സത്രം-പുല്ലുമേട് പാതയിൽ പ്രവേശനം രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ

To advertise here,

വണ്ടിപ്പെരിയാർ : മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട തുറന്നതോടെ സത്രം-പുല്ലുമേട് കാനനപാതയിലൂടെയുള്ള അയ്യപ്പന്മാരുടെ യാത്ര ചൊവ്വാഴ്ച തുടങ്ങും. വ്രതാനുഷ്ഠാനങ്ങളോടെ അയ്യപ്പദർശനത്തിനായി മലകയറുന്ന ഭക്തരെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സജ്ജമാക്കിയിരിക്കുന്നത്.

രാവിലെ ഏഴിന് സത്രത്തിലെ വനംവകുപ്പ് പ്രവേശന കവാടത്തിൽ പോലീസിന്റെ മെറ്റൽ ഡിറ്റക്ടർ പരിശോധനയ്ക്ക് ശേഷമാണ് തീർഥാടകരെ കടത്തിവിടുക. അഡ്വ. സിറിയക് തോമസ് എം.എൽ.എ., പെരിയാർ കടുവ സങ്കേതം വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഐ.എസ്. സുരേഷ് ബാബു, അഴുത റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി. ബെന്നി എന്നിവരുടെ നേതൃത്വത്തിൽ ആദ്യ സംഘത്തെ സ്വീകരിച്ച് കാനനപാതയിലേക്ക് സ്വീകരിക്കും.

കാലാവസ്ഥ അനുകൂലമാണെങ്കിൽ ഏഴിന് തീർഥാടകരെ കടത്തിവിടുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രമാണ് സത്രം വഴി പുല്ലുമേട് കാനനപാതയിലേക്ക് ജില്ലാ ഭരണകൂടം പ്രവേശന അനുമതി നൽകിയിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ഇക്കോ ഗാർഡുകളുടെയും സംരക്ഷണത്തിലാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. വനം, പോലീസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സേവനം പാതയിലുടനീളം ഉറപ്പാക്കിയിട്ടുണ്ട്.

തീർഥാടന ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഇടുക്കി ആർ.ഡി.ഒ. എസ്. ശ്രീജിത്ത് തിങ്കളാഴ്ച രാവിലെ പുല്ലുമേട്, വാളാർഡി പാർക്കിങ് ഗ്രൗണ്ട്, സത്രം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ചൊവ്വാഴ്ച രാവിലെ ജില്ലാ കളക്ടർ ഡോ. ദിനേശ് ചെറുവാട്ട് സന്നിധാനത്ത് എത്തിയ ശേഷം കാനനപാത വഴി പുല്ലുമേട് വഴി സത്രത്തിലെത്തും. തുടർന്ന് വാളാർഡി പാർക്കിങ് ഗ്രൗണ്ടിലെ സൗകര്യങ്ങളും പരിശോധിക്കും.