placeholder
വി.പി. നന്ദകുമാർ, ശ്രീരമ ശ്രീജിത്ത്, സന്തോഷ് നിസ്വാർഥ്, മാളു കെ. പ്രഭാകർ

കോഴിക്കോട്: മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കര്‍ത്താവ് അപ്പു നെടുങ്ങാടിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ നാല് വ്യത്യസ്തമേഖലകളില്‍ കഴിവുതെളിയിച്ചവര്‍ക്ക് സമ്മാനിക്കുമെന്ന് അനുസ്മരണസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മണപ്പുറം ഫിനാന്‍സ് ചെയര്‍മാന്‍ വി.പി. നന്ദകുമാര്‍, ദേവഗിരി സി.എം.ഐ. പബ്ലിക് സ്‌കൂള്‍ അധ്യാപികയും കവയിത്രിയുമായ ശ്രീരമ ശ്രീജിത്ത്, നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സന്തോഷ് നിസ്വാര്‍ഥ്, സീനിയര്‍ അഭിഭാഷക മാളു കെ. പ്രഭാകര്‍ എന്നിവരെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

പുരസ്‌കാരജേതാക്കള്‍ക്കുള്ള ശിലാഫലകവും പ്രശസ്തിപത്രവും 25,000 രൂപയുടെ എന്‍ഡോവ്മെന്റും കെ. മുരളീധരന്‍ എം.പി. എട്ടിന് വൈകുന്നേരം അഞ്ചിന് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അപ്പുനെടുങ്ങാടി അനുസ്മരണസമ്മേളനത്തില്‍വെച്ച് സമ്മാനിക്കും.

പത്രസമ്മേളനത്തില്‍ അനുസ്മരണസമിതി ചെയര്‍മാന്‍ എന്‍.വി. ബാബുരാജ്, കണ്‍വീനര്‍ പി.കെ. ലക്ഷ്മീദാസ്, കെ.എം. ശശിധരന്‍, പി. രാധാകൃഷ്ണന്‍, പി. അനില്‍ബാബു എന്നിവര്‍ പങ്കെടുത്തു.