പൊൻകുന്നം : ശബരിമല തീർഥാടകരുടെ തിരക്കു കൂടിയപ്പോഴും പൊതുശൗചാലയമില്ലാതെ പൊൻകുന്നം ബസ് സ്റ്റാൻഡ്. 14, 15 തീയതികളിൽ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നുവെന്ന അറിയിപ്പ് പതിച്ച് അഞ്ചുദിവസമായിട്ടും പണി തീർത്ത് തുറന്നുകൊടുത്തില്ല. ചിറക്കടവ് പഞ്ചായത്തിന്റേതാണ് ബസ് സ്റ്റാൻഡ്. പഞ്ചായത്താണ് ശൗചാലയനടത്തിപ്പും.

To advertise here,

ദിവസവും നാന്നൂറിലേറെ ബസുകൾ കടന്നുപോകുന്ന സ്റ്റാൻഡിൽ ശൗചാലയം പ്രവർത്തിക്കാതായതോടെ യാത്രക്കാർ വലയുകയാണ്. പുരുഷന്മാർ പലരും ബസ് സ്റ്റാൻഡിന് സമീപത്തെ ഇടനാഴികളും റോഡരികും മൂത്രവിസർജനത്തിന് ഉപയോഗിച്ചുതുടങ്ങിയതോടെ പ്രദേശമാകെ ദുർഗന്ധപൂരിതമാണ്. വ്യാപാരികൾക്കും യാത്രക്കാർക്കും പൊതുസ്ഥലത്തെ മൂത്രവിസർജനം ശല്യമായി.

എരുമേലി റൂട്ടിൽ ഒട്ടേറെ ബസുകൾ കടന്നുപോകുന്ന പൊൻകുന്നം ബസ് സ്റ്റാൻഡിൽ അയ്യപ്പഭക്തന്മാരുടെ തിരക്കും തുടങ്ങി. ദൂരയാത്രയ്ക്കിടെ ശൗചാലയമുണ്ടെന്ന് കരുതി പൊൻകുന്നത്ത് എത്തുമ്പോഴാണ് ദുരിതം. ശൗചാലയമില്ലാത്തതിനാൽ ബസ് ജീവനക്കാരും ദുരിതത്തിലാണ്. കെ.എസ്.ആർ.ടി.സി.ബസുകളും എത്തുന്നത് പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിലാണ്.

നിത്യേന നൂറുകണക്കിന് സ്‌കൂൾ-കോളേജ് വിദ്യാർഥികളും സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാരും ആശ്രയിക്കുന്ന ഏക ശൗചാലയമാണിത്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ മറ്റ് സൗകര്യങ്ങളില്ലാതെ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവർ ബസ് സ്റ്റാൻഡിൽ ഏറെ ബുദ്ധിമുട്ടുകയാണ്.

തീർഥാടകരുടെയും പൊതുജനങ്ങളുടെയും ദുരിതം കണക്കിലെടുത്ത് ശൗചാലയം എത്രയും വേഗം തുറന്നുപ്രവർത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ശക്തമായ ആവശ്യം.