ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

To advertise here,

കീഴരിയൂർ : സി.ഐ.ടി.യു. സമരപ്പന്തലിൽനിന്ന് അപേക്ഷ തയ്യാറാക്കി നൽകിയവർക്ക് തൊഴിൽ നൽകാൻ മസ്റ്റർ റോൾ തയ്യാറാക്കിയ കീഴരിയൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ആവശ്യം പഞ്ചായത്ത് ഭരണസമിതി നിരാകരിച്ചതിൽ പ്രതിഷേധിച്ച് യു.ഡി. എഫ്. അംഗങ്ങൾ ഭരണസമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. കീഴരിയൂർ ഗ്രാമപ്പഞ്ചായത്തിൽ കഴിഞ്ഞദിവസമാണ് പ്രതിഷേധത്തിനിടയാക്കിയ സംഭവം നടന്നത്.

പന്ത്രണ്ടാം വാർഡിലെ തൊഴിലാളികൾ രണ്ട് മാസം മുമ്പേ തൊഴിൽ ലഭിക്കുന്നതിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ അത് പരിഗണിക്കാതെ പതിനെട്ടിന് പഞ്ചായത്താഫീസിനുമുന്നിൽ സി.ഐ.ടി.യു. നടത്തിയ സമരത്തിൽ പങ്കെടുത്ത പഞ്ചായത്തിലെ വിവിധ വാർഡുകളിലെ തൊഴിലാളികളെ പന്ത്രണ്ടാം വാർഡിൽ തൊഴിലെടുക്കാൻ ക്രമവിരുദ്ധമായി അനുമതിനൽകിയ നടപടി നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അവരുടെ പേരിൽ അച്ചടക്കനടപടി ആവശ്യപ്പെട്ടുകൊണ്ടാണ് യു.ഡി.എഫ്. അംഗങ്ങളായ പാറക്കീൽ അശോകൻ ,രജിത കടവത്ത് വളപ്പിൽ, കുഞ്ഞബ്ദുള്ള തേറമ്പത്ത്, റൈഹാനത്ത് വല്ലൊടിക്കുനിയിൽ, ടി.ടി. രാമചന്ദ്രൻ എന്നിവർ യോഗത്തിൽ അടിയന്തര ചർച്ചയ്ക്ക് നോട്ടീസ് നൽകിയത്. കത്ത് ചർച്ചയ്ക്കെടുത്തെങ്കിലും ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് യോഗത്തിൽ അധ്യക്ഷത വഹിച്ച വൈസ് പ്രസിഡന്റ് ഉൾപ്പെടെ സി.പി.എം. അംഗങ്ങൾ സ്വീകരിച്ചതെന്ന്് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ വിവേചനത്തിന്റെ പേരിൽ തൊഴിൽ നിഷേധിക്കുന്നതിന് ഉദ്യേഗസ്ഥൻമാർക്കൊപ്പം കൂട്ടുനിൽക്കുന്ന ഭരണകക്ഷി അംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികളോട് വഞ്ചനയാണ് കാണിച്ചതെന്നും ഇതിൽ ശക്തമായ പ്രതിഷേധം നാട്ടിലുയരുമെന്നും യു.ഡി. എഫ്. അംഗങ്ങൾ വ്യക്തമാക്കി. പഞ്ചായത്താഫീസിനുമുന്നിലെ പ്രതിഷേധ ജാഥയ്ക്ക് ശേഷം നടന്ന വിശദീകരണ യോഗത്തിൽ പാറക്കിൽ അശോകൻ അധ്യക്ഷത വഹിച്ചു. ടി. കുഞ്ഞബ്ദുള്ള, കെ.വി.രജിത, റൈഹാനത്ത് വല്ലൊടിക്കുനിയിൽ, ടി.ടി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.