കോട്ടയം: ലൂര്‍ദ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജില്‍ ഓഗസ്റ്റ് ആറുമുതല്‍ ഒമ്പതുവരെ നടന്ന ലൂര്‍ദിയന്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട്, പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മികച്ച സ്‌പോര്‍ട്‌സ് വാര്‍ത്താചിത്രത്തിനുള്ള 10001 രൂപയും ഫലകവുമടങ്ങിയ അവാര്‍ഡിന് മാതൃഭൂമിയിലെ സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ ജി. ശിവപ്രസാദ് അര്‍ഹനായി. ഓഗസ്റ്റ് ഒമ്പതിന് മാതൃഭൂമി പ്രസിദ്ധീകരിച്ച ചിത്രമാണ് ശിവപ്രസാദിന് അവാര്‍ഡ് നേടിക്കൊടുത്തത്.

To advertise here,

രണ്ടാം സ്ഥാനത്തിന് ഓഗസ്റ്റ് ഒമ്പതിന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച മനു വിശ്വനാഥിന്റെ ചിത്രവും ഇന്ത്യന്‍ എക്സ്പ്രെസ്സില്‍ പ്രസിദ്ധീകരിച്ച വിഷ്ണു പ്രതാപിന്റെ ചിത്രവും അര്‍ഹമായി. മൂന്നാം സ്ഥാനത്തിന് ഓഗസ്റ്റ് ഏഴിന് മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച വിഷ്ണു സനലിന്റെ ചിത്രം അര്‍ഹമായി. രണ്ടാം സ്ഥാനത്തിന് 7501 രൂപയും ഫലകവും മൂന്നാം സ്ഥാനത്തിന് 5001 രൂപയും ഫലകവും ആണ് പുരസ്കാരം. 

ഫോട്ടോ വൈഡ് മാഗസിന്‍ എഡിറ്റര്‍ എ.പി. ജോയി, ടൈംസ് ഓഫ് ഇന്ത്യ സ്പെഷ്യല്‍ കറസ്പോണ്ടന്റ് ജയകൃഷ്ണന്‍ നായര്‍, സീനിയര്‍ ഫോട്ടോഗ്രാഫര്‍ വേണു പി. നായര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.