ആലപ്പാട് : ടി.എസ്.കനാലിൽ ആലപ്പാട് മേഖലയിലും കായംകുളം കായൽ, അഴീക്കൽ തുറമുഖം, പൊഴിമുഖം എന്നിവിടങ്ങളിലും ജലഗതാഗതം അപകടഭീഷണിയിൽ. മീൻപിടിത്ത ബോട്ടുകൾക്കും വള്ളങ്ങൾക്കും ഉല്ലാസയാനങ്ങൾക്കും സുരക്ഷിത പാത കാട്ടാനായി ജലത്തിനുപരിതലത്തിൽ പൊന്തിയിടുന്ന ഗോളം (ബോയകൾ) ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ചാലുകൾ തിരിച്ചറിയാൻ കഴിയാത്തതിനാൽ ഒട്ടേറെ വള്ളങ്ങളാണ് ചെളിയിലമർന്ന് അപകടത്തിലാകുന്നത്. സ്രായിക്കാട്, അഴീക്കൽ മേഖലകളിൽ കായലിന് വീതി കൂടുതലാണ്. അതിനാൽ മിക്ക ദിവസങ്ങളിലും രണ്ടിലധികം ബോട്ടുകളോ വള്ളങ്ങളോ ചെളിയിൽ ഉറയ്ക്കുകയും മീൻപിടിത്തം മുടങ്ങുകയും ചെയ്യുന്നുണ്ട്. എൻജിനും പ്രൊപ്പല്ലറുകളും തകരുന്നതോടെ നൂറുകണക്കിനു തൊഴിലാളികളുടെ ഉപജീവനം ഇതുമൂലം നഷ്ടപ്പെടുന്നു. ബോട്ടുകൾ പൂർവസ്ഥിതിയിലാക്കണമെങ്കിൽ ലക്ഷങ്ങൾ വേണ്ടിവരികയും ചെയ്യും.
രാജഭരണകാലംമുതലുള്ള കേരളത്തിന്റെ തെക്കൻമേഖലയിലെ പ്രധാന ദേശീയ ജലപാതയാണ് ടി.എസ്.കനാൽ. കൊല്ലം-ആലപ്പുഴ യാത്രാബോട്ടുകളും ഉല്ലാസനൗകയായ പുരവഞ്ചിയും ഇതുവഴിയാണ് കടന്നുപോകുന്നത്. ജലപാതയുൾപ്പെടുന്ന പ്രദേശം ടൂറിസം സർക്യൂട്ടാക്കുമെന്ന് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചതുമാണ്. കാലാകാലങ്ങളിൽ നടന്നുകൊണ്ടിരുന്ന ഡ്രജ്ജിങ് നിലച്ചതാണ് കായലിൽ ചെളി വർധിക്കാനിടയാക്കുന്നത്. വർഷങ്ങൾക്കുമുൻപ് സ്ഥാപിച്ച ബോയകൾ പലതും പ്രവർത്തനരഹിതവും ശേഷിക്കുന്നവ നശിച്ച അവസ്ഥയിലുമാണിപ്പോൾ.
കേരളതീരത്ത് വലിയ ബോട്ടുകളും ബൃഹത്തായ മീൻപിടിത്തവള്ളങ്ങളുമുള്ളതും ആലപ്പാട് തീരത്താണ്. ടി.എസ്.കനാൽ നിറയെ കടലിൽ പോകുന്ന മീൻപിടിത്തയാനങ്ങളാണ്. ആലപ്പുഴ, കൊല്ലം മേഖലകളിലെ മീൻപിടിത്തയാനങ്ങൾ നീണ്ടകര, അഴീക്കൽ മത്സ്യബന്ധന തുറമുഖം വഴി കടലിലേക്കു പോകുന്ന കായൽ ജലപാതയുമിതാണ്. ഡ്രഡ്ജിങ്ങും ബോയകൾ സ്ഥാപിക്കുന്നതും കേന്ദ്ര ഉൾനാടൻ ജല അതോറിറ്റിയുടെ അധികാരപരിധിയിലാണ്.
മത്സ്യത്തൊഴിലാളികളുടെ ആവശ്യം
ടി.എസ്.കനാലിലെ ആഴം ശാസ്ത്രീയമായി പരിശോധിച്ച് ആവശ്യമായ സ്ഥലങ്ങളിൽ ഡ്രഡ്ജിങ് നടത്തി ആഴം വർധിപ്പിക്കണം.
ബോട്ടുകൾക്കും വള്ളങ്ങൾക്കും സുരക്ഷിതമായി സഞ്ചരിക്കാനുള്ള ജലപാത ഉറപ്പാക്കാനായി പുതിയ ബോയകൾ സ്ഥാപിക്കണം. നിലവിലുള്ളത് ശരിയായ സ്ഥാനത്തും ദിശയിലും പുനഃക്രമീകരിക്കണം.
രാത്രികാലങ്ങളിൽ വ്യക്തമായി കാണാൻ കഴിയുന്ന ലൈറ്റുകളും റിഫ്ളക്ടറുകളും ഘടിപ്പിച്ച ബോയകൾ സ്ഥാപിക്കണം.
കേന്ദ്ര ഉൾനാടൻ ജല അതോറിറ്റി, ഹാർബർ എൻജിനിയറിങ് വകുപ്പ്, കേരള മാരിടൈം ബോർഡ്, ഫിഷറീസ് വകുപ്പ് തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെട്ട് പ്രശ്നപരിഹാരം കാണണം.
Published: 23 Nov 2026, 02:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented