തെന്മല : ഇനിയും എത്രനാൾ ഞങ്ങളിത് സഹിക്കണം. കാട്ടാനശല്യത്താൽ വലയുന്ന നാട്ടിൽനിന്ന് പുറംലോകത്തു പോകണമെങ്കിൽ നല്ലൊരു റോഡില്ലാത്ത അവസ്ഥയാണ്‌-വർഷങ്ങളായി അറ്റകുറ്റപ്പണിയില്ലാത്തതിനാൽ തകർന്ന മാമ്പഴത്തറ-ഉപ്പുകുഴി റോഡിനെക്കുറിച്ചുള്ള നാട്ടുകാരുടെ പരാതിയാണിത്‌.

To advertise here,

തെന്മല ഗ്രാമപ്പഞ്ചായത്തിലെ ഒറ്റപ്പെട്ട മേഖലയാണ് മാമ്പഴത്തറ. അടിസ്ഥാനാവശ്യങ്ങൾക്കുൾപ്പെടെ കഴുതുരുട്ടിയിലോ പുനലൂരിലോ ആണ് എത്തേണ്ടത്. പുനലൂർ താലൂക്ക് ആശുപത്രിയിലും ടൗണിലും എത്താൻ മാമ്പഴത്തറ-ഉപ്പുകുഴി പാതയിലൂടെയാണ് പോകേണ്ടത്.

 

എന്നാൽ 10 കിലോമീറ്ററോളം നീണ്ട പാതയിൽ ഇനി തകരാനൊരിടമില്ല. വർഷങ്ങളായി നവീകരണമില്ലാത്തതിനാൽ ബൈക്ക്, കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഇതുവഴി പോകാനാകുന്നില്ല. മാമ്പഴത്തറയിൽനിന്ന് ഒരു കിലോമീറ്റർ പിന്നിടുന്നതോടെ റോഡ് പൂർണമായി തകർന്ന് മെറ്റൽമാത്രം ശേഷിച്ചനിലയിലാണ്. വനപാതയിൽ മലവെള്ളമെത്തി ടാറിങ് ഒലിച്ചുപോയിട്ടുണ്ട്. പലയിടത്തും വലിയ കല്ലുകൾമാത്രം ഉയർന്നുനിൽക്കുകയാണ്. വാഹനങ്ങളുടെ അടിഭാഗം പാറകളിൽതട്ടി കേടുപാടുണ്ടാകുന്നു. ഇവിടെ കഴിഞ്ഞ ഒരുമാസത്തിനിടെ ഒട്ടേറെ ബൈക്ക് യാത്രികർ നിരങ്ങിവീണു. ഇവിടം പിന്നിടുന്നതോടെ ചപ്പാത്തുണ്ടായിരുന്ന ഭാഗങ്ങൾ ഏതോ കാലത്തെ തകർന്ന മൺപാതപോലെയായിട്ടുണ്ട്. ഇവിടെയും മലവെള്ളം ഒഴുകിയെത്തി മൂന്നിടങ്ങളിലായി വലിയ കുഴികളായി. വലിയ വാഹനങ്ങൾക്കുപോലും ഇവിടം കടക്കാനാകുന്നില്ല. ദൂരസ്ഥലങ്ങളിൽനിന്ന് എത്തുന്ന പലരും പാതയുടെ ശോച്യാവസ്ഥ അറിയാതെ വനനടുവിൽ കുടുങ്ങുകയാണ്.

കുഴി നിറഞ്ഞ ഭാഗത്ത് ഇതിനകം ഒട്ടേറെ കാർയാത്രികർ അകപ്പെട്ടു. ഇവിടെനിന്ന് ഒന്നരക്കിലോമീറ്റർ മാറി അമ്പനാർ ഫോറസ്റ്റ് ചെക്‌പോസ്റ്റിനു സമീപവും ഉപ്പുകുഴി എത്തുന്നതിനു മുൻപും പടുകുഴികളാണ്. അതിനാൽതന്നെ 20 മിനിറ്റുകൊണ്ട് മാമ്പഴത്തറയിൽനിന്ന് ഉപ്പുകുഴിയിലെത്താവുന്ന യാത്രയ്ക്ക്‌ 45 മിനിറ്റ്‌ വേണമെന്ന സ്ഥിതിയായി. ഒട്ടേറെ വിനോദസഞ്ചാരികളാണ് മാമ്പഴത്തറ, മെത്താപ്പ് ഭാഗങ്ങളിലേക്ക് ഇതുവഴി എത്തുന്നത്. രാത്രിയിൽ ആശുപത്രി ആവശ്യങ്ങൾക്ക് പുനലൂരിലെത്താൻ മാമ്പഴത്തറക്കാർ പെടാപ്പാടുപെടണം. പകൽപോലും കാട്ടാനകൾ തമ്പടിക്കുന്ന പാത തകർന്നടിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിൽ നാട്ടുകാരുടെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്‌.

കരാറെടുക്കാൻ ആളില്ല

:പാതയുടെ തകർച്ച ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. ആദ്യഘട്ട നവീകരണത്തിന് 30 ലക്ഷം രൂപ വകയിരുത്തി. കരാറെടുക്കാൻ ആളില്ലാത്തത് തിരിച്ചടിയാണ്. ഈ ബുദ്ധിമുട്ട് പരിഹരിച്ച് ഉടനടി നവീകരണം ആരംഭിക്കും.

സി. അജയപ്രസാദ്

എം.എൽ.എ.

എസ്റ്റിമേറ്റ് പുനഃക്രമീകരിക്കണം

:വർഷങ്ങളായി തകർന്നുകിടക്കുന്ന പാതയ്ക്കുള്ള എസ്റ്റിമേറ്റ് പുനഃക്രമീകരിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി സഡക് യോജന വഴി പാത നവീകരിക്കാൻ നോക്കിയെങ്കിലും നിയമത്തിലെ സാങ്കേതികപ്രശ്നം തടസ്സമായി. ഒറ്റപ്പെട്ട മേഖലയിലെ ജനങ്ങളുടെ പ്രശ്നമെന്ന നിലയിൽ വിഷയം സർക്കാരിൻെറ ശ്രദ്ധയിൽപ്പെടുത്തി ഫണ്ട് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

-കെ. ശശിധരൻ,

ഡി.സി.സി. ജനറൽ സെക്രട്ടറി