മേലുകാവ് : മേലുകാവ് പഞ്ചായത്തിലെ പയസ്‌മൗണ്ടിനുസമീപം കിഴക്കൻമറ്റത്ത് ആറേക്കർ ഭൂമിയിൽ പ്ലൈവുഡ് കമ്പനി ആരംഭിക്കാനുള്ള നീക്കം തുടങ്ങി. ഫുഡ് ഫാക്ടറി എന്ന പേരിലാണ് കെട്ടിടനിർമാണം തുടങ്ങിയത്. ആദ്യഘട്ടത്തിൽ പഞ്ചായത്ത് ഇതിന് അനുമതി നൽകുകയും ചെയ്തു.
ഈ അനുമതിയുടെ മറവിൽ മൂന്ന് ഫാക്ടറികൾകൂടി തുടങ്ങാനുള്ള നീക്കം പഞ്ചായത്ത് ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. അനധികൃത ഫാക്ടറിക്കെതിരേ നാട്ടുകാരും ജനപ്രതിനിധികളും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
പഞ്ചായത്തിന്റെ അനുമതി മറച്ചുവെച്ച് കെ- സ്വിഫ്റ്റ് വഴി മറ്റൊരുപേരിൽ ഇവർ പുതിയ അനുമതി തരപ്പെടുത്തി. ഒരൊറ്റ വൻകിട വ്യവസായമായി രജിസ്റ്റർ ചെയ്താൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കർശനമായ റെഡ് കാറ്റഗറിയിൽ ഉൾപ്പെടുമെന്നതിനാൽ ഇത് ഒഴിവാക്കി ചെറുകിട സംരംഭങ്ങൾ എന്ന വ്യാജേന വ്യത്യസ്തപേരുകളിൽ പല ഫാക്ടറികളാക്കി മാറ്റി ഓറഞ്ച് കാറ്റഗറി സുരക്ഷ നേടാനാണ് ഉടമകളുടെ ശ്രമം. ഫാക്ടറിക്കെതിരേ 219 പേർ ഒപ്പിട്ട മാസ് പെറ്റീഷൻ പഞ്ചായത്തിൽ കൊടുത്തിട്ടുണ്ട്. പ്രത്യേക ഗ്രാമസഭ വിളിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
ആശങ്ക സ്ഥിരീകരിച്ച് അഭിഭാഷക കമ്മിഷൻ
:പ്രദേശവാസികളായ ജോൺ വർഗീസ്, ജൂലി ഫ്രാൻസിസ് എന്നിവർ ഈരാറ്റുപേട്ട കോടതിയിൽ നൽകിയ ഹർജിയെത്തുടർന്ന് പരിശോധന നടത്തിയ അഭിഭാഷക കമ്മിഷൻ ജനങ്ങളുടെ ആശങ്ക സ്ഥിരീകരിച്ചിരുന്നു. മീനച്ചിലാറ്റിലേക്ക് മാലിന്യം ഒഴുക്കിവിടാൻ കൈവഴിയായ വലരിത്തോട് മണ്ണിട്ട് മൂടിയെന്ന് കമ്മിഷൻ കണ്ടെത്തി. 100 മീറ്റർ നീളത്തിലാണ് വലരിത്തോട് മണ്ണിട്ടുനികത്തിയത്. മാത്രമല്ല മണ്ണിനടിയിൽ രണ്ടടി വ്യാസമുള്ള കോൺക്രീറ്റ് പൈപ്പ് സ്ഥാപിച്ച ഫാക്ടറി ഉടമകൾ തോട് മൂടിയത് മറച്ചുവെയ്ക്കാൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Published: 16 Sept 2026, 02:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented