പരിശോധന തുടരുമെന്ന് അധികൃതർ

To advertise here,

കൊട്ടിയം : ആദിച്ചനല്ലൂർ പഞ്ചായത്ത് 20-ാംവാർഡിൽ പൊതുനിരത്തിൽ തുടർച്ചയായി മാലിന്യം തള്ളിയ ഹോട്ടലിനെതിരേ നടപടിയുമായി പഞ്ചായത്ത്. കൊട്ടിയത്തെ ബാറിനു സമീപം പ്രവർത്തിക്കുന്ന സലിം ഹോട്ടൽ പഞ്ചായത്ത് അധികൃതർ അടച്ചുപൂട്ടി. 30,000 രൂപ പിഴയും ചുമത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേഡ് പറഞ്ഞു.

തൃക്കോവിൽവട്ടം, ആദിച്ചനല്ലൂർ പഞ്ചായത്തുകളിലായി ഹോട്ടൽമാലിന്യം തള്ളുന്നത് പതിവായതോടെ നാട്ടുകാർ സംഘടിച്ച്, ചീഞ്ഞഴുകിയ മാലിന്യവുമായെത്തിയ ഓട്ടോ പിടികൂടി പോലീസിനു കൈമാറിയിരുന്നു.

ഒരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ, ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലിന് ഒട്ടേറെത്തവണ പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. ഹോട്ടൽമാലിന്യം ചാക്കിൽനിറച്ച് രാത്രി പൊതുസ്ഥലത്ത് തള്ളുന്നതായി പരാതികളും ലഭിച്ചിരുന്നു.

മാലിന്യം തള്ളുന്നവർക്കെതിരേ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അതിനായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.സി.ടി.വി. സ്ഥാപിച്ചിട്ടുണ്ടെന്നും പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു. ഒരുമാസത്തിനുള്ളിൽ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി 50 ക്യാമറകൾ സ്ഥാപിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുത്തിട്ടുണ്ട്.

സ്ഥിരമായി ശൗചാലയമാലിന്യം തള്ളുന്നവർക്കെതിരേ കർശനമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.