ചർച്ചകൾ പുരോഗമിക്കുന്നു
തെന്മല : കല്ലട ജലസേചനവകുപ്പിനു കീഴിലുള്ള കനാലുകളിലെ കാടുനീക്കൽ തൊഴിലുറപ്പിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നു. ജലസേചനവകുപ്പിന്റെ വലതുകര, ഇടതുകര കനാലുകളിലെ കാടും ചെളിയും നീക്കംചെയ്യുന്ന ജോലികൾ തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്താനാകുമോയെന്ന ചർച്ചകളാണ് കളക്ടറുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. തൊഴിലുറപ്പ് അധികൃതരുമായി ഇതു സംബന്ധിച്ച ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും അന്തിമതീരുമാനമായിട്ടില്ല.
ഫണ്ട് ശുഷ്‌കം
:കല്ലട ജലസേചനപദ്ധതിയുടെ ഇരുകനാലുകളും പൂർണതകർച്ചയിലേക്കു നീങ്ങുകയാണ്. കനാൽഭിത്തികളിൽ വളരുന്ന മരങ്ങൾ വർഷങ്ങളായി വെട്ടിനീക്കാത്തത് ഇവ പടർന്നുപന്തലിക്കാനിടയാക്കിയിട്ടുണ്ട്.
മരങ്ങളുടെ വേരുകൾ ആഴ്ന്നിറങ്ങി കനാൽഭിത്തികളിൽ വിള്ളൽവീണു. പലയിടത്തും വശങ്ങളിലെ കോൺക്രീറ്റ് ഉൾപ്പെടെ തകർന്നു. ഇത്തവണ കാടുനീക്കാൻ ആറുലക്ഷത്തോളം രൂപയാണ് അനുവദിച്ചത്. ഇതിൽ 3.5 ലക്ഷം രൂപ ഇടതുകര കനാലിനും 2.5 ലക്ഷം വലതുകരയ്ക്കുമാണ് വകയിരുത്തിയത്. ഈ തുകവെച്ച് തെന്മല പഞ്ചായത്തിലൂടെ കടന്നുപോകുന്ന കനാലുകളിലെ കാടുനീക്കൽപോലും പൂർത്തിയാക്കാനാകില്ല.
വേനൽക്കാലത്ത് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ജലസേചനത്തിനാണ് പദ്ധതി ആരംഭിച്ചത്. ഒറ്റക്കൽ ലുക്ക്ഔട്ട് തടയണയിൽനിന്നാണ് കനാലുകൾ ആരംഭിക്കുന്നത്. നിലവിൽ ഇവിടംമുതൽ കനാൽ തകർച്ചയിലാണ്.
വേനൽക്കാലത്ത് വെള്ളം തുറന്നുവിട്ടാലും കനാലുകളുടെ ചോർച്ചകാരണം താഴേക്കുപോകുന്തോറും വെള്ളം ശുഷ്കമായാണു ലഭിക്കുന്നത്. ദൂരസ്ഥലങ്ങളിലും ഉപകനാലുകളിലും വെള്ളം ലഭിക്കണമെങ്കിൽ അധിക വെള്ളം തുറന്നുവിടേണ്ട അവസ്ഥയാണ്. അധികമായി വെള്ളം തുറന്നുവിടുമ്പോൾ കനാൽഭിത്തികൾ തകരുമോയെന്ന ആശങ്കയും ശക്തമാണ്.
ആറു വർഷം മുൻപുവരെയും തൊഴിലുറപ്പുപദ്ധതിയിലൂടെയാണ് കനാലിൻെറ വശത്തെ കാടുനീക്കിയിരുന്നത്. പിന്നീട് തൊഴിലുറപ്പുപദ്ധതിയിൽ വന്ന മാറ്റമാണ് തിരിച്ചടിയായത്.
Published: 10 Oct 2026, 02:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented