കൊട്ടാരക്കര : സപ്ലൈകോ റേഷൻ ഗോഡൗണിൽ റേഷൻ ധാന്യങ്ങളിൽ കീടനാശിനിപ്രയോഗം ബി.ജെ.പി. പ്രവർത്തകർ തടഞ്ഞു. മുൻപും വിവാദത്തിലായ, റെയിൽവേ സ്റ്റേഷനു സമീപമുള്ള രണ്ടാംനമ്പർ ഗോഡൗണിലാണ് വിഷകരമായ കീടനാശിനി പ്രയോഗം നടത്തിയതായി ആരോപണമുയർന്നത്. ഇവിടെനിന്ന് അലുമിനിയം ഫോസ്‌ഫൈഡ്, മാലത്തിയോൺ തുടങ്ങിയ കീടനാശിനികളുടെ മിശ്രിതം കണ്ടെത്തി. സ്ഥലത്തെത്തിയ പോലീസ് ഗോഡൗൺ പൂട്ടുകയും അടുത്തദിവസം തിരുവനന്തപുരം സോണൽ മാനേജരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഗോഡൗൺ തുറന്ന് പരിശോധിക്കാനും തീരുമാനിച്ചു. അഞ്ചുവർഷംമുൻപും ഇവിടെ കീടനാശിനിപ്രയോഗം ബി.ജെ.പി. പ്രവർത്തകർ തടയുകയും വിവാദമാകുകയും ചെയ്തിരുന്നു. രണ്ടായിരത്തി അഞ്ഞൂറ് ചാക്കോളം റേഷൻ ധാന്യങ്ങൾ അന്ന് കീടനാശിനി കലർന്നതായി കണ്ടെത്തുകയും ആദ്യം നശിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും പിന്നീട് വൃത്തിയാക്കി ഉപയോഗിക്കാൻ തീരുമാനിക്കുകയുമായിരുന്നു. സമാനമായ രീതിയിലാണ് ഇപ്പോഴും ഗോഡൗണിൽ കീടനാശിനി പ്രയോഗിച്ചതെന്ന് പ്രതിഷേധത്തിനു നേതൃത്വം നൽകിയ ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര പറഞ്ഞു.
കീടങ്ങളെയും ക്ഷുദ്രജീവികളെയും അകറ്റാൻ ഗോഡൗണുകളിൽ പുകയ്ക്കൽ (ഫ്യൂമിഗേഷൻ) നടത്താറുണ്ട്. റേഷൻ ചാക്കുകൾ ടാർപ്പോളിനാൽ മൂടിയശേഷമാണ് ഇതു ചെയ്യുക. എന്നാൽ വിഷകരമായ കീടനാശിനികൾ നേരിട്ടു ധാന്യച്ചാക്കുകളിലേക്കു സ്‌പ്രേ ചെയ്യുകയാണ് ഉണ്ടായതെന്നും ഇതാണ് തടഞ്ഞതെന്നും ബി.ജെ.പി. പ്രവർത്തകർ പറയുന്നു. കൂടാതെ പെസ്റ്റ് കൺട്രോളറുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും ആരോപിച്ചു. രാജേഷ് ബാബു, സൂസമ്മ, സുജിത്ത് നീലേശ്വരം, ബിനു, അരുൺ കാടാംകുളം തുടങ്ങിയവർ നേതൃത്വം നൽകി.
സാധാരണ നടപടികൾ മാത്രം-ഡിപ്പോ മാനേജർ
ഗോഡൗണിൽ കീടനാശിനി പ്രയോഗം സാധാരണ നടപടി മാത്രമാണെന്നും സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷന്റെ ചുമതലയിലാണ് നടത്തുന്നതെന്നും സപ്ലൈകോ കൊട്ടാരക്കര ഡിപ്പോ മാനേജർ ലിജോ പൊന്നച്ചൻ പറഞ്ഞു. ഇതുസംബന്ധിച്ച് ഡിപ്പോയിലെ പെസ്റ്റ് കൺട്രോളർ അരുണിമ വിശദീകരണം നൽകിയിട്ടുണ്ട്. ദീർഘകാലം സൂക്ഷിക്കേണ്ട റേഷൻ ധാന്യങ്ങൾ കേടുകൂടാതിരിക്കാനാണ് പുകയ്ക്കൽ (ഫ്യൂമിഗേഷൻ) നടത്തുന്നതെന്നും മാനേജർ പറഞ്ഞു.
Published: 20 Nov 2026, 02:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented