പുനലൂർ : കൊല്ലം-തിരുമംഗലം ദേശീയപാതയിൽ നടന്നുവരുന്ന അറ്റകുറ്റപ്പണികളുടെ തുടർച്ചയായി രണ്ടാംഘട്ട ടാറിങ് മണ്ഡലകാലത്തിനുശേഷം മാത്രം.
മണ്ഡലകാല തിരക്ക് ആരംഭിക്കുംമുൻപുതന്നെ ടാറിങ് പൂർത്തിയാക്കാനായിരുന്നു ശ്രമമെങ്കിലും പ്രവൃത്തി പിന്നീട് പൂർത്തിയാക്കിയാൽ മതിയെന്ന് ദേശീയപാതാ വിഭാഗം കഴിഞ്ഞദിവസം തീരുമാനിക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമല്ലാത്തതും രണ്ടുദിവസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാൻ കഴിയുമെന്ന് ഉറപ്പില്ലാത്തതിനാലുമാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
ടാറിങ് തുടങ്ങിയാൽ പാതയിൽ ഭാഗിക ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. ടാറിങ് നടക്കുന്ന ഭാഗങ്ങളിൽ ഒരുവരിയിൽ ഗതാഗതം അനുവദിക്കും. പാതയിലെ ഏറ്റവും വീതികുറഞ്ഞ, പുനലൂരിലെ വാളക്കോട് റെയിൽവേ മേൽപ്പാലത്തിൽ ടാറിങ് നടക്കുമ്പോൾ പുനലൂർമുതൽ ഇടമൺവരെ പൂർണ ഗതാഗതനിയന്ത്രണം വേണ്ടിവന്നേക്കും.
അന്നേദിവസം, ആദ്യഘട്ടത്തിലേതുപോലെ വാഹനങ്ങൾ ദേശീയപാതയുടെ സമാന്തരപാതയായ ഇടമൺ സത്രംമുക്ക്, പാപ്പന്നൂർ, പുനലൂർ ടി.ബി. ജങ്ഷൻ റോഡ് വഴി ഗതാഗതം തിരിച്ചുവിടാനാണ് തീരുമാനിച്ചിട്ടുള്ളത്.
ഒന്നാംഘട്ട ടാറിങ് പൂർത്തിയായതോടെ പാതയിലെ, അഞ്ചരമീറ്റർ മാത്രം വീതിയുള്ള വാളക്കോട് റെയിൽവേ മേൽപ്പാലത്തിൽ ഗതാഗതം സുഗമമായിട്ടുണ്ട്. മാസങ്ങളായി തകർന്ന് കുണ്ടുംകുഴിയും നിറഞ്ഞ പാലത്തിൽ ഇതേവരെ ഗതാഗതം സാഹസമായിരുന്നു.
സംസ്ഥാന അതിർത്തിയായ ആര്യങ്കാവ് കോട്ടവാസൽമുതൽ പുനലൂർ ടി.ബി. ജങ്ഷൻവരെ സെപ്റ്റംബറിൽ നടന്ന കുഴിയടയ്ക്കലിന്റെ തുടർച്ചയായാണ് ഈ ഭാഗങ്ങളിൽ രണ്ടാംഘട്ട ടാറിങ് നടത്തുന്നത്. പാതയിലുടനീളം തകർന്ന് കുഴികൾ നിറഞ്ഞ ഭാഗങ്ങളിൽ ഇക്കഴിഞ്ഞ ആറ്, ഏഴ് തീയതികളിലായി ആദ്യഘട്ട ടാറിങ് പൂർത്തിയാക്കിയിരുന്നു.
പുനലൂർമുതൽ സംസ്ഥാന അതിർത്തിയായ ആര്യങ്കാവ് കോട്ടവാസൽവരെ അറ്റകുറ്റപ്പണിക്കായി 5.27 കോടി രൂപ ഏതാനുംമാസംമുൻപ് കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു. ഈ തുക വിനിയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്. മാസങ്ങൾക്കുമുൻപ് സമർപ്പിച്ച അടങ്കലിന് അനുമതി ലഭിച്ചത് ഏറെ വൈകിയായതിനാലാണ് അറ്റകുറ്റപ്പണിയും ഇത്രയും നീണ്ടത്. ഇതുമൂലം റോഡിന്റെ സ്ഥിതി കൂടുതൽ മോശമായി. അനുവദിച്ച തുകകൊണ്ട് മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
രണ്ടുമാസംമുൻപ് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പുനലൂരിൽ നടന്ന മണ്ഡലകാല അവലോകനയോഗം, മണ്ഡലകാലം തുടങ്ങുംമുൻപ് അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ദേശീയപാതാ വിഭാഗത്തിനോട് നിർദേശിച്ചിരുന്നു. തുടർന്നാണ് അടിയന്തരമായി പണി ആരംഭിച്ചത്.
പുനലൂർമുതൽ കോട്ടവാസൽവരെയുള്ള 36 കിലോമീറ്റർ ദൂരത്തിൽ ഏതാണ്ട് 55 ഇടത്തായി ഏകദേശം 400 ക്യുബിക് മീറ്ററിലാണ് കുഴിയടച്ച് ടാർ ചെയ്തിട്ടുള്ളത്. ഇതിൽ പലയിടത്തും പണിപൂർത്തിയായതിനു തൊട്ടുപിന്നാലെ ടാർ ഇളകിയതായി പരാതി ഉയർന്നിരുന്നു.
ഇത് വ്യാപകമായ പ്രതിഷേധത്തിനുമിടയാക്കി. എന്നാൽ ടാർ ഉറയ്ക്കുംമുൻപ് ഇതുവഴി വാഹനങ്ങൾ ഓടിച്ചതുമൂലമാണ് ടാർ ഇളകിയതെന്നാണ് ദേശീയപാതാ അധികൃതരുടെ വിശദീകരണം. ഇങ്ങനെ സംഭവിച്ച ഇടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി അറ്റകുറ്റപ്പണി നടത്തിയെന്നും അധികൃതർ പറഞ്ഞു.
Published: 16 Nov 2026, 12:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented