ഒ.പി. ടിക്കറ്റ് സ്കാനിങ്ങിൽ തകരാർ;രോഗികളും ജീവനക്കാരും തമ്മിൽ വാക്പോര്
ഗാന്ധിനഗർ : ‘ഞങ്ങൾ രോഗികളാണ്, നിങ്ങൾ മാന്യമായി പറഞ്ഞാൽ ഞങ്ങൾക്ക് മനസ്സിലാകും,’- വൃക്കരോഗ ചികിത്സയ്ക്കെത്തിയ വയോധികരുടെ വാക്കുകളാണിത്. ബുധനാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൃക്കരോഗ വിഭാഗം പരിശോധനമുറിക്ക് മുൻപിലാണ് സംഭവം. ഡോക്ടറെ കാണാൻ പഴയ ടിക്കറ്റും ചികിത്സാ ബുക്കും സീൽ ചെയ്യണമെങ്കിൽ 2026-ൽ എടുത്ത ഒ.പി. ടിക്കറ്റ് വേണമെന്ന ജീവനക്കാരുടെ നിർദേശം രോഗികളെ ചൊടിപ്പിച്ചു. പുലർച്ചെ മുതൽ കാത്ത് നിൽക്കുന്നവരാണെന്ന് ഇവർ അറിയിച്ചു. ചോദ്യം ചെയ്തവരോട് ജീവനക്കാർ മോശമായി സംസാരിച്ചത് തർക്കത്തിനിടയാക്കി. എയ്ഡ്പോസ്റ്റിൽനിന്ന് പോലീസ് എത്തിയാണ് രോഗികളെ ആശ്വസിപ്പിച്ചത്. പഴയ ടിക്കറ്റുകൾ സ്കാൻചെയ്യാൻ സാധിക്കാതെ സാങ്കേതിക തകരാർ വന്നു. ഇതാണ് വീണ്ടും ടിക്കറ്റ് എടുക്കാനുള്ള നിർദേശത്തിന് കാരണം.
ടിക്കറ്റിലെ ബാർ കോഡ് സ്കാൻ ചെയ്താൽ മാത്രമേ ഡോക്ടറുടെ മുൻപിലെ കംപ്യൂട്ടറിൽ രോഗിയുടെ വിവരങ്ങൾ ലഭിക്കൂ. രോഗികളുടെ പ്രതിഷേധത്തിൽ മറ്റൊരു കംപ്യൂട്ടർ അനുബന്ധ ഉപകരണം എത്തിച്ച് ജീവനക്കാർ പ്രശ്നം പരിഹരിച്ചു. രാവിലെ എട്ടുമണികഴിഞ്ഞാണ് കൗണ്ടറിൽ ജീവനക്കാർ എത്തിയതെന്ന് രോഗികൾ പറയുന്നു. അഞ്ച് പരിശോധനമുറികളാണ് ഈ വിഭാഗത്തിലുള്ളത്. ടിക്കറ്റും ചികിത്സാബുക്കും സീൽ ചെയ്യാനായി മൂന്നിലധികം ജീവനക്കാരും. ബുധൻ, വ്യാഴം എന്നിങ്ങനെ ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് വൃക്കരോഗ വിഭാഗം ഒ.പി. പ്രവർത്തിക്കുന്നത്.
ക്യൂവിൽ തളർന്ന്
കോട്ടയം : കോട്ടയം ജനറൽ ആശുപത്രിയിൽ എവിടെ നോക്കിയാലും രോഗികളുടെ നീണ്ടനിരയാണ് . ഒ.പി. ടിക്കറ്റെടുക്കാനും ഡോക്ടറെ കാണാനും നിര നിന്നുതന്നെ രോഗികൾ അവശരാകും. ഡോക്ടറെ കണ്ടുകഴിഞ്ഞാലും ഫാർമസിക്ക് മുന്നിൽ മരുന്ന് വാങ്ങാനും നീണ്ട കാത്തുനിൽപ്പ്. ആകെ പ്രവർത്തിക്കുന്നത് ഒരു ഫാർമസി കൗണ്ടറാണ്. ലാബ്, ഇ.സി.ജി., എക്‌സ്റേ തുടങ്ങി പണമടച്ചു ബില്ലുവാങ്ങുന്നിടത്തെല്ലാം നീണ്ടനിര തന്നെ. ആരോഗ്യ സുരക്ഷാപദ്ധതി ഓഫീസിന് സമീപമാണ് ആശുപത്രിയിലെ ഏക കാഷ് കൗണ്ടർ. ഡോക്ടറെ കണ്ടശേഷം പരിശോധന നടത്തി പണമടച്ച് വീണ്ടും ചെല്ലുമ്പോഴേക്കും ഒ.പി.സമയം കഴിയും. മിക്ക ദിവസങ്ങളിലും പല ഒ.പി.കളും പ്രവർത്തിക്കാറുമില്ല.
അത്യാധുനിക കെട്ടിടത്തിന്റെ നിർമാണം വർഷങ്ങളായിട്ടും ഇഴഞ്ഞുനീളുന്നു. പഴയ സൗകര്യങ്ങൾപോലും കെട്ടിടം പൊളിച്ചതോടെ കിട്ടാതെ വലയുകയാണ് രോഗികളും ബന്ധുക്കളും.
Published: 17 Sept 2026, 02:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented