കോഴിക്കോട്: കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി (ഫിക്കി) യുമായി ചേർന്ന്  ജൂൺ 28-ന് 'ബിയോണ്ട് ടുമോറോ 2025' സമ്മേളനം നടത്തും. ഉച്ചയ്ക്ക് 2:30 മുതൽ രാത്രി 8:00 വരെ കോഴിക്കോട് റാവീസ് കടവ് റിസോർട്ടിലാണ് സമ്മേളനം. 

To advertise here,

'ഇന്ത്യയുടെ സർഗ്ഗാത്മക സമ്പദ്വ്യവസ്ഥയുടെ ഭാവി രൂപപ്പെടുത്തൽ എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനത്തിൽ നയകർത്താക്കൾ, സർഗ്ഗാത്മക സംരംഭകർ, നിക്ഷേപകർ, സാംസ്്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ചയ്ക്ക് സർഗ്ഗാത്മകവും സാംസ്‌കാരികവുമായ മേഖലകളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് സമ്മേളനം ചർച്ച ചെയ്യും.

ഡിസൈൻ, മീഡിയ, കല, പൈതൃകം, ഫാഷൻ, സംഗീതം, സാങ്കേതികവിദ്യ എന്നിവ ഉൾക്കൊള്ളുന്ന പ്രഭാഷണങ്ങൾ, വിദഗ്ദ്ധ പാനലുകൾ, സംവേദനാത്മക ചർച്ചകൾ എന്നിവ സമ്മേളനത്തിൽ ഉണ്ടാകും. ഇന്ത്യയിലെ വളർന്നുവരുന്ന സർഗ്ഗാത്മക ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുള്ള സഹകരണത്തിനും നയപരമായ സംവാദങ്ങൾക്കും സമ്മേളനം ഉത്തേജകമാകുമെന്ന് പ്രതീക്ഷിക്കുന്നു.

'ബിയോണ്ട് ടുമോറോ എന്നത് സമ്മേളനത്തിനപ്പുറം സർഗ്ഗാത്മകതയുടെയും നവീകരണത്തിന്റെയും സുസ്ഥിര സാംസ്‌കാരിക സംരംഭകത്വത്തിന്റെയും ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാനുള്ള ദേശീയ വേദിയാണെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്നതും നൂതനത്വത്തിൽ അധിഷ്ഠിതവുമായ സർഗ്ഗാത്മക സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ കേരളത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വളർന്നുവരുന്ന മേഖലകളിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനും കേരളത്തെ സർഗ്ഗാത്മകവും സാംസ്‌കാരികവുമായ നവീകരണത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള കേരള സ്റ്റാർട്ടപ്പ് മിഷന്റെ ശ്രമങ്ങളുടെ ഭാഗമാണ്  സമ്മേളനം.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും സന്ദർശിക്കുക: beyondtomorrow.startupmission.in