കലയപുരം : മണ്ഡലകാലം മുൻനിർത്തി എം.സി.റോഡിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പലയിടത്തും റോഡരിക് ഒരാൾ പൊക്കത്തിലധികം വലുപ്പത്തിൽ പുല്ലുകയറിക്കിടക്കുന്നു.
വളവുകളിൽ എതിർഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കാണാൻ ഒരുതരത്തിലും സാധിക്കാത്ത അവസ്ഥയാണ്. ചില ഭാഗങ്ങളിലാകട്ടെ നടപ്പാതയും കാടുമൂടി പൂർണമായും മറഞ്ഞുകഴിഞ്ഞു. വാഹനങ്ങളിടിച്ചും മറ്റും തകർന്നുകിടക്കുന്ന സുരക്ഷാവേലിയും കുറവല്ല.
പൂവറ്റൂർക്കിഴക്ക് സി.എസ്.ഐ. പള്ളിക്ക് സമീപം മണ്ണൊലിച്ചു റോഡിലേക്കിറങ്ങിക്കിടക്കുന്നു. ഇവിടെ ഇരുചക്രവാഹനങ്ങൾ ദിനവും തെന്നിമറിയുകയാണ്.
തെരുവുവിളക്കുകളാകട്ടെ ഭൂരിഭാഗവും പ്രകാശിക്കുന്നില്ലെന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.ഓടകളുടെ മൂടി പലയിടത്തും തകർന്നുകിടക്കുകയാണ്. കുളക്കട എം.എൻ.നഗറിന് സമീപം ഓടയുടെ മൂടി നെടുകെ പിളർന്നുകിടന്നിട്ട് നാളേറെയായി. സി.എസ്.ഐ. പള്ളിക്കുസമീപം കഴിഞ്ഞദിവസം ഒരു കാറിടിച്ച് വൈദ്യുതത്തൂൺ തകർന്നിരുന്നു.
അടുത്തയാഴ്ചമുതൽ മണ്ഡലകാലം ആരംഭിക്കുകയാണ്. ശബരിമലയിലേക്കുള്ള തീർഥാടകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് എം.സി.റോഡിനെയാണ്. സ്ഥിരം അപകടങ്ങൾ നടക്കുന്ന ബ്ലാക്ക് സ്പോട്ടുകളായി കണ്ടെത്തിയിരിക്കുന്ന ഭാഗത്തുപോലും വേണ്ട സുരക്ഷയൊരുക്കാൻ കെ.എസ്.ടി.പി. തയ്യാറാകാത്തതിന് വലിയ വിലനൽകേണ്ടിവരുമെന്ന് ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി കലയപുരം എൻ. ശിവൻപിള്ള പറഞ്ഞു.
Published: 16 Nov 2026, 12:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented