ഇഴഞ്ഞിഴഞ്ഞ് നരിക്കുനി ബസ് സ്റ്റാൻഡ് നവീകരണം
നരിക്കുനി : യാത്രക്കാർക്കും കച്ചവടക്കാർക്കും തലവേദനയായി നരിക്കുനി ഗ്രാമപ്പഞ്ചായത്ത് ബസ് സ്റ്റാൻഡ് നവീകരണത്തിലെ മെല്ലെപ്പോക്ക്. നൂറോളം ബസുകളെത്തുന്ന സ്റ്റാൻഡിലെ തിരക്കിനിടയിൽ, ഇഴഞ്ഞിഴഞ്ഞുനീങ്ങുന്ന നവീകരണപ്രവൃത്തികൾമൂലം വലഞ്ഞിരിക്കുകയാണ് ജനങ്ങൾ. പ്രവൃത്തിതുടങ്ങി മാസം അഞ്ചുകഴിഞ്ഞിട്ടും പൂർത്തിയായത് മേൽക്കൂരയുടെ നിർമാണം മാത്രം. യാത്രക്കാർക്ക് മുൻ വാതിലിലൂടെ മഴ നനയാതെ ബസിൽ കയറാനും ഇറങ്ങാനും സാധിക്കും. എന്നാൽ, ബസ്സിറങ്ങിക്കഴിഞ്ഞാൽ ഒന്നിരിക്കാൻ സ്വല്പം പരിശ്രമിക്കണം. കാരണം ഇരിപ്പിടങ്ങൾ പരിമിതമാണ്. പുതിയ ഇരിപ്പിടങ്ങളുടെ നിർമാണവും നടന്നിട്ടില്ല. ടാറിളകി രൂപപ്പെട്ട കുഴികൾക്കും ക്ഷാപമോക്ഷം ലഭിച്ചിട്ടില്ല.
നിരന്തരം നടക്കുന്ന പ്രവൃത്തികൾ സ്റ്റാൻഡിലെ കച്ചവടക്കാരെയും സാരമായി ബാധിക്കുന്നു. പുറത്തുനിന്നു ചെയ്ത് കൊണ്ടുവരാവുന്ന വെൽഡിങ് പ്രവൃത്തികൾ കൂടി സ്റ്റാൻഡിനകത്തുവെച്ച് നടത്തുന്നതിനാൽ പലപ്പോഴും കച്ചവടക്കാർ കടയടച്ചിടാൻ നിർബന്ധിതരാകുകയാണ്. സെപ്റ്റംബറിൽ മാത്രം രണ്ടാഴ്ചയോളമാണ് കടയടച്ചിട്ട് നവീകരണത്തിനായി കച്ചവടക്കാർ സഹകരിച്ചത്. എന്നാൽ, നീണ്ടുപോകുന്ന നവീകരണപ്രവൃത്തികൾ കച്ചവടക്കാരെ ആശങ്കയിലാക്കുന്നു. സ്റ്റാൻഡിന്റെ വരാന്തയിൽ ടൈൽ പതിക്കുന്ന പ്രവൃത്തി നടക്കുന്നുണ്ട്. പെയിന്റിങ്, കവാടനിർമാണം, സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ബേ എന്നിവയെല്ലാം നവീകരണപ്രവൃത്തിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അവധിദിനത്തിലോ രാത്രിയിലോ എടുക്കാവുന്ന പ്രവൃത്തി പോലും പകൽസമയത്താണ് നടത്തുന്നതെന്നും സ്കൂൾ തുറക്കുന്നതിനു മുൻപേ കുഴിയെടുത്തുതുടങ്ങിയ പണിപോലും തീർത്തിട്ടില്ലായെന്നും നാട്ടുകാർ ആരോപിക്കുന്നു.
എം.എൽഎ. ഫണ്ടിൽനിന്ന് അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണപ്രവൃത്തിയെല്ലാം നടത്തുന്നത്. ഡിസംബറോടെ പൂർത്തിയാക്കാനാവുമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.
സ്റ്റാൻഡിലെ കുഴികൾ നികത്തണമെന്നും പ്രദേശത്ത് നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുനഃസ്ഥാപിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
Published: 22 Nov 2026, 03:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented