ഇപ്പോൾ ചൂടുകാലമാണല്ലോ. കൊടുംചൂടിൽ നാടാകെ വലയുകയാണ്. ഈ കടുത്ത ചൂടിലും കൂളായിരിക്കാൻ ഇതാ ചില ടിപ്സ്

അവധിക്കാലത്തിനൊപ്പം ചൂടുകാലവും വന്നെത്തി. വെയിലേറ്റുള്ള കളികൾക്ക് ഇനി ഒരവധി കൊടുക്കാം. പകൽ പതിനൊന്നുമണിമുതൽ വൈകീട്ട് മൂന്നുമണിവരെയുള്ള വെയിൽ നേരിട്ട് കൊള്ളരുത്. അത് സൂര്യാഘാതത്തിനും നിർജലീകരണത്തിനും കാരണമാവും. വെയിലിൽ തളരാതെ ഈ അവധിക്കാലം അടിപൊളിയാക്കാനുള്ള ചില സൂത്രങ്ങൾ അറിയാം.
വെള്ളം വേണം ധാരാളം
ചൂടിനെ ചെറുക്കാൻ നന്നായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണെന്ന് നമുക്കറിയാം. ഒന്നിച്ച് ധാരാളം വെള്ളം കുടിക്കാതെ കുറേശ്ശെയായി, ഇടവേളകളിട്ട് വെള്ളം കുടിക്കുകയാണ് വേണ്ടത്. ഉപ്പിട്ട നാരങ്ങാവെള്ളമോ മോരോ കരിക്കിൻവെള്ളമോ ആവാം. ദാഹം മാറ്റാൻ ശീതളപാനീയങ്ങളും ബോട്ടിൽഡ് ഫ്രൂട്ട് ജ്യൂസുകളും കുടിക്കുന്നത് ഒഴിവാക്കണം. അമിതമായി മധുരം ചേർത്ത ഇവ ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിനൊപ്പം ദാഹം കൂട്ടുകയും ചെയ്യും.
വസ്ത്രത്തിൽ ശ്രദ്ധിക്കാം
എളുപ്പം കാറ്റ് കടത്തിവിടുന്ന കോട്ടൺ, ലിനൻ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് നല്ലത്. ഇവ കാറ്റിനെ കടത്തിവിടുന്നതിനൊപ്പം വിയർപ്പ് വേഗത്തിൽ ബാഷ്പീകരിക്കാനും സഹായിക്കുന്നു. മറിച്ച് പോളിസ്റ്റർ പോലുള്ള സിന്തറ്റിക് പോളിമറുകൾകൊണ്ടുള്ള വസ്ത്രങ്ങൾ താപം കടത്തിവിടാതെ ശരീരത്തെ കൂടുതൽ ചൂടാക്കും.
വേനൽക്കാലയാത്രകൾ
അവധിക്കാലമായതുകൊണ്ടുതന്നെ ധാരാളം യാത്രകൾ പോകുന്ന സമയമാണിത്. അപ്പോഴും പുറത്തെ ചൂടിനെ മറക്കരുത്. നേരത്തേ പറഞ്ഞതുപോലെ കഴിവതും പകൽ പതിനൊന്നുമണി മുതൽ മൂന്നുമണിവരെ നേരിട്ട് വെയിലത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോൾ ഒരു തൊപ്പി ധരിക്കുന്നത് നന്നായിരിക്കും. എണ്ണയിൽ വറുത്ത ചിപ്സ് പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാം. അവ നിർജലീകരണത്തിന് കാരണമാവുകയും ദാഹം കൂട്ടുകയും ചെയ്യും. വാട്ടർ തീം പാർക്കുകളിലും സ്വിമ്മിങ് പൂളുകളിലും മറ്റും ഇറങ്ങുമ്പോൾ ചൂട് മനസ്സിലാകണമെന്നില്ല. എന്നാൽ സൂര്യാഘാതത്തിനുള്ള സാധ്യത അപ്പോഴുമുണ്ടാകും. അതുകൊണ്ട് കനത്ത വെയിലിൽ ഇത്തരം കാര്യങ്ങൾ ഒഴിവാക്കണം.
ഭക്ഷണം ഹെവിയാകേണ്ട
എളുപ്പത്തിൽ ദഹിക്കുന്ന, ലളിതമായ വിഭവങ്ങൾ കഴിക്കുന്നതാണ് ചൂടുകാലത്ത് നല്ലത്. കട്ടിയുള്ളതും ഫ്രൈ ചെയ്തതുമായ വിഭവങ്ങൾ പരമാവധി ഒഴിവാക്കണം. കാർബോഹൈഡ്രേറ്റ് അടങ്ങിയ ചോറ് പോലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കാം. പ്രോട്ടീൻ കൂടുതലായി അടങ്ങിയ ചിക്കൻ, മീൻ എന്നിവ കൂടുതലായി കഴിക്കേണ്ട. അവ ദഹിപ്പിക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടിവരും. ഒപ്പം അവ ശരീരത്തെ ചൂടാക്കുകയും ചെയ്യും.
എസ്.പി.എഫ്. മറക്കല്ലേ
വെയിലിൽനിന്ന് ചർമത്തെ സേഫാക്കാനുള്ള ഏറ്റവും നല്ല വഴിയാണ് സൺസ്‌ക്രീൻ. പുറത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ പുരട്ടാൻ ശ്രദ്ധിക്കാം. അൾട്രാവയലറ്റ് രശ്മികളെ തടയാൻ കഴിവുള്ള സംയുക്തങ്ങളാണ് സൺസ്‌ക്രീനിൽ അടങ്ങിയിരിക്കുന്നത്. ഇവ ചർമത്തെ സംരക്ഷിക്കും. എപ്പോഴും എസ്.പി.എഫ്. (സൺ പ്രൊട്ടക്ഷൻ ഫാക്ടർ) അൻപതിനുമുകളിലുള്ള സൺസ്‌ക്രീൻ തിരഞ്ഞെടുക്കണം. മുഖത്ത് മാത്രം പുരട്ടാതെ, വെയിലേൽക്കാൻ സാധ്യതയുള്ള കഴുത്തിലും കൈകാലുകളിലുമൊക്കെ പുരട്ടാൻ ശ്രദ്ധിക്കാം. ചർമത്തിന് അനുയോജ്യമായ ഒരു സൺസ്‌ക്രീൻ ഉപയോഗിക്കുക എന്നതും പ്രധാനമാണ്. പുറത്തിറങ്ങുന്നതിന് അരമണിക്കൂർ മുൻപെങ്കിലും സൺസ്‌ക്രീൻ പുരട്ടണം. എങ്കിലേ അത് പൂർണമായും ചർമത്തിൽ അലിഞ്ഞുചേർന്ന് സംരക്ഷണം നൽകുകയുള്ളൂ.
മനസ്സിനും വേണം കരുതൽ
ചൂടും വെയിലും ദേഹത്തെ മാത്രമല്ല, നമ്മുടെ മനസ്സിന്റെ സംതുലനാവസ്ഥയെയും ബാധിക്കും. ഇതിനെ ഹീറ്റ് ഇൻഡ്യൂസ്ഡ് കൊഗ്നിറ്റീവ് ഫാറ്റീഗ് എന്ന് വിളിക്കുന്നു. അമിതമായി ചൂടുള്ള സാഹചര്യത്തിൽ അസ്വസ്ഥതയും ദേഷ്യവുമൊക്കെ തോന്നുകയും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെവരികയുമൊക്കെ ചെയ്യുന്ന അവസ്ഥയാണിത്. ചൂടുകാരണം ഉറക്കം നഷ്ടപ്പെടുന്നതും അസ്വസ്ഥതകൾക്ക് കാരണമാവാറുണ്ട്. ചെറിയ കുട്ടികളിലാണ് പ്രധാനമായും ഇത് കാണുന്നത്. തലവേദന, ക്ഷീണം എന്നിവയും ലക്ഷണങ്ങളാണ്. കൃത്യമായി വെള്ളം കുടിച്ചും ചൂടുകുറഞ്ഞ സാഹചര്യത്തിലേക്ക് മാറിയുമൊക്കെ ഇതിനെ നേരിടാം. എന്നാൽ, വെയിലിനെ പേടിച്ച് തുടർച്ചയായി മുറിക്കകത്തുതന്നെഇരുന്നാൽ അത് മടുപ്പുണ്ടാക്കും. വെയിലുള്ളപ്പോൾ പസിലുകളോ ബോർഡ് ഗെയിമുകളോ ഒക്കെയാവാം. ഒപ്പം പകൽ ഒൻപതുമണിക്കുമുൻപും വൈകീട്ട് അഞ്ചുമണിക്കുശേഷവും പുറത്തിറങ്ങി ദേഹമനങ്ങിയുള്ള കളികളിൽ ഏർപ്പെടുന്നതും മാനസികാരോഗ്യത്തിന് നല്ലതാണ്.
Content Highlights: Avoid direct sunlight between 11 AM and 3 PM to prevent heatstroke., Stay hydrated by sipping water, tender coconut water, or buttermilk regularly., Opt for breathable fabrics like cotton and linen over synthetic materials., Use SPF 50+ sunscreen 30 minutes before stepping out., Prioritize light, easily digestible meals and avoid heavy fried foods., Manage heat-induced cognitive fatigue by staying cool and active during cooler hours.
Published: 29 Apr 2026, 12:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented