കോട്ടയം : എത്രനേരം ബസ് കാത്തുനിന്നാലും നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഈ സ്റ്റീൽ ബെഞ്ചുകളിൽ ഇരിക്കരുതേ....യാത്രക്കാർക്ക് വിശ്രമിക്കാൻ ഒരുക്കിയ ഈ ഇരിപ്പിടങ്ങളിൽ ഇരുന്നാൽ മുന്നോട്ടുള്ള യാത്ര സുഗമമായി നടക്കണമെന്നില്ല; പകരം നടുവൊടിഞ്ഞോ ബാലൻസ് തെറ്റിയോ വീട്ടിലിരിക്കേണ്ടി വന്നേക്കാം.

To advertise here,

സ്റ്റാൻഡിലെ മിക്ക ബെഞ്ചുകളിലും ഇരിക്കുന്ന ഭാഗങ്ങളിലെ കമ്പികളും ചാരിയിരിക്കാനുള്ള ഭാഗങ്ങളും ഇളകിയും ഒടിഞ്ഞും വീണുപോയനിലയിലാണ്. പല ബെഞ്ചുകളിലും ഇരിക്കേണ്ട ഭാഗത്ത് വലിയ വിടവുകൾ രൂപപ്പെട്ടിട്ടും അവ എടുത്തുമാറ്റാനും അറ്റകുറ്റപ്പണി നടത്താനും അധികൃതർ ആരും മുതിർന്നിട്ടില്ല. ആയിരങ്ങൾ വന്നുപോകുന്ന തിരക്കേറിയ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ആവശ്യത്തിന് ഇരിപ്പിടങ്ങൾ ഇല്ലാത്തതും ഉള്ളവയിൽ പകുതിയും തകർന്നുകിടക്കുന്നതും യാത്രക്കാരെ വലയ്ക്കുന്നു. തകർന്ന സ്റ്റീൽ ബെഞ്ചിൽ ഇരിക്കാൻ ശ്രമിച്ച് പ്രായമായ യാത്രക്കാർക്ക് പരിക്കേറ്റ സംഭവങ്ങളും സ്ഥിരം യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, സ്റ്റാൻഡ് പരിസരത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരുടെ എണ്ണവും കൂടി വരുകയാണ്. കേടുപാടുകളില്ലാതെ അവശേഷിക്കുന്ന ബെഞ്ചുകളിൽ മിക്കതിലും ഇവർ കിടന്നുറങ്ങുന്നതാണ് മറ്റൊരു പ്രതിസന്ധി. ഇതോടെ പ്രായമായവർക്കും കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർക്കും മറ്റ്‌ യാത്രക്കാർക്കും ബസ് കാത്തിരിക്കാൻ ഒരിടംപോലും കിട്ടാത്ത അവസ്ഥയാണ്.