ഒൻപതാം ക്ലാസ് ജീവശാസ്ത്രം പാഠപുസ്തകത്തിൽ യൂണിറ്റ് 3ൽ ശ്വസനവും വിസർജനവും എന്ന പാഠത്തിൽ മനുഷ്യശരീരത്തിലെ അവയവങ്ങളെക്കുറിച്ചും വൃക്കദാനത്തെക്കുറിച്ചും പഠിക്കുന്നുണ്ട്.
പത്താം ക്ലാസ് യൂണിറ്റ് 3ൽ സംവേദനങ്ങൾക്ക് പിന്നിൽ എന്ന പാഠഭാഗത്ത് നേത്രദാനത്തെക്കുറിച്ചും യൂണിറ്റ് 5ൽ പ്രതിരോധവും ആരോഗ്യ സംരക്ഷണവും എന്ന പാഠത്തിൽ രക്തദാനത്തെക്കുറിച്ചും പഠിക്കുന്നു.
രക്ത-അവയവ ദാനത്തെ കുറിച്ച് കൂടുതൽ അറിയാം.
അവയവദാനം ജീവന്റെ മഹത്തായ സമ്മാനം
മനുഷ്യജീവിതത്തിലെ ഏറ്റവും മഹത്തായ ദാനങ്ങളിൽ ഒന്നാണ് അവയവദാനം. സ്വന്തം ശരീരത്തിലെ ആരോഗ്യമുള്ള ഒരു അവയവമോ മരണശേഷം ഉപയോഗിക്കാനാകുന്ന അവയവങ്ങളോ മറ്റൊരാളുടെ ജീവൻ രക്ഷിക്കാനായി നൽകുന്നതാണ് അവയവദാനം. ഒരു വ്യക്തിയുടെ അവയവദാനം നിരവധി രോഗികൾക്ക് പുതിയ ജീവിതം സമ്മാനിക്കാൻ കഴിയുന്ന അതുല്യമായ മാനവിക പ്രവർത്തനമാണ്. അതുകൊണ്ടുതന്നെ അവയവദാനത്തെ 'ജീവന്റെ ദാനം' എന്നും വിശേഷിപ്പിക്കുന്നു.
ഇന്ന് ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകൾ ഹൃദയം, കരൾ, വൃക്ക, ശ്വാസകോശം, പാൻക്രിയാസ് തുടങ്ങിയ അവയവങ്ങൾ ലഭിക്കാതെ ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്. അവയവങ്ങൾ യഥാസമയം ലഭിക്കാതെ ചിലർ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു. ഇത്തരത്തിൽ ജീവൻ പ്രതിസന്ധിയിലാകുന്നവർക്ക് പ്രതീക്ഷയുടെ വെളിച്ചമാണ് അവയവദാനം. ഒരു ദാതാവിന്റെ തീരുമാനത്തിലൂടെ നിരവധി കുടുംബങ്ങളിൽ സന്തോഷവും പ്രതീക്ഷയും തിരികെ എത്തിക്കാൻ കഴിയും.
മസ്തിഷ്ക മരണം
ജീവിച്ചിരിക്കുമ്പോഴും മരണശേഷവും അവയവങ്ങൾ ദാനം ചെയ്യാം. ആരോഗ്യമുള്ള ഒരാൾക്ക് ഒരു വൃക്കയോ കരളിന്റെ ഒരു ഭാഗമോ ദാനം ചെയ്യാൻ കഴിയും. എന്നാൽ ഹൃദയം, ശ്വാസകോശം, കണ്ണുകൾ, ചർമ്മം, മധ്യകർണത്തിലെ ഓസിക്കിളുകൾ, മജ്ജ, പാൻക്രിയാസ്, മുഖവും കൈകാലുകളും പോലെയുള്ള ശരീരഭാഗങ്ങൾ തുടങ്ങിയ അവയവങ്ങളും കോശങ്ങളും മരണശേഷമാണ് ദാനം ചെയ്യുന്നത്. പ്രത്യേകിച്ച് മസ്തിഷ്കമരണം സ്ഥിരീകരിക്കപ്പെട്ട വ്യക്തിയുടെ അവയവങ്ങൾ മറ്റുള്ളവർക്ക് ജീവൻ നൽകാൻ ഉപയോഗിക്കാം. അതിനാൽ മസ്തിഷ്കമരണത്തെക്കുറിച്ചുള്ള ശരിയായ അറിവും പൊതുജനങ്ങളിൽ വളർത്തേണ്ടത് അനിവാര്യമാണ്.
അവയവദാനം ജീവൻ രക്ഷിക്കുന്നതിന് പുറമേ മാനവികതയുടെയും കരുണയുടെയും മഹത്തായ സന്ദേശമാണ് നൽകുന്നത്. ജാതി, മതം, ഭാഷ, സാമ്പത്തിക സ്ഥിതി തുടങ്ങിയ വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണാൻ അവയവദാനം നമ്മെ പഠിപ്പിക്കുന്നു. ഒരു ദാതാവിന്റെ കുടുംബത്തിന് തങ്ങളുടെ പ്രിയപ്പെട്ട വ്യക്തിയെ നഷ്ടപ്പെട്ട ദുഃഖമുണ്ടെങ്കിലും, ആ വ്യക്തിയുടെ അവയവങ്ങളിലൂടെ മറ്റുള്ളവർക്ക് പുതിയ ജീവിതം ലഭിക്കുന്നു എന്ന തിരിച്ചറിവ് വലിയ ആശ്വാസം നൽകുന്നു.
സമൂഹത്തിന്റെ കാഴ്ചപ്പാട്
അവയവദാനത്തെക്കുറിച്ച് സമൂഹത്തിൽ ചില തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും ഇന്നും നിലനിൽക്കുന്നു. അവയവദാനം മതവിശ്വാസങ്ങൾക്ക് വിരുദ്ധമാണെന്നോ ശരീരം വികലമാകുമെന്നോ ചികിത്സയിൽ അശ്രദ്ധ കാണിക്കുമെന്നോ ഉള്ള ധാരണകളുണ്ട്. നിയമപരമായും വൈദ്യശാസ്ത്രപരമായും കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാണ് അവയവങ്ങൾ ശേഖരിക്കുകയും മാറ്റിവയ്ക്കുകയും ചെയ്യുന്നത്. അതിനാൽ ഇത്തരം തെറ്റിദ്ധാരണകൾ മാറ്റി ശരിയായ ബോധവത്കരണം നടത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാർ, ആശുപത്രികൾ, സന്നദ്ധസംഘടനകൾ, മാധ്യമങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വലിയ പങ്കുണ്ട്. ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ, റാലികൾ, സാമൂഹികമാധ്യമ പ്രചാരണങ്ങൾ എന്നിവയിലൂടെ കൂടുതൽ ആളുകളെ അവയവദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ സഹായിക്കാം. കുടുംബാംഗങ്ങളുമായി അവയവദാനത്തെക്കുറിച്ച് മുൻകൂട്ടി സംസാരിക്കുകയും സ്വന്തം ആഗ്രഹം അറിയിക്കുകയും ചെയ്യുന്നതും വളരെ പ്രധാനമാണ്.
ഒരു ചികിത്സാരീതിയെന്നതിലുപരി മനുഷ്യസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പരമോന്നത പ്രകടനമാണ് അവയവദാനം. നാം ഈ ലോകം വിട്ടുപോയശേഷവും നമ്മുടെ അവയവങ്ങളിലൂടെ മറ്റൊരാളുടെ ഹൃദയം മിടിക്കാനും, കണ്ണുകളിലൂടെ ലോകം കാണാനും, ജീവിതം വീണ്ടും പൂത്തുലയാനും കഴിയുന്നു. അതിനാൽ അവയവദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് അതിനെ പിന്തുണയ്ക്കുകയും സമൂഹത്തിൽ അതിനെക്കുറിച്ചുള്ള ബോധവത്കരണം വ്യാപിപ്പിക്കുകയും ചെയ്യുന്നത് ഓരോ പൗരന്റെയും കടമയാണ്. 'മരണശേഷവും ജീവിക്കാൻ കഴിയുന്ന ഏറ്റവും മഹത്തായ മാർഗമാണ് അവയവദാനം' എന്ന സന്ദേശം നമുക്ക് എന്നും ഓർമ്മിക്കാം.
അവയവ ബാങ്ക്
മനുഷ്യശരീരത്തിൽ എട്ടു പേർക്കെങ്കിലും ജീവൻ നിലനിർത്താനുള്ള പ്രധാന അവയവങ്ങളുണ്ട്. വീണ്ടും ഉപയോഗിക്കാവുന്ന മുപ്പതിലേറെ ശരീര ഭാഗങ്ങൾ വേറെയും. വിദേശ രാജ്യങ്ങളിൽ പലയിടത്തും സർക്കാർ തലത്തിൽ അവയവ ബാങ്ക് സംവിധാനവുമുണ്ട്. മസ്തിഷ്ക മരണം സംഭവിക്കുന്നവരുടെ അവയവങ്ങൾ ശേഖരിച്ചു നൽകുന്നതിനുള്ള സംസ്ഥാന സർക്കാർ സംവിധാനമാണ് 'മൃതസഞ്ജീവനി പദ്ധതി'. 1994 ൽ ലോകസഭ പാസാക്കിയ നിയമം അടിസ്ഥാനമാക്കി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ഭാഗമായി മൃതസഞ്ജീവനിക്ക് 2012 ഓഗസ്റ്റ് 12 ന് സംസ്ഥാനത്ത് തുടക്കം കുറിച്ചു. 'ഷെയർ ഓർഗൻസ് സേവ് ലൈവ്സ്' എന്ന മുദ്രാവാക്യമുയർത്തി കേരളത്തിലെ അവയവദാന പദ്ധതിയെ വിപുലീകരിക്കുക എന്നതാണ് മൃതസഞ്ജീവനിയിലൂടെ ലക്ഷ്യംവെക്കുന്നത്. ഭാരതത്തിൽ അവയവദാനവും മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കേന്ദ്ര സർക്കാർ ഏജൻസിയാണ് നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (NOTTO).കേരളത്തിൽ സംസ്ഥാന തലത്തിൽ ഈ ചുമതല നിർവഹിക്കുന്നത് കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ / KSOTTO)ഉം നടത്തിപ്പിനായി കേരള നെറ്റ്വർക്ക് ഫോർ ഓർഗൺ ഷെയറിംഗ് (KNOS) എന്ന ഏജൻസിയും പ്രവർത്തിക്കുന്നു. അവയവങ്ങൾ ആവശ്യമുള്ളവരും അവയവദാനത്തിന് തയ്യാറാകുന്നതുമായ ആളുകളുടെ ഏകോപന സംവിധാനമാണ് മൃതസഞ്ജീവനി വഴി സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. പലപ്പോഴും ആവശ്യക്കാരും ദാതാക്കളും തമ്മിൽ കണ്ടുമുട്ടാതെ പോവുന്നത് അവയവ കൈമാറ്റത്തിന്റെ പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ അവയവകൈമാറ്റം ഏകോപിപ്പിക്കാനും, സുഗമമാക്കാനും വേണ്ടി സർക്കാർ തലത്തിൽ ഒരു സംവിധാനം ഉണ്ടാകുന്നത്. അവയവ ദാനത്തിന് സന്നദ്ധരായവരുടെ സമ്മത പത്രം ശേഖരിക്കുകയാണ് ആദ്യ ഘട്ടം.
മൃതസഞ്ജീവനി പദ്ധതി മുഖാന്തരമുള്ള ആദ്യത്തെ ഹൃദയംമാറ്റിവക്കൽ 2013 മെയ് 17 ന് കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് നടന്നത്. ആദ്യത്തെ മൾട്ടി ഓർഗൻ (വൃക്ക, കരൾ) മാറ്റിവയ്ക്കൽ ശസ്ത്രക്രിയ 2014 ഫെബ്രുവരി 14 ന് കിംസ് ആശുപത്രിയിലും, ആദ്യത്തെ കിഡ്നി-പാൻക്രിയാസ് മാറ്റിവക്കൽ ശസ്ത്രക്രിയ ഇതേവർഷം കൊച്ചിയിലെ അമൃത ആശുപത്രിയിലും നടന്നു. കേരളത്തിലെ ആദ്യത്തെ ചെറുകുടൽ മാറ്റിവക്കൽ ശസ്ത്രക്രിയ, ഇന്ത്യയിലെത്തന്നെ ആദ്യത്തെ കൈമാറ്റിവക്കൽ ശസ്ത്രക്രിയ എന്നിവ 2015 ജനുവരിയിൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ നടന്നു. ഹൃദയം, കരൾ, ശ്വാസകോശം, കിഡ്നി തുടങ്ങി ചെറുതും വലുതുമായ ശസ്ത്രക്രിയകൾ മൃതസഞ്ജീവനി പദ്ധതിയിലൂടെ കേരളത്തിൽ നടക്കുന്നു.
രക്തദാനം മഹാദാനം
രക്തദാനം ജീവൻ രക്ഷിക്കുന്ന ഏറ്റവും വലിയ പുണ്യപ്രവൃത്തിയാണ്. എല്ലാ വർഷവും ജൂൺ 14 നാണ് ലോക രക്തദാന ദിനമായി ആചരിക്കുന്നത്. ആരോഗ്യവാനായ ഒരാൾക്ക് സുരക്ഷിതമായി രക്തം നൽകാൻ സാധിക്കുന്നതാണ്.
18 വയസ്സ് മുതൽ 65 വയസ്സ് വരെയുള്ള ആരോഗ്യമുള്ള ഒരു വ്യക്തിക്ക് രക്തം ദാനം ചെയ്യാം. കുറഞ്ഞത് 50 കിലോഗ്രാം ശരീരഭാരവും ഗുരുതര രോഗങ്ങളോ അണുബാധകളോ ഇല്ലാത്തവരോ ആയവരിൽ നിന്നു മാത്രമേ രക്തം ശേഖരിക്കുകയുള്ളൂ. ഒരു തവണ ഏകദേശം 450 മില്ലി ലിറ്റർ രക്തമാണ് ശേഖരിക്കുക. 18 വയസ്സ് പൂർത്തിയായ പുരുഷന് മൂന്ന് മാസത്തിലൊരിക്കലും സ്ത്രീക്ക് നാല് മാസത്തിലൊരിക്കലും രക്തം ദാനം ചെയ്യാം.
രക്തദാന ദിനം
എല്ലാവർഷവും ജൂൺ 14 ന് ലോക രക്തദാന ദിനമായി ആചരിക്കുന്നു. 2004 ൽ ആണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെക്കുറിച്ചും, രക്തഘടകങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും രക്തദാതാക്കളെ ആദരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്. എല്ലാ വർഷവും ഒക്ടോബർ 1 ന് ഇന്ത്യയിൽ ദേശീയ സന്നദ്ധ രക്തദാന ദിനം ആഘോഷിക്കുന്നു.
ആലിൻ ഷെറിൻ എബ്രഹാം
സംസ്ഥാനത്ത് അവയവദാനത്തിൽ പുതുചരിത്രമായിരുന്നു, 10 മാസം മാത്രം പ്രായമുളള കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്തത്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകൾ ആലിൻ ഷെറിൻ എബ്രഹാമിന് വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. ആലിന്റെ 2 വൃക്കകൾ, കരൾ, ഹൃദയവാൽവ് എന്നിവയാണ് 4 പേരുടെ ജീവൻ നിലനിർത്താൻ ദാനം ചെയ്തത്. വിദ്യാർത്ഥികളിലും യുവജനങ്ങളിലും അവയവദാനത്തെക്കുറിച്ചുള്ള ശരിയായ അവബോധം വളർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്ന നല്ല ദൂതന്മാരാകാൻ അവർക്ക് കഴിയും. 'അവയവദാനം മഹാദാനം', 'രക്തദാനം മഹാദാനം' എന്നീ സന്ദേശങ്ങൾ ഓരോരുത്തരുടെയും മനസ്സിൽ പതിയുമ്പോൾ കൂടുതൽ ജീവനുകൾ രക്ഷിക്കപ്പെടും.
Content Highlights: Organ donation is a life-saving act that can give multiple patients a second chance at life.
Published: 13 Aug 2026, 03:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented