും പ്രവൃത്തി ഉടൻ തുടങ്ങുമെന്നും അറിയിപ്പുണ്ടായത്. ഷട്ടർ സ്ഥാപിക്കുന്നതിന് നേരത്തേ പുഴയിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് തൂണുകളെല്ലാം പ്രവൃത്തിയുടെ തുടങ്ങുന്നതിന്റെ മുന്നോടിയായി മണ്ണുമാന്തിയന്ത്രംകൊണ്ട് നീക്കംചെയ്തു. എന്നാൽ, പിന്നീട് ഇന്നുവരെ ഒരു തുടർനടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഷട്ടർ സ്ഥാപിക്കുന്നകാര്യത്തിൽ നാട്ടുകാർക്ക് പ്രതീക്ഷതന്നെ നഷ്ടമായത്.

മാത്യു ടി. തോമസ് ജലസേചനവകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിൽ ചെറുപുഴയുടെ തോട്ടക്കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ചത്. വേനലിൽ മാത്രമല്ല മഴക്കാലത്തും പ്രദേശത്ത് അനുഭവപ്പെടുന്ന രൂക്ഷമായ ജലക്ഷാമം പരിഹരിക്കാനാണ് ചെറുകിട ജലസേചനവകുപ്പ് ലക്ഷങ്ങൾ മുടക്കി ഇത്‌ നിർമിച്ചത്. കുടിവെള്ളപദ്ധതികളുടെ കിണറുകളിൽ വെള്ളം ലഭ്യമാക്കാൻപുഴയിൽ വെള്ളം സംഭരിച്ചുനിർത്താൻ വേണ്ട പ്രധാന ഭാഗമായ ഷട്ടർമാത്രം നിർമിക്കാൻ ഇന്നുവരെ കഴിഞ്ഞില്ല. ആനയെ വാങ്ങിയിട്ട് തോട്ടി വാങ്ങാൻ കഴിയാത്ത സ്ഥിതി.

വെള്ളക്ഷാമം കാരണം സഹികെട്ട ഗുണഭോക്താക്കൾ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് അധികാരികളുടെ കണ്ണുതുറക്കാൻ ആവശ്യപ്പെട്ട് ബോർഡ് സ്ഥാപിച്ച് പ്രതിഷേധമറിയിച്ചിരുന്നു. എം.എൽ.എ., എം.പി., ത്രിതല പഞ്ചായത്ത് പ്രതിനിധികളോടെല്ലാമാണ് കക്ഷിഭേദമില്ലാതെ കണ്ണുതുറക്കാൻ ആവശ്യപ്പെട്ടത്.

കൂടരഞ്ഞി പഞ്ചായത്തിലെ പതിമ്മൂന്നാം വാർഡിൽപ്പെട്ട കൽപ്പൂര്, കൊട്ടാരപ്പറ്റ, പട്ടോത്ത്, കോവിലകത്തുംകടവ്, കാരശ്ശേരി പഞ്ചായത്തിലെ മൂന്നാംവാർഡിൽപ്പെട്ട കാരമൂല, തോട്ടക്കടവ്, ആറാംബ്ലോക്ക്, മാങ്കുന്ന് മുതലായ ഭാഗങ്ങളിലെ കുടിവെള്ളവിതരണപദ്ധതിയുടെ കിണറുകൾ ഈ പുഴയിലാണ്. മഴമാറിയാൽ ഉടൻ വറ്റി ഉണങ്ങുന്നതാണ് ചെറുപുഴ. ഇതുമൂലം കിണറുകളിൽ വെള്ളംകിട്ടാതാകും. ഓരോ വേനലിലും നിർമിക്കുന്ന തടയണകളാണ് കുറെയൊക്കെ വെള്ളം സംഭരിച്ച് ജലക്ഷാമം പരിഹരിക്കുന്നത്. ശാശ്വതപരിഹാരമാകണമെങ്കിൽ റെഗുലേറ്റർ കം ബ്രിഡ്ജിന് ഷട്ടർ ഇട്ട് വെള്ളം സംഭരിക്കണം. അത്‌ എന്നുണ്ടാകും എന്നതാണ് പ്രശ്നം .