കടലുണ്ടി : കടലുണ്ടി വാവുത്സവത്തിന്റെ പ്രധാനചടങ്ങുകളിൽ ഒന്നായ കുന്നത്ത് തറവാട്ടിൽ കൊടിയേറ്റം ആചാരാനുഷ്ഠാനങ്ങളോടെ വ്യാഴാഴ്ച നടന്നു.
കുന്നത്ത് കാരണവരുടെ സാന്നിധ്യത്തിലാണ് കൊടിയേറ്റ് നടന്നത്. വ്യാഴാഴ്ച ഉച്ചയോടെ കുന്നത്ത് കാരണവരുടെ സാന്നിധ്യത്തിൽ പനയമഠം കാരണവരുടെ കാർമികത്വത്തിൽ പേടിയാട്ട് കാവിൽ മണ്ണൂർ ശിവക്ഷേത്രം മേൽശാന്തി തെഞ്ചീരി ഇല്ലത്ത് ജയൻ നമ്പൂതിരി അഞ്ചാംപുണ്യാഹത്തിന്റെ പൂജാദികർമങ്ങൾ നടത്തി. വാവുത്സവത്തിന്റെ പ്രധാനചടങ്ങായ ജാതവൻ പുറപ്പാട് മണ്ണൂരിലെ ജാതവൻ കോട്ടയിൽനിന്ന് ശനിയാഴ്ച വൈകീട്ട് മൂന്നിന് ആരംഭിക്കും. വാവുത്സവം നാളിലെ നീരാട്ടിനുശേഷം അമ്മ പേടിയാട്ട് ദേവി സർവാഭരണവിഭൂഷിതയായി മകൻ ജാതവനൊപ്പം ആദ്യം എഴുന്നള്ളുന്നത് കുന്നത്ത് തറവാട്ടിലേക്കാണ്.
വ്രതനിഷ്ഠരായ തറവാട്ടുകാർ ദേവിയെ എതിരേൽക്കുന്നു. തുടർന്ന് നിവേദ്യമായ ഉണങ്ങലരി, പൂവൻപഴം, ഇളനീര്, വെറ്റില, അടയ്ക്ക എന്നിവ ദേവിക്ക് നിവേദ്യമായി സമർപ്പിക്കും.
തുടർന്ന് പടകളി തല്ല് ആസ്വദിച്ച ദേവി കറുത്തങ്ങാടേക്ക് യാത്രതിരിക്കും. മണ്ണൂർ ശിവക്ഷേത്രത്തിലെ മേൽശാന്തിയുടെ നിവേദ്യസമർപ്പണത്തിനുശേഷം ദേവി സന്ധ്യയോടെ പേടിയാട്ട് കാവിലെത്തുന്നു. ഇവിടെ പനയംമം തറവാട്ടുക്കാരുടെ നിവേദ്യസമർപ്പണം നടക്കും. തുടർന്ന് കുടികൂട്ടൽ ചടങ്ങിനുശേഷം മകൻ ജാതവൻ മണ്ണൂരിലെ കോട്ടയിലേക്ക് തിരിച്ചെഴുന്നള്ളുന്നതോടെ ഈ വർഷത്തെ കടലുണ്ടി വാവുത്സവത്തിന് സമാപനമാവും. ഇതോടെ ഉത്തരമലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കമാവും.
Published: 07 Nov 2026, 03:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented